അങ്കണവാടിയിൽ നിന്നും ഉച്ച ഭക്ഷണം കൊടുത്തു, വീട്ടിലെത്തി തുറന്നപ്പോൾ പായ്ക്കറ്റിനുള്ളിൽ ചത്ത പാമ്പ്
ഭക്ഷണത്തിൽ നിന്നും പാമ്പിനെ കിട്ടിയെന്ന് പരാതി ലഭിച്ചായി സംസ്ഥാന അങ്കണവാടി ജീവനക്കാരുടെ യൂണിയന്‍ വൈസ് പ്രസിഡന്‍റ് ആനന്ദി ഭോസാലെ പറഞ്ഞു.
സാംഗ്ലി: മഹാരാഷ്ട്രയിൽ അങ്കണവാടിയിൽ നിന്നും വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ അങ്കണവാടിയിലാണ് സംഭവം. പാലൂസ് ഗ്രാമത്തിൽ നിന്നുള്ള ഒരു കുട്ടിയുടെ രക്ഷിതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ അങ്കണവാടിയിലെ ഭക്ഷണത്തില്‍ നിന്നും തങ്ങളുടെ കുട്ടിക്ക് ചത്ത പാമ്പിനെ കിട്ടിയെന്നാണ് മാതാപിതാക്കൾ ആരോപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.
ഭക്ഷണത്തിൽ നിന്നും പാമ്പിനെ കിട്ടിയെന്ന് പരാതി ലഭിച്ചായി സംസ്ഥാന അംഗണവാടി ജീവനക്കാരുടെ യൂണിയന്‍ വൈസ് പ്രസിഡന്‍റ് ആനന്ദി ഭോസാലെ പറഞ്ഞു. സംസ്ഥാനത്തെ അങ്കണവാടികളില്‍ ആറു മാസം മുതല്‍ മൂന്നു വയസുവരെയുള്ള കുട്ടികള്‍ക്ക് ദാല്‍ ഖിച്ച്ടി പാക്കറ്റുകൾ വിതരണം ചെയ്യാറുണ്ട്. തിങ്കളാഴ്ചകളിലാണ് ഭക്ഷണം വിതരണം ചെയ്യാറ്. പാലൂസില്‍ നിന്നും വിതരണം ചെയ്ത ഭക്ഷണ പാക്കറ്റില്‍ നിന്നുമാണ് ചത്ത പാമ്പിനെ ലഭിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അങ്കണവാടി ജീവനക്കാരിയോട് ഇക്കാര്യം അറിയിക്കുകയും അവർ ഉടനെ തന്നെ മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് പിന്നാലെ സാംഗ്ലി ജില്ലാ പരിഷത്ത് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സന്ദീപ് യാദവും ഭക്ഷ്യസുരക്ഷാ സമിതിയിലെ മറ്റ് ഉദ്യോഗസ്ഥരും അങ്കണവാടി സന്ദർശിച്ചു. പാമ്പിനെ ലഭിച്ച പാക്കറ്റ് ലാബ് പരിശോധനകൾക്കായി കൊണ്ടുപോയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Read More : പകൽ ബുള്ളറ്റിലെത്തും, സ്കെച്ചിട്ട് രാത്രി ഷർട്ടിടാതെ മുഖംമൂടി ധരിച്ചെത്തി മോഷണം; ഷാജഹാനെ പൊക്കി പൊലീസ്