Asianet News MalayalamAsianet News Malayalam

പെട്രോൾ, ഡീസൽ വിലക്കുറവ് ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്ര ബജറ്റ്; സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ

50 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വർഷം മൂന്ന് പാചക വാതക സിലിണ്ടറുകൾ സൗജന്യമായി നൽകുന്ന മുഖ്യമന്ത്രി അന്നപൂർണ യോജനയാണ് മറ്റൊരു പ്രഖ്യാപനം.

Cutting value added tax of Petrol and Diesel Maharashtra government presents budget with many new schemes
Author
First Published Jun 28, 2024, 9:20 PM IST

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ധന വിലക്കുറവ് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാറിന്റെ ബജറ്റ്. ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി അജിത് പവാറാണ് വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിച്ചത്. മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതിയിലാണ് കുറവ് വരുത്തിയിരിക്കുന്നത്.  പെട്രോളിന് ലിറ്ററിന് 65 പൈസയുടെയും ഡീസലിന് 2.60 രൂപയുടെയും കുറവാണ് വരുന്നത്. സംസ്ഥാനത്തിന് 200 കോടിയുടെ അധിക ബാധ്യത ഇതിലൂടെ വരുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ മന്ത്രി അറിയിച്ചത്.

21നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ യോഗ്യരായവർക്ക് മാസം 1500 രൂപ വീതം നൽകുന്ന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. ജൂലൈ മാസം മുതൽ ഇത് ആരംഭിക്കും. 50 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വർഷം മൂന്ന് പാചക വാതക സിലിണ്ടറുകൾ സൗജന്യമായി നൽകുന്ന മുഖ്യമന്ത്രി അന്നപൂർണ യോജനയാണ് മറ്റൊരു പ്രഖ്യാപനം. തൊഴിൽ രഹിതരായ യുവാക്കൾക്കായി പ്രഖ്യാപിച്ച പദ്ധതിയിൽ 10,000 രൂപ പ്രതിമാസ സ്റ്റൈപെൻഡ് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്റേൺഷിപ്പ് പരിശീലനങ്ങളിൽ ഏർപ്പെടുന്ന 10 ലക്ഷം യുവാക്കൾക്ക് ഇത് ലഭ്യമാവും.

45 ലക്ഷത്തിലധികം കർഷകരുടെ ജലസേചന മോട്ടോർ പമ്പുകളുടെ വൈദ്യുതി ബിൽ ഒഴിവാക്കും. പരുത്തി, സോയാബീൻ കർഷകർക്ക് ഹെക്ടറിന് 5000 രൂപ വീതം ഖാരിഫ് സീസണിൽ സഹായം നൽകും. പരമാവധി രണ്ട് ഹെക്ടറിനാണ് ഇങ്ങനെ സഹായം ലഭിക്കുന്നത്. ഉള്ളി കർഷകർക്ക് 2023-24 കാലഘട്ടത്തിൽ  ക്വിന്റലിന് 350 രൂപ വീതം  സബ്സിസിഡി നൽകാൻ 851.66 കോടി രൂപ നീക്കിവെയ്ക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പഠിക്കുന്ന ഒ.ബി.സി പിന്നോക്ക വിഭാഗങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ ഫീസ് പൂർണമായും സർക്കാർ നൽകുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ആരോഗ്യ ഇൻഷുറൻസ് പദ്ധതതിയുടെ കവറേജ് ഒന്നര ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios