'ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം'; ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ നേതൃതർക്കം മറനീക്കി പുറത്തേക്ക്
കൂടുതൽ സമുദായങ്ങൾക്ക് പ്രാതിനിധ്യം കിട്ടുന്ന തരത്തിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണമെന്നും ബസവരാജു ശിവഗംഗ ആവശ്യപ്പെട്ടു.
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കർണാടക കോൺഗ്രസിൽ നേതൃതർക്കം മറനീക്കി പുറത്തേക്ക്. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ചന്നാഗിരി എംഎൽഎ ബസവരാജു ശിവഗംഗ രംഗത്തെത്തി. ഇതിന് മുമ്പ് കോൺഗ്രസിന് ഭരണം കിട്ടിയപ്പോൾ അഞ്ച് വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു. ഇപ്പോൾ ഒന്നരവർഷമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇനി ഭരണം മാറട്ടെയെന്നും ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാവട്ടെയെന്നുമാണ് ചന്നാഗിരി എംഎൽഎ ആവശ്യപ്പെടുന്നത്.
കൂടുതൽ സമുദായങ്ങൾക്ക് പ്രാതിനിധ്യം കിട്ടുന്ന തരത്തിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണമെന്നും ബസവരാജു ശിവഗംഗ ആവശ്യപ്പെട്ടു. പിന്നാക്ക, ദളിത് വിഭാഗങ്ങളിലെ മന്ത്രിമാർ ഉപമുഖ്യമന്ത്രിപദവി വേണമെന്നും ആവശ്യമുയര്‍ന്നു. ഏഴ് മന്ത്രിമാരാണ് ഈ ആവശ്യവുമായി ഹൈക്കമാൻഡിനെ സമീപിച്ചിരിക്കുന്നത്. വൊക്കലിഗ വിഭാഗത്തിൽപ്പെട്ട ഡി കെ ശിവകുമാറിന് മാത്രമല്ല, ലിംഗായത്ത് വിഭാഗത്തിൽ നിന്നും ഉപമുഖ്യമന്ത്രി വേണമെന്നും ആവശ്യമുണ്ട്. ഏറ്റവുമൊടുവിൽ ചേർന്ന കെപിസിസി യോഗത്തിൽ ഈ വിഷയം ചർച്ചയായിട്ടുണ്ട്. അന്തിമതീരുമാനം ഹൈക്കമാൻഡിന് വിടാനായിരുന്നു യോഗതീരുമാനം. ഇതിനിടെയാണ് ഒരു കോൺഗ്രസ് എംഎൽഎ ഡി കെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യമുന്നയിക്കുന്നത്.