ചെന്നൈയിൽ മലയാളി യുവതിയെ അര്‍ധരാത്രി നടുറോ‍ഡിൽ ഇറക്കി വിട്ട് ബസ് ജീവനക്കാർ; പേടിച്ചുപോയെന്ന് യുവതി; പരാതി

 മലയാളി യുവതിയെ തമിഴ്നാട് സർക്കാർ ബസിൽ നിന്നും ജീവനക്കാർ അർധരാത്രി നടുറോഡിൽ ഇറക്കിവിട്ടതായി പരാതി. 

Chennai Malayali woman was dropped off middle of night by the bus staff

ചെന്നൈ: മലയാളി യുവതിയെ തമിഴ്നാട് സർക്കാർ ബസിൽ നിന്നും ജീവനക്കാർ അർധരാത്രി നടുറോഡിൽ ഇറക്കിവിട്ടതായി പരാതി. അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. തിങ്കളാഴ്ച രാത്രി ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് വരുമ്പോഴാണ് സംഭവം.ദേശീയപാതയിൽ രാത്രി ഇറക്കിവിടുന്നത് സുരക്ഷിതം അല്ലെന്ന് സ്വാതിഷ കെഞ്ചിപ്പറഞ്ഞിട്ടും ജീവനക്കാർ വഴങ്ങിയില്ല.

പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇഷ്ടമുള്ളത് ചെയ്തോളൂ എന്നായിരുന്നു ബസ് ജീവനക്കാരുടെ മറുപടി. ജോലി ചെയ്യുന്ന കോളേജിന് സമീപം ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ മോശമായി സംസാരിക്കുകയും ചെയ്തു എന്ന് സ്വാതിഷ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ശ്രീപെരുമ്പത്തൂരിലെ സ്വകാര്യ കോളേജിൽ അധ്യാപികയാണ് സ്വാതിഷ. എസ്ഇറ്റിസി അധികൃതർക്ക് പരാതി നൽകിയതായി സ്വാതിഷ അറിയിച്ചു.

ഭയപ്പെടുത്തിയ അനുഭവമെന്ന് യുവതി പ്രതികരിച്ചു. പതിവായി ബസുകളും ലോറികളും നിർത്തിയിട്ട് ജീവനക്കാർ മദ്യപിക്കാറുള്ള 
സ്ഥലത്താണ് ഇറക്കിവിട്ടത്. അലറി വിളിച്ചാൽ പോലും രക്ഷപ്പെടുത്താൻ ആരും വരാത്ത സ്ഥലമായിരുന്നു. ഏറെ ഭയത്തോടെയാണ് ഹോസ്റ്റലിലേക്ക് നടന്നതെന്നും അധ്യാപികയായ സ്വാതിഷ പറഞ്ഞു. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ തന്നെ അധിക്ഷേപിക്കുകയാണ് ബസ് ജീവനക്കാർ ചെയ്തത്. വീഡിയോ റെക്കോർഡ് ചെയ്‌തെന്ന് പറഞ്ഞപ്പോൾ നിങ്ങളെ കൊണ്ടാവുന്നത് ചെയ്തോളൂ എന്നായിരുന്നു മറുപടി. തന്റെ പല വിദ്യാർഥികളും സമാനമായ ദുരനുഭവം നേരിട്ടിട്ടുണ്ടെന്നും രാത്രിയിൽ എന്തിന് യാത്ര ചെയുന്നു എന്നാണ് പലപ്പോഴും കണ്ടക്ടർമാർ ചോദിക്കുന്നതെന്നും യുവതി പറഞ്ഞു. എസ്ഇറ്റിസി അവഗണിച്ചാൽ മുഖ്യമന്ത്രി സ്റ്റാലിന് പരാതി നൽകുമെന്നും സ്വാതിഷ അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios