ഡിജിറ്റൽ അറസ്റ്റിനെതിരെ കർശന നടപടിയുമായി കേന്ദ്രം; ഇതുവരെയായി ബ്ലോക്ക് ചെയ്തത് 59,000 വാട്സാപ്പ് അക്കൗണ്ടുകൾ

ഡിജിറ്റൽ അറസ്റ്റ് എന്ന വ്യാജേനയുള്ള തട്ടിപ്പുകളടക്കം എല്ലാത്തരത്തിലുള്ള ഡിജിറ്റൽ തട്ടിപ്പുകള്‍ക്കെതിരെയും കര്‍ശന നടപടിയുമായി കേന്ദ്രം. ഇതുവരെയായി 59000 വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തെന്ന് കേന്ദ്രം.

Center takes strict action against all kind of digital fraud including digital arrest; 59,000 WhatsApp accounts have been blocked so far, action against 1700 skype accounts

ദില്ലി:ഡിജിറ്റൽ അറസ്റ്റ് എന്ന വ്യാജേനയുള്ള തട്ടിപ്പുകളടക്കം എല്ലാത്തരത്തിലുള്ള ഡിജിറ്റൽ തട്ടിപ്പുകള്‍ക്കെതിരെയും കര്‍ശന നടപടിയുമായി കേന്ദ്രം. ഡിജിറ്റൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെയായി 59000 വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തെന്ന് കേന്ദ്രം അറിയിച്ചു. 1700 സ്കൈപ്പ് അക്കൗണ്ടുകള്‍ക്കെതിരെയും ഇതുവരെ നടപടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം നവംബര്‍ 15വരെ തട്ടിപ്പിൽ ഏര്‍പ്പെട്ട 6.69 ലക്ഷം മൊബൈല്‍ സിം കാര്‍ഡുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റല്‍ അറസ്റ്റിനെതിരെ ഉള്‍പ്പെടെ കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 

ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്നും ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ലെന്നുമാണ് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. ഇത്തരം തട്ടിപ്പ് കോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുത്. ഒരു അന്വേഷണ ഏജന്‍സിക്കും ഇന്ത്യയിൽ ഡിജിറ്റല്‍ രീതിയില്‍ അറസ്റ്റ് ചെയ്യാനാവില്ല. ഒരു വ്യക്തിഗത വിവരവും കൈമാറരുത്. ഉടൻ തന്നെ നാഷണൽ സൈബർ ഹെൽപ് ലൈനിൽ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്‍റെ 115ാം എപ്പിസോഡിലാണ് ഇക്കാര്യം മോദി വിശദീകരിച്ചത്.

പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ ഒരാള്‍ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് മന്‍ കി ബാത്തില്‍ ഡിജിറ്റല്‍ അറസ്റ്റിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ദൃശ്യത്തില്‍ കാണുന്നയാള്‍ തട്ടിപ്പിനിരയാക്കുന്ന ആളുടെ സ്വകാര്യ വിവരങ്ങള്‍ തേടുന്നു. പരിഭ്രാന്തനായ വ്യക്തി എല്ലാം തുറന്ന് പറയുന്നു. അയാളുടെ പേരില്‍ പരാതിയുണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടുന്നു. കോടതി അടക്കം സംവിധാനങ്ങളിലേക്ക് കേസ് കൈമാറുന്നതായി കാണിക്കുന്നു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നിരവധി പേര്‍ ഇത്തരം തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് മൻ കീ ബാത്തില്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.

ഇത്തരം കോളുകള്‍ വന്നാല്‍ പരിഭ്രാന്തരാകരുത്. അത്തരം ഘട്ടങ്ങളിൽ പേടിക്കാതെ ചിന്തിച്ച് പ്രവർത്തിക്കണം. കഴിയുമെങ്കില്‍ വീഡിയോ കോളിന്‍റെ സ്ക്രീന്‍ ഷോട്ട് എടുക്കണം അല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യണം. പിന്നീട് ദേശീയ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 1930ല്‍ വിവരമറിയിക്കണം. തുടര്‍ന്ന് cybercrime.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് തെളിവുകളടക്കം പരാതി അയക്കണം. പൊലീസിലും വിവരങ്ങള്‍ കൈമാറണം. 

പരാതികള്‍ വ്യാപകമായതോടെ നാഷണല്‍ സൈബര്‍ കോര്‍ഡിനേഷന്‍ സെന്‍റര്‍ തയ്യാറാക്കി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. വീഡിയോ കോള്‍ വന്ന നിരവധി ഐഡികള്‍ ഇതിനോടകം ബ്ലോക്ക് ചെയ്തു കഴിഞ്ഞു. സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ബ്ലോക്ക് ചെയ്തെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം എത്ര അറസ്റ്റ് നടന്നുവെന്നതടക്കം മറ്റ് വിവരങ്ങള്‍ പരസ്യമാക്കിയില്ല.

അക്കൗണ്ട് വിവരം കൈമാറിയാൽ 25000, ഓരോ തവണ പണമെടുക്കുമ്പോഴും 10000; മലയാളികൾ ഉൾപ്പെടുന്ന റാക്കറ്റ് നിരീക്ഷണത്തിൽ

 

Latest Videos
Follow Us:
Download App:
  • android
  • ios