ഏകപക്ഷീയ വോട്ടെന്ന് ആരോപണം, മഹാരാഷ്ട്രയിൽ ഇവിഎം പരിശോധനയ്ക്ക് ബിജെപി സ്ഥാനാർത്ഥി കെട്ടിവച്ചത് 19 ലക്ഷം രൂപ

40 ഇവിഎമ്മുകളിൽ കൃത്രിമം നടന്നോ എന്ന് പരിശോധിക്കണമെന്ന ആവശ്യം പാട്ടീൽ നേരത്തെ ഉന്നയിച്ചിരുന്നു. ഈ പോളിങ് സ്‌റ്റേഷനുകളിൽ എൻസിപി ശരദ് പക്ഷ സ്ഥാനാർഥിക്ക് അനുകൂലമായി ഏകപക്ഷീയ വോട്ടിങ് നടന്നെന്ന് വിഖേ പാട്ടീലിൻ്റെ ആക്ഷേപം

BJPs Sujay Vikhe Patil deposited 18.9 lakh for verification of 40 EVMs at specific polling stations after losing to NCP SP candidate

അഹമ്മദ്നഗർ: മഹാരാഷ്ട്രയിൽ എൻസിപി (എസ്പി) വിഭാഗം സ്ഥാനാർത്ഥി നിലേഷ് ലങ്കയോട് പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി സുജയ് വിഖേ പാട്ടിൽ ഇവിഎം പരിശോധിക്കാൻ അടച്ചത് 18.9 ലക്ഷം രൂപ.  40 ഇവിഎമ്മുകളുടെ പരിശോധന നടത്തുന്നതിനായാണ് ഇത്.  വോട്ടിങ് മെഷിൻ്റെ മൈക്രോ കൺട്രോളർ പരിശോധിക്കാനാണ് സുജയ് വിഖേ പാട്ടിൽ വൻതുക കെട്ടിവച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലാണ്  സുജയ് വിഖേ പാട്ടീൽ പരാജയപ്പെട്ടത്. 

പോളിങ് സ്റ്റേഷനുകളിലെ 40 ഇവിഎമ്മുകളിൽ കൃത്രിമം നടന്നോ എന്ന് പരിശോധിക്കണമെന്ന ആവശ്യം പാട്ടീൽ നേരത്തെ ഉന്നയിച്ചിരുന്നു. ഈ പോളിങ് സ്‌റ്റേഷനുകളിൽ എൻസിപി ശരദ് പക്ഷ സ്ഥാനാർഥിക്ക് അനുകൂലമായി ഏകപക്ഷീയ വോട്ടിങ് നടന്നെന്ന് വിഖേ പാട്ടീലിൻ്റെ ആക്ഷേപം. അഹമ്മദ്നഗറിലെ പാർണർ, ശ്രീഗൊണ്ട അസംബ്ലി മണ്ഡലങ്ങളിലെ 10 ഇവിഎമ്മുകളും ശിവ്ഗാവ്, രാഹുരി, അഹമ്മദ്നഗർ സിറ്റി, കർജാത് ജാംഖെദ് എന്നിവിടങ്ങളിലെ അഞ്ച് വീതം ഇവിഎമ്മുകൾ പരിശോധിക്കണമെന്നാണ് സുജയ് വിഖേ പാട്ടീലിന്റെ ആവശ്യം. 

ആകസ്മികമായല്ല ഈ പോളിംഗ് സ്റ്റേഷനുകൾ തെരഞ്ഞെടുത്തിരിക്കുന്നതെന്നും കൃത്യമായ വിശകലനത്തിനും പ്രവർത്തകരിൽ നിന്നുള്ള പ്രതികരണത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നുമാണ് സുജയ് വിഖേ പാട്ടീൽ വിശദമാക്കുന്നത്. ഏപ്രിൽ 26ന് സുപ്രീം കോടതി ഇവിഎം സംബന്ധിച്ച് ഇറക്കിയ ഉത്തരവ് അനുസരിച്ച് രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തുന്ന സ്ഥാനാർത്ഥികൾക്ക് ഇവിഎം മൈക്രോ കൺട്രോളർ ചിപ്പുകൾ പരിശോധിക്കാനാവും. ഇവിഎമ്മുകളുമായി ബന്ധപ്പെടുത്തിയിട്ടുള്ള 5 ശതമാനം മൈക്രോ കൺട്രോളർ ചിപ്പുകളാണ് ഇത്തരത്തിൽ പരിശോധിക്കാനാവുക. 28929 വോട്ടുകൾക്കാണ് സുജയ് വിഖേ പാട്ടീൽ അഹമ്മദ്നഗറിൽ പരാജയപ്പെട്ടത്. 

ഓരോ ഇവിഎം പരിശോധിക്കാൻ 40000രൂപയും 18 ശതമാനം ജിഎസ്ടിയമാണ് ഈടാക്കുന്നത്. ഇവിഎമ്മിൽ തിരിമറി നടക്കുമെന്നാണ് ബിജെപി സ്ഥാനാർത്ഥി വിശദമാക്കുന്നതെന്നും പരാജയം അംഗീകരിക്കണമെന്നുമാണ് അഹമ്മദ്നഗർ എംപി നിലേഷ ലങ്ക പ്രതികരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios