'സംഘടനാ പ്രശ്നത്തിൽ ഇടപെടണം'; ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രിയെ കണ്ടു
ദേശീയ അധ്യക്ഷന്റെ ഇടപെടലിന് ശേഷവും പ്രശ്ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രിയെ കണ്ടത്. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി, ശോഭ ഉന്നയിച്ച പ്രശ്നങ്ങൾ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും.
ദില്ലി: കേരളത്തിലെ സംഘടനാ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ ഇടപെടലിന് ശേഷവും പ്രശ്ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രിയെ കണ്ടത്. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി, ശോഭ ഉന്നയിച്ച പ്രശ്നങ്ങൾ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും.
നീണ്ട പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് ശോഭാ സുരേന്ദ്രൻ പാർട്ടി വേദിയിലെത്തിയത്. ജെപി നദ്ദ പങ്കെടുക്കുന്ന ബിജെപി ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാനാണ് ശോഭാ സുരേന്ദ്രൻ എത്തിയത്. സംഘടനാ പ്രശ്നത്തിൽ ദേശീയ അധ്യക്ഷൻ പറഞ്ഞതിൽ കൂടുതലായി ഒന്നും പറയാനില്ലെന്നാണ് ശോഭ സുരേന്ദ്രൻ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. താൻ യോഗത്തിൽ പങ്കെടുക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തിരുന്നു. മാധ്യമങ്ങൾ പല ചോദ്യങ്ങളും ചോദിച്ചെങ്കിലും അതിൽ നിന്നൊഴിഞ്ഞു മാറിയ ശോഭ പാർട്ടി ഭാരവാഹികളുടെ യോഗത്തിലേക്ക് കടക്കുകയാണ് ചെയ്തത്.