ഒരു ക്രെഡിറ്റ് കാർഡ് എന്നുവരെ ഉപയോഗിക്കാം; കാലഹരണപ്പെട്ടത് അറിഞ്ഞില്ലെങ്കിൽ എന്ത് സംഭവിക്കും?
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം അത് എന്ന് വരെ ഉപയോഗിക്കാം എന്നുള്ളതാണ്. ഒരിക്കൽ ഇഷ്യൂ ചെയ്ത ക്രെഡിറ്റ് കാർഡ് എന്നെന്നേക്കുമായി ഉപയോഗിക്കാൻ കഴിയില്ലെന്ന് അറിയേണ്ടത് പ്രധാനമാണ്.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം കൂടികൊണ്ടിരിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളിലെല്ലാം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം നല്കാൻ കഴിയുന്നത് സഹായകമാകും അതേസമയം ക്രെഡിറ്റ് കാർഡ് കമ്പനികൾ നൽകുന്ന റിവാർഡ് പോയിന്റുകളും കോംപ്ലിമെന്ററി ആനുകൂല്യങ്ങളും അധിക ബോണസ് ആണെന്നുതന്നെ പറയാം. ഇനി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം അത് എന്ന് വരെ ഉപയോഗിക്കാം എന്നുള്ളതാണ്. ഒരിക്കൽ ഇഷ്യൂ ചെയ്ത ക്രെഡിറ്റ് കാർഡ് എന്നെന്നേക്കുമായി ഉപയോഗിക്കാൻ കഴിയില്ലെന്ന് അറിയേണ്ടത് പ്രധാനമാണ്. എല്ലാ ക്രെഡിറ്റ് കാർഡിനും ഒരു കാലഹരണ തീയതി ഉണ്ട്.
ക്രെഡിറ്റ് കാർഡ് കലാവധി
ക്രെഡിറ്റ് കാർഡ് എന്ന് വരെ ഉപയോഗിക്കാം എന്നുള്ളത് ക്രെഡിറ്റ് കാർഡിന്റെ മുകളിൽ തന്നെ എഴുതിയിട്ടുണ്ടാകും. ഈ തിയതി അല്ലെങ്കിൽ മാസം കഴിഞ്ഞാൽ പിന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താൻ കഴിയില്ല.
ക്രെഡിറ്റ് കാർഡുകൾക്ക് എന്തിനാണ് കാലഹരണ തിയതി?
കാർഡ് ഉടമകൾക്ക് സുരക്ഷയും പരിരക്ഷയും നൽകുന്നതിനായാണ് ക്രെഡിറ്റ് കാർഡ് വിതരണക്കാർ ഒരു കലഹരണ തിയതി വെക്കുന്നത്. കാരണം കാലക്രമേണ സാങ്കേതിക വിദ്യ നവീകരിക്കപ്പെടുന്നുണ്ട്. ഇതിനനുസരിച്ച് ക്രെഡിറ്റ് കാർഡുകളിലും മാറ്റം വരേണ്ടത് അനിവാര്യമാണ് എന്നുള്ളത്കൊണ്ടാണ് ഒരു കലഹരണ തിയതി നൽകിയിരിക്കുന്നത്. കൂടാതെ ദീഘകാലത്തെ ഉപയോഗത്തിലൂടെ ക്രെഡിറ്റ് കാർഡിൻ്റെ മാഗ്നറ്റിക് ചിപ്പ് തേയും. ഇത് ഇടപാടുകൾ നടത്താൻ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കും. അതിനാൽ, കൃത്യമായ ഇടവേളകളിൽ ക്രെഡിറ്റ് കാർഡ് പുതുക്കണം.
ക്രെഡിറ്റ് കാർഡിന്റെ കാലാവധി എങ്ങനെ അറിയാം
ക്രെഡിറ്റ് കാർഡിന് മുകളിൽ 16 അക്ക ക്രെഡിറ്റ് കാർഡ് നമ്പർ, കാർഡ് ഉടമയുടെ പേര്, ഇഷ്യൂ ചെയ്യുന്ന തീയതി തുടങ്ങിയ വിശദാംശങ്ങൾക്കൊപ്പം കലഹരണ തിയതിയും ഉണ്ടാകും. ഇനി ക്രെഡിറ്റ് കാർഡിൽ കാലഹരണപ്പെടൽ തീയതി കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, അത് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻ്റിൽ എഴുതിയിട്ടുണ്ടാകും .
ഒരു പ്രധാന കാര്യം ശ്രദ്ധിക്കുക, ക്രെഡിറ്റ് കാർഡ് കാലഹരണപ്പെട്ടതിന് ശേഷവും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് സജീവമായിരിക്കും. ക്രെഡിറ്റ് കാർഡ് നൽകുന്ന ബാങ്കുകൾ അല്ലെങ്കിൽ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡുകളുടെ കാലഹരണ തീയതി ട്രാക്ക് ചെയ്യുകയും അതിനനുസരിച്ച് പുതുക്കിയ കാർഡ് അയയ്ക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ലഭിച്ചില്ലെങ്കിൽ നിങ്ങൾ ഉടനെ അവരുമായി ബദ്ധപ്പെടേണ്ടതാണ്