'അന്വേഷിക്കാൻ സമയമില്ല', പ്രധാന സാക്ഷി മരണപ്പെട്ട യുവാവ്, വാഹനാപകടത്തിൽ വിചിത്ര നടപടിയുമായി ഗുജറാത്ത് പൊലീസ്
ഗുജറാത്തിലെ സാനന്ദ് ദേശീയപാതയിലുണ്ടായ വാഹനാപകട കേസിലെ പ്രധാനസാക്ഷി അപകടത്തിൽ മരിച്ച യുവാവ്
അഹമ്മദാബാദ്: റോഡ് ആക്സിഡന്റ് കേസിൽ സാക്ഷികളുടെ പട്ടികയിൽ മരണപ്പെട്ടയാളെയും ഉൾപ്പെടുത്തി പൊലീസിന്റെ വിചിത്ര നടപടി. ഡിസംബർ 8ന് ഗുജറാത്തിലെ സാനന്ദിൽ 26കാരനെയാണ് പൊലീസ് എഫ്ഐആറിൽ സാക്ഷിയായി ഉൾപ്പെടുത്തിയിരിക്കുന്നത്. പൂനം സെൻവ എന്ന 26കാരൻ ഇയൾ സഞ്ചരിച്ച ബൈക്കിൽ ട്രെക്ക് ഇടിച്ചാണ് മരിച്ചത്.
സാനന്ദിലെ ഖൊരാജിൽ വച്ചാണ് അപകടമുണ്ടായത്. വിരാംഗാം സാനന്ദ് ദേശീയ പാതയിൽ ഡിസംബർ എട്ടിന് രാത്രിയാണ് യുവാവിന്റെ ഇരുചക്ര വാഹനം ട്രെക്ക് ഇടിച്ച് തെറിപ്പിച്ചത്. 26കാരന്റെ സഹോദരൻ ബാൽദേവിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അലക്ഷ്യമായും അമിത വേഗത്തിലും വാഹനം ഓടിച്ച ട്രെക്ക് ഡ്രൈവറിനെതിരെയായിരുന്നു ബാൽദേവിന്റെ പരാതി. അപകടത്തിന് പിന്നാലെ സാനന്ദിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 26കാരന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല.
ട്രെക്ക് ഡ്രൈവർക്കെതിരായാണ് സാനന്ദ് പൊലീസ് കേസ് ഫയൽ ചെയ്തത്. അലക്ഷ്യമായി വാഹനം ഓടിച്ചുള്ള മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസ് എടുത്തത്. മോട്ടോർ വെഹിക്കിൾ നിയമങ്ങളും അനുസരിച്ചാണ് കേസ് എടുത്തത്. എന്നാൽ കേസിലെ പ്രധാന സാക്ഷിയായി പൊലീസ് ഉൾപ്പെടുത്തിയത് അപകടത്തിൽ മരിച്ച യുവാവിന്റെ പേര് തന്നെയാണെന്നതാണ് വിചിത്രമായ കാര്യം.
ഇത് ആദ്യമായല്ല ഇത്തരം സംഭവമെന്നാണ് പൊലീസ് വിശദമാക്കുന്നത്. റോഡരികിലെ കിടങ്ങിലും മറ്റും വീണ് മരിക്കുന്ന കേസുകളിൽ കൂടുതൽ അന്വേഷണത്തിന് തയ്യാറാകാതെ ഇത്തരത്തിൽ മരിച്ചയാളെ സാക്ഷിയാക്കുന്നത് പതിവാണെന്നാണ് വ്യാപകമാവുന്ന പരാതി. 2023 സെപ്തംബറിലും 2022 ഒക്ടോബറിലും സമാനമായ സംഗതി ഗുജറാത്തിലെ ഖേദയിലും നദിയാദിലും സംഭവിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം