നൂറ് കോടി വാക്സീൻ രാഷ്ട്രീയ നേട്ടമാക്കി ബിജെപി: രണ്ടാം തരംഗത്തിലെ കെടുകാര്യസ്ഥത ഓർമ്മിപ്പിച്ച് കോൺഗ്രസ്
വാക്സീന്‍ വികസനത്തിലും പിന്നീട് വാക്സിനേഷന്‍റെ ഓരോ ഘട്ടത്തിലും പ്രധാനമന്ത്രിയുടെ നേട്ടമായി അതിനെ വാഴ്ത്തിയാണ് ബിജെപി രംഗത്തെത്തിയത്.
ദില്ലി: വാക്സിനേഷനിലെ 100 കോടി (100 crore of vaccine) ക്ലബ് നേട്ടം രാഷ്ട്രീയ വിജയമായി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി (BJP) നീക്കം തുടങ്ങി. എന്നാൽ കൊവിഡ് രണ്ടാം തരംഗത്തിലെ (Second covid wave) കെടുകാര്യസ്ഥതക്ക് മറുപടി നല്‍കിയ ശേഷം നേട്ടത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്താല്‍ മതിയെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
വാക്സീന്‍ വികസനത്തിലും പിന്നീട് വാക്സിനേഷന്‍റെ ഓരോ ഘട്ടത്തിലും പ്രധാനമന്ത്രിയുടെ നേട്ടമായി അതിനെ വാഴ്ത്തിയാണ് ബിജെപി രംഗത്തെത്തിയത്. വാക്സിനേഷന്‍ നൂറ് കോടി പിന്നിട്ടപ്പോള്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ അതാത് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാക്കള്‍ സാന്നിധ്യമറിയിച്ചു. കൊവിഡ് രണ്ടാംതരംഗം ഉയര്‍ത്തിയെ വലിയ വെല്ലുവിളിക്കിടയിലും സൗജന്യ വാക്സീന്‍ പ്രഖ്യാപനം നടത്തിയാണ് ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ ബിജെപി ഒപ്പം നിര്‍ത്തിയത്. ഉത്തര്‍ പ്രദേശിലടക്കം വാക്സിനേഷന്‍ നിരക്ക് ഉയര്‍ത്തി മുന്‍പോട്ട് പോകുന്നതിലും രാഷ്ട്രീയ ലക്ഷ്യം വ്യക്തം.
വിദേശത്തേക്ക് വാക്സീന്‍ കയറ്റുമതി ചെയ്തും, ആവശ്യത്തിന് ഉത്പാദനം നടത്താതെയും രണ്ടാംതരംഗത്തിന്‍റെ തുടക്കത്തില്‍ സര്‍ക്കാര്‍ വലിയ പഴി കേട്ടിരുന്നു. സു്പ്രീംകോടതി ഇടപെടലിന് ശേഷമാണ് സംസ്ഥാനങ്ങളുടെ തലയില്‍ വച്ചൊഴിഞ്ഞ വാക്സിനേഷന്‍ കേന്ദ്രം ഏറ്റെടുത്തതും. ഈ തിരിച്ചടികള്‍ മറികടക്കാന്‍ 100 കോടി ക്ലബ് നേട്ടം ആയുധമാക്കുമ്പോഴാണ് രണ്ടാംതരംഗത്തിലെ വീഴ്ചകള്‍ ഓര്‍മ്മിപ്പിച്ച് ശശി തരൂര്‍ എംപിയടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നേട്ടമെന്ന് ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പായുധമാക്കുന്നതിന് തടയിടാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.