മണിക്കൂറുകളുടെ വ്യത്യാസത്തിൽ 2 തവണ സമയം മാറ്റി എയർ ഇന്ത്യ; ഇങ്ങനെയൊക്കെ പറഞ്ഞാൽ എങ്ങനെ കയറുമെന്ന് യുവാവ്
രാവിലെ അയച്ച സമയമനുസരിച്ച് വിമാനം പുറപ്പെടേണ്ടിയിരുന്നത് 11.45നാണ്. അതനുസരിച്ച് തയ്യാറെടുപ്പ് നടത്തി. പിന്നീടാണ് പറയുന്നത് സമയം 9.25 ആണെന്ന്.
ബംഗളുരു: ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര പുറപ്പെടേണ്ട ദിവസം രാവിലെ രണ്ട് തവണ വിമാന സമയം മാറ്റി എയർ ഇന്ത്യയുടെ പരീക്ഷണം. വിമാനം വൈകുമെന്ന് ആദ്യം അറിയിച്ച ശേഷം പിന്നീട് വന്ന മെസേജിലുള്ളതാവട്ടെ വിമാനം ഒന്നര മണിക്കൂറോളം നേരത്തെ പുറപ്പെടുമെന്നും. ഒടുവിൽ വിമാനത്തിൽ കയറാനാവാതെ വന്ന യാത്രക്കാരനാണ് വിവരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ എയർ ഇന്ത്യയുടെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്.
മുംബൈയിൽ നിന്ന് ബംഗളുരുവിലേക്ക് വ്യാഴാഴ്ച യാത്ര ചെയ്യാനാണ് ടിക്കറ്റെടുത്തിരുന്നത്. യഥാർത്ഥ സമയക്രമം അനുസരിച്ച് രാവിലെ 9 മണിക്കാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ പുലർച്ചെ 5.15 ആയപ്പോൾ ഒരു മെസേജ് ലഭിച്ചു. വിമാനം പുറപ്പെടുന്ന സമയം 11.45 ആക്കി മാറ്റിയിട്ടുണ്ടെന്ന്. ഇതനുസരിച്ച് യാത്രാ പദ്ധതികളൊക്കെ മാറ്റി. 11.45ന് പുറപ്പെടുന്ന തരത്തിൽ വിമാനത്താവളത്തിലെത്താൻ തയ്യാറെടുപ്പ് നടത്തി.
എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞത് പിന്നീടാണ്. 7.30ഓടെ എയർ ഇന്ത്യയിൽ നിന്ന് രണ്ടാമത്തെ മെസേജ് എത്തി. അതനുസരിച്ച് വിമാനം പുറപ്പെടുന്ന സമയം 09.25 ആയി മാറ്റിയിട്ടുണ്ടത്രെ. എങ്ങനെ പോയാലും തനിക്ക് വിമാനം കിട്ടില്ലെന്നും ആദ്യം വന്ന മെസേജ് അനുസരിച്ച് പ്ലാൻ മുഴുവൻ മാറ്റിയ തനിക്ക് വിമാനത്താവളത്തിൽ എത്താൻ സാധിക്കില്ലെന്നുമാണ് പോസ്റ്റ്. വിമാനം കിട്ടിയില്ലെന്നും യാത്ര മുടങ്ങിയെന്നും ഇയാൾ പിന്നീട് കമന്റുകളിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. എന്താണ് നിങ്ങൾ ഈ ചെയ്യുന്നതെന്നാണ് യുവാവിന്റെ ചോദ്യം. നിസാരമായ ഒരു ആഭ്യന്തര സർവീസ് പോലും നേരെ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.
നിരവധിപ്പേരാണ് പോസ്റ്റിന് ചുവടെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. നേരിട്ട് എയർ ഇന്ത്യ കൗണ്ടറിലെത്തി ഈ കാര്യങ്ങളെല്ലാം പറഞ്ഞാൽ ഏറ്റവും അടുത്ത് ലഭ്യമായ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചേക്കുമെന്ന് ചിലർ പറയുമ്പോൾ, മര്യാദയൊക്കെ പുസ്തകത്തിൽ എഴുതി വെയ്ക്കാൻ മാത്രമുള്ളതാണെന്നും മറ്റ് ചിലർ പരിതപിക്കുന്നു. സംഭവത്തിൽ പ്രതികരിച്ച എയർ ഇന്ത്യയാവട്ടെ വിമാനത്തിന്റെ സമയം മാറിയപ്പോൾ തന്നെ യാത്ര പുനഃക്രമീകരിക്കാനോ അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി മുഴുവൻ പണവും തിരികെ വാങ്ങാനുള്ള ഓപ്ഷൻ തന്നിരുന്നു എന്ന നിലപാടാണ് എടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം