ചികിത്സയ്ക്കിടെ വയറ്റിനുള്ളില്‍ ജീവനുള്ള പുഴുക്കള്‍ നുരയ്ക്കുന്നത്; അപൂര്‍വമായ കാഴ്ചയുടെ വീഡിയോ
ഫ്രഷ് വാട്ടറില്‍ നിന്ന് പിടിക്കുന്ന മീനും, ചെമ്മീനും അടക്കമുള്ള വിഭവങ്ങള്‍ നേരാംവണ്ണം പാകം ചെയ്യാതെ കഴിക്കുന്നത് മൂലമാണത്രേ ഇത് മനുഷ്യശരീരത്തിലെത്തുന്നത്. കാഴ്ചയില്‍ പലരിലും അസ്വസ്ഥതോ പേടിയോ അനുഭവപ്പെടുത്താം ഇവ
മനുഷ്യശരീരമെന്നത് എപ്പോഴും നമ്മുടെ അറിവുകള്‍ക്കും ജ്ഞാനത്തിനുമെല്ലാം അപ്പുറത്തുള്ള അത്ഭുതമാണ്. നാം നമ്മുടെ ശരീരമെന്ന് ചിന്തിക്കുമ്പോഴും ബാക്ടീരിയകള്‍ അടക്കം എത്രയെത്ര ജീവനുകളാണ് നമ്മളില്‍ ജീവിച്ചുപോകുന്നത്. ഇക്കൂട്ടത്തില്‍ നമുക്കാവശ്യമുള്ളതും, എന്നാല്‍ നമുക്കാവശ്യമില്ലാതെ നമ്മെ ശല്യപ്പെടുത്തുകയോ അപകടപ്പെടുത്തുകയോ ചെയ്യുന്നവയും ഉണ്ടാകാം.
പരാദങ്ങള്‍ അഥവാ പാരസൈറ്റുകള്‍ അങ്ങനെയൊരു വിഭാഗം ആണ്. ഉദാഹരണത്തിന് നമുക്ക് പേനിനെ എടുക്കാം. നമ്മളില്‍ നിന്ന് പോഷകങ്ങള്‍ വലിച്ചെടുത്ത് നമ്മളെ തന്നെ വാസസ്ഥലമാക്കി ജീവിക്കുകയാണിവര്‍. എന്നാല്‍ പേൻ പോലെ അല്ല മറ്റ് പല പരാദങ്ങളും. അവ ക്രമേണ നമ്മുടെ ജീവന് തന്നെ ഭീഷണിയായി മാറാം.
ഇത്തരത്തില്‍ ഒരു മനുഷ്യന്‍റെ ശരീരത്തിനകത്ത് ജീവനോടെ പുളയുന്ന പരാദങ്ങളായ പുഴുക്കളുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് 'ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിൻ'. അപൂര്‍വമായൊരു കാഴ്ച തന്നെയാണിത്. രോഗിക്ക് കൊളാഞ്ജിയോസ്കോപ്പി ചെയ്യുന്നതിനിടെയാണ് ഡോക്ടര്‍മാര്‍ പരാദങ്ങളായ പുഴുക്കളെ കണ്ടത്. കൊളാഞ്ജിയോസ്കോപ്പി എന്നാല്‍ പിത്തനാളിക്കുള്ളിലെ വിശദാംശങ്ങള്‍ ക്യാമറയുടെ സഹായത്തോടെ മനസിലാക്കാൻ സഹായിക്കുന്ന മെഡിക്കല്‍ പ്രൊസീജ്യറാണ്.
ഈ ക്യാമറയിലാണ് ജീവനോടെ വയറ്റിനുള്ളില്‍ സ്വസ്ഥ ജീവിതം നയിക്കുന്ന പുഴുക്കങ്ങള്‍ കുടുങ്ങിയിരിക്കുന്നത്. 'ക്ലൊണോര്‍ക്കിസ് സൈനസിസ്' എന്ന പരാദങ്ങളാണത്രേ ഇവ. ഫ്രഷ് വാട്ടറില്‍ നിന്ന് പിടിക്കുന്ന മീനും, ചെമ്മീനും അടക്കമുള്ള വിഭവങ്ങള്‍ നേരാംവണ്ണം പാകം ചെയ്യാതെ കഴിക്കുന്നത് മൂലമാണത്രേ ഇത് മനുഷ്യശരീരത്തിലെത്തുന്നത്. കാഴ്ചയില്‍ പലരിലും അസ്വസ്ഥതോ പേടിയോ അനുഭവപ്പെടുത്താം ഇവ. എങ്കിലും അപൂര്‍വമായ കാഴ്ച തന്നെയാണിതെന്ന് പറയാം. എഴുപത് വയസായ പുരുഷനായ രോഗിയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ചൈനയിലാണ് സംഭവം.
വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. വൈറലായ വീഡിയോ നിങ്ങള്‍ക്കും കാണാം...
വീഡിയോ:-
Also Read:- മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അപകടകാരിയായ 'കാൻഡിഡ ഓറിസ്' ഫംഗസ് കേസുകള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-