പ്രോസ്റ്റേറ്റ് ക്യാൻസര്‍ ലക്ഷണങ്ങള്‍ കാണിക്കില്ലേ? അറിയാൻ മാര്‍ഗമുണ്ട്...
മറ്റ് ഏത് ക്യാൻസര്‍ പോലെ തന്നെയും വൈകിയാണ് കണ്ടെത്തുന്നതെങ്കില്‍ പ്രോസ്റ്റേറ്റ് ക്യാൻസറും ജീവന് ആപത്ത് തന്നെ. പ്രത്യേകിച്ച് നാല്‍പത് കടന്ന പുരുഷന്മാരാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍ ശ്രദ്ധിക്കേണ്ടത്.
പ്രോസ്റ്റേറ്റ് ക്യാൻസര്‍ എന്നത് പുരുഷന്മാരുടെ പ്രത്യുത്പാദനവ്യവസ്ഥയിലുള്‍പ്പെടുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ക്യാൻസര്‍ ആണ്. ബീജത്തിന്‍റെ സഞ്ചാരമാധ്യമമായ ശുക്ലത്തിന്‍റെ ഉത്പാദനത്തിലാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി നിര്‍ണായക പങ്ക് വഹിക്കുന്നത്.
മറ്റ് ഏത് ക്യാൻസര്‍ പോലെ തന്നെയും വൈകിയാണ് കണ്ടെത്തുന്നതെങ്കില്‍ പ്രോസ്റ്റേറ്റ് ക്യാൻസറും ജീവന് ആപത്ത് തന്നെ. പ്രത്യേകിച്ച് നാല്‍പത് കടന്ന പുരുഷന്മാരാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍ ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ മാറിവന്ന ജീവിതസാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മുപ്പതുകളിലുള്ള പുരുഷന്മാരും ഇത് കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ഏറ്റവും വലിയൊരു സങ്കീര്‍ണതയാണ് ഇത് ആദ്യഘട്ടങ്ങളിലൊന്നും ലക്ഷണം കാണിക്കുകയില്ല എന്നത്. മിക്കവരും ക്യാൻസര്‍ അടക്കമുള്ള വിവിധ രോഗങ്ങളെ തിരിച്ചറിയുന്നത് തന്നെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ അതിന് ചികിത്സ തേടുന്ന അവസരങ്ങളിലാണ്. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ലെങ്കിലോ? തീര്‍ച്ചയായും അത് 'റിസ്ക്' തന്നെയാണ്.
ഈ 'റിസ്ക്' വളരെ കൂടുതലാണ് പ്രോസ്റ്റേറ്റ് ക്യാൻസറുകളുടെ കേസില്‍. ആദ്യഘട്ടങ്ങളിലൊന്നും ലക്ഷണം കാണിക്കാതെ ഒളിച്ചിരിക്കും ഇത്. പിന്നീട് ശരീരത്തിലാകമാനം ഉള്ള ലിംഫ് നോഡുകളിലേക്കും എല്ലുകളിലേക്കുമെല്ലാം ക്യാൻസര്‍ പടരാം. മറ്റ് അവയവങ്ങളിലേക്ക് പടരുന്നത് അപൂര്‍വമാണ്. എങ്കിലും ലിംഫ് നോഡുകളിലേക്കും എല്ലുകളിലേക്കും ക്യാൻസര്‍ കോശങ്ങളെത്തുന്നതും തീര്‍ച്ചയായും വെല്ലുവിളിയാണ്.
അതിനാല്‍ തന്നെ പ്രോസ്റ്റേറ്റ് ക്യാൻസര്‍ ബാധയുണ്ടായാല്‍ അത് നേരത്തെ മനസിലാക്കിയിരിക്കണം. ഇതിന് എന്താണ് ചെയ്യാനാവുക? പല മാര്‍ഗങ്ങളുമുണ്ട്. അവയെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്.
ഫിസിക്കല്‍ എക്സാമിനേഷൻ അഥവാ ഡോക്ടറുടെ സഹായത്തോടെയുള്ള ശാരീരികപരിശോധന നടത്താം. ഇതില്‍ സംശയം തോന്നിയാല്‍ അടുത്ത പടിയിലേക്ക് നീങ്ങാം. ഡിജിറ്റല്‍ റെക്ടല്‍ എക്സാമിനേഷൻ ചെയ്യാം. ഇതില്‍ എന്തെങ്കിലും വളര്‍ച്ചയോ വീക്കമോ ഉണ്ടോയെന്നെല്ലാം കണ്ടെത്താൻ സാധിക്കും. അതല്ലെങ്കില്‍ സെറം പിഎസ്എ എന്ന രക്തപരിശോധനയും പ്രോസ്റ്റേറ്റ് ക്യാൻസര്‍ കണ്ടെത്തുന്നതിന് ചെയ്യുന്നതാണ്.
നാല്‍പത് കടന്നവര്‍, അമ്പത് കടന്നവര്‍ നിര്‍ബന്ധമായും വര്‍ഷത്തിലൊരിക്കലെങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസര്‍ പരിശോധന നടത്തുന്നത് ഉചിതമാണ്. പ്രത്യേകിച്ച് വീട്ടിലോ കുടുംബത്തിലാര്‍ക്കെങ്കിലുമോ പ്രോസ്റ്റേറ്റ് ക്യാൻസറുണ്ടായ പാരമ്പര്യമുള്ളവര്‍. കാരണം ഇവരില്‍ രോഗത്തിന് സാധ്യത കൂടുതലാണ്.
പ്രോസ്റ്റേറ്റ് ബയോപ്സി- എന്നുവച്ചാല്‍ സംശയമുള്ള ഭാഗത്ത് നിന്ന് കോശകല എടുത്ത് പരിശോധിക്കുന്ന രീതി, എംആര്‍ഐ സ്കാനിംഗ് എല്ലാം പ്രോസ്റ്റേറ്റ് ക്യാൻസര്‍ നിര്‍ണയത്തിനുപയോഗിക്കുന്ന പരിശോധനാമാര്‍ഗങ്ങളാണ്.
ഇത്തരത്തില്‍ രോഗബാധ കണ്ടെത്തിയാല്‍ പിന്നെ അത് ഏത് സ്റ്റേജിലാണ് എന്നതാണ് അടുത്തതായി ഡോക്ടര്‍മാര്‍ പരിശോധനയിലൂടെ മനസിലാക്കുക. ഇതിന് ശേഷം ചികിത്സ നിശ്ചയിക്കും. എന്തായാലും ആരംഭഘട്ടങ്ങളില്‍ ആണെങ്കില്‍ ഒരു പേടിയും വേണ്ട. വളരെ ഫലപ്രദമായ ചികിത്സ പ്രോസ്റ്റേറ്റ് ക്യാൻസറിന് അടക്കം എല്ലാ വിധത്തിലുള്ള ക്യാൻസറുകള്‍ക്കും ഇന്ന് ലഭ്യമാണ്.
Also Read:- ശ്വാസകോശത്തെ ബാധിക്കുന്ന 'വൈറ്റ് ലങ് സിൻഡ്രോം' വ്യാപകമാകുന്നു...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-