പേൻശല്യം ഫലപ്രദമായി പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍...
പല കാരണം കൊണ്ടും പേൻശല്യമുണ്ടാകാം. ഈ കാരണം കൃത്യമായി കണ്ടെത്താൻ സാധിച്ചില്ലെങ്കില്‍ പോലും സമഗ്രമായ ചികിത്സയില്‍- അല്ലെങ്കില്‍ ശ്രദ്ധയില്‍ ഈ കാരണവും ഇല്ലാതായിത്തീരണം
പേൻശല്യം ഒരേസമയം ശാരീരികവും അതേസമയം മാനസികവുമായ പ്രയാസവുമുണ്ടാക്കുന്നൊരു പ്രശ്നമാണ്. മിക്കപ്പോഴും കുട്ടികളിലും കൗമാരക്കാരിലുമാണ് പേൻശല്യം കൂടുതലായി കണ്ടുവരുന്നത്. മുതിര്‍ന്നവരിലും പല സാഹചര്യങ്ങളിലും പേൻശല്യം കാണാറുണ്ട്. അധികവും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്ത ചുറ്റുപാടില്‍ തന്നെയാണ് പേൻശല്യമുണ്ടാകുന്നത്.
ഇനി, ഏതൊരു കാരണത്താലായാലും പേൻശല്യമുണ്ടായാല്‍ അത് ഒഴിവാക്കുക എങ്ങനെയെന്നാണ്! അത്ര നിസാരമായൊരു ജോലിയല്ല ഇത്. പ്രത്യേകിച്ച് കൂടുതലായി പേൻശല്യം നേരിടുന്ന സാഹചര്യത്തില്‍.
ആഴ്ചകളോളം എടുത്താല്‍ മാത്രമാണ് പേൻശല്യം പൂര്‍ണമായും ഒഴിവാക്കാൻ നമുക്ക് സാധിക്കുക. അത്തരത്തില്‍ പേൻശല്യത്തിന് പരിഹാരം കാണാൻ നമുക്ക് എന്തെല്ലാം ചെയ്യാമെന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
പല കാരണം കൊണ്ടും പേൻശല്യമുണ്ടാകാം. ഈ കാരണം കൃത്യമായി കണ്ടെത്താൻ സാധിച്ചില്ലെങ്കില്‍ പോലും സമഗ്രമായ ചികിത്സയില്‍- അല്ലെങ്കില്‍ ശ്രദ്ധയില്‍ ഈ കാരണവും ഇല്ലാതായിത്തീരണം. അല്ലാത്തപക്ഷം പേൻ പോയതുപോലെ തന്നെ തിരികെ വരുമെന്നതാണ് പ്രശ്നം. പലരും ഈയൊരു പ്രതിസന്ധിയും നേരിടുന്നതാണ്. അതിനാല്‍ പൂര്‍ണമായും പേൻശല്യമൊഴിവാക്കാനാണ് ശ്രമം നടത്തേണ്ടത്.
പല രീതികള്‍ ഇതിനായി അവലംബിക്കാവുന്നതാണ്...
ഒന്ന്...
നിങ്ങള്‍ക്ക് ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടി, മരുന്ന് കഴിക്കുകയോ തലയില്‍ പുരട്ടുകയോ എല്ലാം ചെയ്യാം. ഇങ്ങനെ ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് ചികിത്സ തേടുന്നവര്‍ നിരവധിയാണ്.
രണ്ട്...
ഇനി, ഡോക്ടറെ കണ്ടില്ലെങ്കില്‍ പോലും മെഡിക്കല്‍ സ്റ്റോറുകളില്‍ പോയി വിഷയം അറിയിച്ചാല്‍ അവര്‍ ചില മരുന്നുകള്‍ നല്‍കും. ഇതും ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ പേൻശല്യത്തിന് പരിഹാരം കാണുന്നവരും ഏറെയാണ്.
മൂന്ന്...
ചീപ്പുപയോഗിച്ച് നല്ലതുപോലെ ചീകിയും പേനുകളെ ഒഴിവാക്കാൻ സാധിക്കും. എന്നാല്‍ അളവിലധികമായി പേൻശല്യമുണ്ടെങ്കില്‍ ഇത് ചെയ്യാൻ പ്രയാസമായിരിക്കും. മുടി കണ്ടീഷ്ണര്‍ അപ്ലൈ ചെയ്ത് അല്‍പം നനച്ചും ഒതുക്കിയുമുള്ള അവസ്ഥയില്‍ ചീപ്പുപയോഗിച്ച് കോതുന്നതാണ് എളുപ്പം. ഇതിനായി പ്രത്യേകം തന്നെ ചീപ്പുകളുമുണ്ട്. ഇവ ഉപയോഗിക്കുന്നത് കുറെക്കൂടി എളുപ്പമായിരിക്കും. ഇത് ഒരു ദിവസം ചെയ്താല്‍ പോര. അടുപ്പിച്ച് ദിവസങ്ങളോളം ചെയ്താല്‍ മാത്രമേ ഫലം കാണൂ.
നാല്...
മുടിയില്‍ നിന്ന് പേൻശല്യമൊഴിവാക്കുമ്പോള്‍ മുടി നല്ലതുപോലെ വൃത്തിയായിരിക്കണം. അതുപോലെ തന്നെ നമ്മള്‍ കിടക്കുന്ന കിടക്ക, കിടക്കവിരി, തലയിണ, അതിന്‍റെ കവര്‍, പുതപ്പ്, ചീപ്പ്, ടവല്‍ എന്നിവയെല്ലാം വൃത്തിയായിരിക്കണം. ഇവയെല്ലാം തന്നെ സോപ്പിട്ട് വൃത്തിയാക്കിയ ശേഷം തിളപ്പിച്ച വെള്ളത്തില്‍ മുക്കിയെടുത്ത് ശുദ്ധീകരിക്കുന്നത് നല്ലതാണ്. ഈ വൃത്തി, തുടര്‍ന്നും പാലിച്ചില്ലെങ്കിലൊരുപക്ഷേ വീണ്ടും പേൻശല്യം വരാം.
അഞ്ച്...
പേൻശല്യം വീണ്ടുമുണ്ടാകാതിരിക്കാനുള്ള ശ്രദ്ധയാണ് അടുത്തതായി എടുക്കേണ്ടത്. പേൻ പ്രശ്നമുള്ളവരുമായി അടുത്തിടപഴകുന്നതോ, അവര്‍ക്കൊപ്പം കിടക്കുന്നതോ, അവരുപയോഗിക്കുന്ന വ്യക്തിപരമായ സാധനങ്ങളുപയോഗിക്കുന്നതോ എല്ലാം നല്ലതുപോലെ ശ്രദ്ധിക്കണം. കാരണം ഇങ്ങനെയാണ് പേൻ ശല്യമുണ്ടാകാൻ സാധ്യത കൂടുതലുള്ളത്. മറ്റുള്ള കാര്യങ്ങള്‍ മുകളില്‍ സൂചിപ്പിച്ചത് പോലെ കൃത്യമായി പിന്തുടരുക.
Also Read:- സ്ത്രീകളില്‍ മുഖത്ത് അമിത രോമവളര്‍ച്ച; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-