കൊറോണ കാരണം ഏറ്റവുമധികം പ്രശ്നത്തിലായിരിക്കുന്നത് ക്യാൻസർ രോഗികളും ശസ്ത്രക്രിയാ രോഗികളും; കുറിപ്പ് വായിക്കാം

 കൊറോണ കാരണം ഏറ്റവുമധികം പ്രശ്നത്തിലായിരിക്കുന്നത് ക്യാൻസർ രോഗികളും പ്രസവ-ഇതര ശസ്ത്രക്രിയാ രോഗികളുമാണ്. കാരണം,  ആശുപത്രികളിൽ രക്തം കിട്ടാനില്ലാ എന്നതാണ് പ്രശ്നം. ആരും രക്തം കൊടുക്കാൻ തയ്യാറാവുന്നില്ല.
 

dr. Manoj Vellanad face book post about corona disease mainly affected cancer and surgery patients

കൊറോണ ഭീതിയിലാണ് ലോകം. പലർക്കും പുറത്തിറങ്ങാൻ പോലും പേടിയാണ്. ചെറിയൊരു തുമ്മലും ജലദോഷവും ഉണ്ടായാൽ പോലും കൊറോണയാണോ എന്ന് ഭയപ്പെടുന്നവരാണ് അധികവും. എന്നാൽ, കൊറോണ കാരണം ഏറ്റവുമധികം പ്രശ്നത്തിലായിരിക്കുന്നത് ക്യാൻസർ രോഗികളും പ്രസവ-ഇതര ശസ്ത്രക്രിയാ രോഗികളുമാണ്. കാരണം,  ആശുപത്രികളിൽ രക്തം കിട്ടാനില്ലാ എന്നതാണ് പ്രശ്നം. ആരും രക്തം കൊടുക്കാൻ തയ്യാറാവുന്നില്ല.

ജനങ്ങൾക്ക് ആശുപത്രികളിൽ പോകാനുള്ള പേടിയും, യാത്രകൾ ഒഴിവാക്കുന്നതും സ്ഥാപനങ്ങളും കോളേജുകളും അവധിയായതും എല്ലാം ഈ പ്രശ്നത്തെ രൂക്ഷമാക്കുന്നുണ്ടെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. മനോജ് വെള്ളനാട് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.  

ഓപറേഷൻ വേണ്ടതും കീമോ വേണ്ടതുമായ എല്ലാ ക്യാൻസറിൻ്റെയും ചികിത്സയുടെ ഭാഗമായി രോഗിക്ക് രക്തം അടക്കേണ്ടതായി വരും. ആർസിസി പോലുള്ള ആശുപത്രിയിൽ വരുന്ന 90% രോഗികൾക്കും രക്തമടയ്ക്കേണ്ടി വരാം. മറ്റിടങ്ങളിൽ സിസേറിയൻ, ശസ്ത്രക്രിയകൾ, ആക്സിഡൻ്റുകൾ, പൊള്ളൽ, …. അങ്ങനെ ഒരു ദിവസം രക്തമാവശ്യമായി വരുന്ന രോഗികൾ കൊറോണ വരുന്നവരേക്കാൾ എത്രയധികമാണെന്ന് ചിന്തിച്ചു നോക്കൂ ;- ഡോ. മനോജ് പറയുന്നു. 

പോസ്റ്റിന്റെ പൂർണ രൂപം...

വളരെ സീരിയസായ ഒരു കാര്യമാണ്. വായിക്കണം, എല്ലായിടങ്ങളിലേക്കും ഷെയറും ചെയ്യണം.

ഇന്നലെ വന്ന കൊറോണയെ നമ്മൾ അതിവിദഗ്ദ്ധമായി തന്നെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ, കൊറോണ കാരണം ഏറ്റവുമധികം പ്രശ്നത്തിലായിരിക്കുന്നത് കാൻസർ രോഗികളും പ്രസവ-ഇതര ശസ്ത്രക്രിയാ രോഗികളുമാണ്. കാരണം മറ്റൊന്നുമല്ലാ, ആശുപത്രികളിൽ രക്തം കിട്ടാനില്ലാ. ആരും രക്തം കൊടുക്കാൻ തയ്യാറാവുന്നില്ല.

ജനങ്ങൾക്ക് ആശുപത്രികളിൽ ചെല്ലാനുള്ള പേടിയും, യാത്രകൾ ഒഴിവാക്കുന്നതും സ്ഥാപനങ്ങളും കോളേജുകളും അവധിയായതും എല്ലാം ഈ പ്രശ്നത്തെ രൂക്ഷമാക്കുന്നുണ്ട്.

ഓപറേഷൻ വേണ്ടതും കീമോ വേണ്ടതുമായ എല്ലാ ക്യാൻസറിൻ്റെയും ചികിത്സയുടെ ഭാഗമായി രോഗിക്ക് രക്തം അടക്കേണ്ടതായി വരും. എന്നുവച്ചാൽ RCC പോലുള്ള ആശുപത്രിയിൽ വരുന്ന 90% രോഗികൾക്കും രക്തമടയ്ക്കേണ്ടി വരാം. മറ്റിടങ്ങളിൽ സിസേറിയൻ, ശസ്ത്രക്രിയകൾ, ആക്സിഡൻ്റുകൾ, പൊള്ളൽ, …. അങ്ങനെ ഒരു ദിവസം രക്തമാവശ്യമായി വരുന്ന രോഗികൾ കൊറോണ വരുന്നവരേക്കാൾ എത്രയധികമാണെന്ന് ചിന്തിച്ചു നോക്കൂ. എത്ര യൂണിറ്റ് രക്തമാണ് ഒരു ദിവസം വേണ്ടത്!

പ്രിയപ്പെട്ടവരെ, കൊറോണ ഐസൊലേഷൻ വാർഡ് ആശുപത്രികളുടെ ഒരു മൂലയിൽ പ്രത്യേകം സജ്ജീകരിച്ച ഏര്യയാണ്. ആ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റ് വാർഡുകളിലെ രോഗികൾക്കോ ആരോഗ്യ പ്രവർത്തകർക്കോ പോലും അവിടെ നിന്ന് രോഗം പകർന്നു കിട്ടാനുള്ള സാധ്യതയില്ല. അതിനാണല്ലോ 'ഐസൊലേഷൻ' എന്ന് പറയുന്നത് തന്നെ.

അപ്പൊ പിന്നെ മറ്റൊരു കെട്ടിടത്തിലോ, മറ്റൊരാശുപത്രിയിലോ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിൽ പോയി രക്തം നൽകുന്നതിൽ നിന്ന് മാറി നിൽക്കേണ്ട കാര്യമേയില്ല. കൊറോണ അന്തരീക്ഷവായുവിലൂടെ പകരുന്ന രോഗവുമല്ലാ. അത് രക്തത്തിലൂടെയോ, സൂചി, സിറിഞ്ച് വഴിയോ ഒന്നും പകരില്ല.

അതുകൊണ്ടുതന്നെ എല്ലാവരും, പ്രത്യേകിച്ചും യുവാക്കൾ, ഈ കൊറോണ ഭീതി മാറ്റിവെച്ച്, നമ്മുടെ സഹജീവികളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മുന്നോട്ടു വരണം എന്ന് അഭ്യർത്ഥിക്കുകയാണ്. അത്രയ്ക്കും ക്ഷാമമാണ് രക്തത്തിന്.

ഓർക്കണം, മരുന്നോ ആഹാരമോ ആണെങ്കിൽ ഒന്നില്ലെങ്കിൽ മറ്റൊന്ന് വച്ച് അഡ്ജസ്റ്റ് ചെയ്യാം. പക്ഷെ, മനുഷ്യ രക്തത്തിന് പകരമായി മനുഷ്യരക്തം മാത്രമേയുള്ളൂ. അത് മനുഷ്യനിൽ നിന്ന് കിട്ടിയേ പറ്റൂ. കൊറോണയെ നമ്മൾ അതിജീവിച്ചു കഴിയുമ്പോഴേക്കും മറ്റു രോഗങ്ങളുള്ളവർ ആവശ്യത്തിന് രക്തം കിട്ടാത്തത് കാരണം മരിച്ചു പോകുന്ന അവസ്ഥ ഉണ്ടാവരുത്.

കേരളം മൊത്തം ഈ പ്രശ്നമിപ്പോൾ നിലവിലുണ്ട്. ദയവായി സഹകരിക്കണം.

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്തായിരുന്നെന്ന് കുറച്ചുനാൾ കഴിഞ്ഞ് ആലോചിക്കുമ്പോൾ ഓർത്തെടുക്കാൻ ഇതിലും നല്ലൊരു കാര്യമുണ്ടാവില്ല. കൊറോണ കാലത്തെ യഥാർത്ഥ മനുഷ്യർ നിങ്ങളാണ്. വരൂ സുഹൃത്തേ..

മനോജ് വെള്ളനാട്...

Latest Videos
Follow Us:
Download App:
  • android
  • ios