Russian War: പ്രതിഷേധമുയര്‍ത്തി റഷ്യക്കാര്‍, പ്രതിഷേധിച്ചാല്‍ രാജ്യദ്രോഹമെന്ന് പുടിന്‍
ഉക്രൈനെതിരായ റഷ്യൻ ആക്രമണ വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ, മോസ്കോയിലും വിദേശരാജ്യങ്ങളിലെ റഷ്യൻ എംബസികൾക്ക് മുന്നിലും ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലും റഷ്യന്‍ വിരുദ്ധ മുദ്രാവാക്യവുമായി പ്രകടനക്കാർ ഒത്തുകൂടി. റാലികളില്‍ ഉക്രൈനിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റഷ്യക്കാരുമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാര്‍ മഞ്ഞ-നീല ഉക്രൈന്‍ പതാകകൾ വീശി ഉക്രൈന്‍ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി. ഉക്രൈന്‍ പ്രവാസികൾ ഉൾപ്പെടെയുള്ള പ്രകടനക്കാരിൽ പലരും "ഉക്രെയ്ൻ ചെറുക്കും", "പുടിനോട് നോ പറയുക" എന്നീ ബാനറുകൾ ഉയർത്തി. രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ജർമ്മനി നടത്തിയ സൈനിക പ്രചാരണങ്ങളോടായിരുന്നു റഷ്യന്‍ അധിനിവേശത്തെ ഉക്രൈനിയൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്കി താരതമ്യം ചെയ്തത്. ആരും രാജ്യം വിടേണ്ടെന്നും റഷ്യയ്ക്കെതിരെ ഉക്രൈന്‍ പ്രതിരോധം തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അതിനിടെ റഷ്യയിലെ പ്രധാനപ്പെട്ട 53 നഗരങ്ങളില്‍ പുടിനെതിരെ പ്രതിഷേധം അരങ്ങേറിയത് റഷ്യയെ അതിശയിപ്പിച്ചു. 2014 ലെ ക്രിയന്‍ യുദ്ധകാലത്ത് പുടിനൊപ്പം നിന്ന ജനതയായിരുന്നു റഷ്യ. എന്നാല്‍, 2022 ലെ ഉക്രൈന്‍ യുദ്ധകാലത്ത് പുടിന്‍റെ നടപടിയില്‍ റഷ്യയില്‍ വലിയ പ്രതിഷേധമുയരുകയാണ്. പ്രതിഷേധത്തിനിടെ 1700 ഓളം പേര്‍ റഷ്യയയില്‍ മാത്രം അറസ്റ്റിലായി.
അറസ്റ്റ് ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുമെന്ന് റഷ്യന്‍ പൊലീസ് പറഞ്ഞു. അതിനിടെ യുദ്ധത്തിനെതിരെ ആഗോള പ്രതിഷേധം ശക്തമായി. മോസ്കോയില്‍ മാത്രം 940 പേരെ അറസ്റ്റ് ചെയ്തെന്നും 340-ലധികം പേരെ രണ്ടാമത്തെ വലിയ നഗരമായ സെന്‍റ് പീറ്റേഴ്‌സ്ബർഗില്‍ നിന്നും അറസ്റ്റ് ചെയ്തെന്നും പ്രതിപക്ഷ റാലികളിലെ അറസ്റ്റുകളെ കുറിച്ച് അന്വേഷിക്കുന്ന OVD റിപ്പോര്‍ട്ട് ചെയ്തു.
മോസ്കോയിലും പുടന്‍റെ ജന്മനാടായ സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലും പ്രതിഷേധക്കാര്‍ ഒത്തു കൂടി. എന്നാല്‍, " പ്രതിഷേധങ്ങള്‍ രാജ്യ ദ്രോഹമായി കണക്കാക്കും" എന്നായിരുന്നു പ്രതിഷേധക്കാര്‍ക്കുള്ള പൊലീസ് മുന്നറിയിപ്പ്. സമാധാനത്തിന് വേണ്ടി വാദിച്ച നിരവധി പ്രതിഷേധക്കാരെ റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മോസ്കോയിലെ നടനായ മകർ സഡോറോഷ്നി (Makar Zadorozhny) തന്‍റെ തിയേറ്റർ അഡ്മിനിസ്ട്രേഷന്‍റെ ഒരു കത്ത് പ്രസിദ്ധീകരിച്ചു. അതില്‍ റഷ്യന്‍ നീക്കത്തിനെതിരെ പ്രതികരിക്കരുതെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായി ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
നിരവധി മാധ്യമപ്രവർത്തകരും ബ്ലോഗർമാരും ഇതിനകം റഷ്യന്‍ ജയിലില്‍ എത്തിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്‍റ് പുടിന്‍റെ നീക്കത്തിനെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്നാണ് മോസ്കോയില്‍ നിന്നുള്ള അറിയിപ്പുകള്‍.
എന്നാല്‍, റഷ്യയില്‍ എല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലായതിനാല്‍ ഈ പുതിയ പ്രതിഷേധ തരംഗം എന്ത് ഫലമുണ്ടാക്കുമെന്ന് പറയാൻ പ്രയാസമാണെന്ന് രാഷ്ട്രീയ വിദഗ്ദരും പറയുന്നു. 150-ലധികം മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥർ പുടിന്‍റെ അധിനിവേശത്തെ 'അഭൂതപൂർവമായ ക്രൂരത' ആണെന്നും 'വിപത്ത്' എന്നും വിശേഷിപ്പിക്കുന്ന മുന്നറിയിപ്പുമായി ഒരു തുറന്ന കത്തിൽ ഒപ്പുവച്ചു. ഇതോടെ റഷ്യൻ പൗരന്മാർ യുദ്ധത്തെ പിന്തുണയ്ക്കുന്നില്ലെന്ന് തങ്ങൾക്ക് ബോധ്യപ്പെട്ടതായി ഡെപ്യൂട്ടികൾ പറഞ്ഞു.
ഉക്രൈന്‍ അക്രമണത്തിന് സൈനികർക്ക് അനുമതി നല്‍കിയ പുടിന്‍റെ ഉത്തരവ് വ്യക്തിപരമാണെന്നും 'ഇതിന് ന്യായീകരിക്കാനാവില്ലെന്നും നിരവധി റഷ്യന്‍ സെലിബ്രിറ്റികളും പറഞ്ഞു. സ്റ്റേറ്റ് ടിവിയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ നിരവധി റഷ്യൻ സെലിബ്രിറ്റികളും പൊതു വ്യക്തികളും ആക്രമണത്തിനെതിരെ സംസാരിച്ചു.
ഒരു കൊലയാളിക്ക് വേണ്ടി ജോലി ചെയ്ത് അവനിൽ നിന്ന് ശമ്പളം വാങ്ങുന്നത് അസാധ്യമാണെന്ന് പറഞ്ഞ് താൻ ജോലി ഉപേക്ഷിക്കുകയാണെന്ന് സര്‍ക്കാര്‍ ചെലവില്‍ പ്രവകര്‍ത്തിക്കുന്ന മോസ്കോ തിയേറ്ററിന്‍റെ (Moscow theatre) ഡയറക്ടർ യെലേന കോവൽസ്കയ (Yelena Kovalskaya) ഫേസ്ബുക്കിൽ കുറിച്ചു.
അധിനിവേശത്തിനെതിരായ ആഗോള പ്രതിഷേധങ്ങൾക്കിടയിൽ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തതായി യുദ്ധവിരുദ്ധ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്ത റഷ്യൻ പ്രതിപക്ഷ പ്രവർത്തകൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ എന്നെ തടഞ്ഞുവച്ചെന്ന് മോസ്കോ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് മറീന ലിറ്റ്വിനോവിച്ച് ടെലിഗ്രാമിൽ എഴുതി.
വ്യാഴാഴ്ച വൈകുന്നേരം വിവിധ റഷ്യൻ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ലിറ്റ്വിനോവിച്ച് റഷ്യക്കാരോട് ആഹ്വാനം ചെയ്തു. റോയിട്ടേഴ്‌സിന് അയച്ച സന്ദേശത്തിൽ പ്രതിഷേധക്കാരെ വെവ്വേറെ തടങ്കലിൽ വെച്ചതായി അവര്‍ സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകുന്നേരം വിവിധ റഷ്യൻ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ലിറ്റ്വിനോവിച്ച് റഷ്യക്കാരോട് ആഹ്വാനം ചെയ്തു. '
'നിങ്ങളിൽ പലരും ഇപ്പോൾ നിരാശ അനുഭവിക്കുന്നുണ്ടെന്ന് എനിക്കറിയാം, സൗഹൃദ രാഷ്ട്രമായ ഉക്രൈന് നേരെ പുടിന്‍റെ ആക്രമണത്തിൽ നിസ്സഹായതയും ലജ്ജയും തോന്നുന്നു. പക്ഷേ നിരാശപ്പെടരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. പുടിൻ അഴിച്ചുവിട്ട യുദ്ധത്തിന് ഞങ്ങൾ, റഷ്യൻ ജനത എതിരാണ്. ഞങ്ങൾ ഈ യുദ്ധത്തെ പിന്തുണയ്ക്കുന്നില്ല, ഇത് നടത്തുന്നത് ഞങ്ങൾക്ക് വേണ്ടിയല്ല,' ലിറ്റ്വിനോവിച്ച് കൂട്ടിച്ചേര്‍ത്തു.
യൂറോപ്പിലുടനീളവും ലോകമെമ്പാടുമുള്ള യുദ്ധവിരുദ്ധ പ്രവർത്തകർ അവരുടെ സ്വന്തം തെരുവുകളിൽ ഇറങ്ങി. ലണ്ടൻ, ബെർലിൻ, പാരീസ്, സ്റ്റോക്ക്‌ഹോം, ഓസ്‌ലോ, റിഗ, ടോക്കിയോ എന്നിവിടങ്ങളിലുള്ള റഷ്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധക്കാരൊത്ത് കൂടി. സിഡ്നിയില്‍ രോഷാകുലരായ പ്രതിഷേധക്കാർ സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യു.
'റഷ്യയുമായുള്ള നയതന്ത്രബന്ധം ഞങ്ങൾ വിച്ഛേദിച്ചു. റഷ്യയിൽ ഇതുവരെ മനസ്സാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത എല്ലാവർക്കും, ഉക്രെയ്നുമായുള്ള യുദ്ധത്തിനെതിരെ പ്രതിഷേധിക്കേണ്ട സമയമാണിത്,' ഉക്രൈന്‍ പ്രസിഡന്‍റെ വോലോഡൈമർ സെലെൻസ്‌കി പറഞ്ഞു. ഉക്രൈനികളോട് 'പുറത്ത് പോകാനും' 'ഈ യുദ്ധത്തിനെതിരെ പ്രതിഷേധിക്കാനും' അദ്ദേഹം ആഹ്വാനം ചെയ്തു.
ലണ്ടനിലെ കെൻസിംഗ്ടണിലുള്ള റഷ്യൻ എംബസിക്ക് പുറത്ത് ഉക്രൈന്‍ പതാക വീശിക്കൊണ്ട് ഉക്രൈനികളുടെയും റഷ്യക്കാരുടെയും വലിയൊരു സംഘം തന്നെ എത്തിചേര്‍ന്നു. പുടിനെ ഹിറ്റ്‌ലറെപ്പോലെ ചിത്രീകരിച്ച പ്ലേക്കാര്‍ടുകള്‍ പലയിടത്തും ഉയര്‍ന്നു.
'എന്‍റെ ജീവിതത്തിലെ ഏറ്റവും ലജ്ജാകരവും ഭയാനകവുമായ ദിവസമാണിത്. ജോലിക്ക് പോകാൻ പോലും സാധിച്ചില്ല. എന്‍റെ രാജ്യം ഒരു ആക്രമണകാരിയാണ്. ഞാൻ പുടിനെ വെറുക്കുന്നു. ജനങ്ങളുടെ കണ്ണ് തുറക്കാൻ മറ്റെന്താണ് ചെയ്യേണ്ടത്?' സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ ഒരു പ്രകടനത്തിൽ പങ്കെടുത്ത 40-കാരിയായ എഞ്ചിനീയർ യെകറ്റെറിന കുസ്‌നെറ്റ്‌സോവ എപിയോട് പറഞ്ഞു.
മോസ്കോയിലെ പ്രതിപക്ഷ പ്രവർത്തകയായ ഉസ്മാനോവ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ. 'ആദ്യം ഞാൻ വിചാരിച്ചത് ഞാൻ ഉണരുന്ന് സ്വപ്നം കാണുകയാണെന്നാണ്. ഞാൻ മുറിയിൽ ചുറ്റിനടന്നു, അതെല്ലാം യാഥാർത്ഥ്യമാണെന്ന് ഉറപ്പാക്കാൻ എനിക്ക് ചുറ്റുമുള്ള കാര്യങ്ങളിൽ സ്പർശിച്ചു.
'ഇപ്പോൾ നമുക്കൊപ്പം എന്നെന്നേക്കുമായി നിലനിൽക്കുന്ന അപമാനമാണിത്.' ഇത് മുഴുവൻ രാജ്യത്തിനും വലിയ ആഘാതമായി മാറും, അതിനെ നേരിടാൻ ഞങ്ങൾ വർഷങ്ങൾ ചെലവഴിക്കും. ഞാൻ ഉക്രൈനികളോട് ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. യുദ്ധം അഴിച്ചുവിട്ടവർക്ക് ഞങ്ങൾ വോട്ട് ചെയ്തില്ല.' അവർ എഴുതി.
1979-ൽ സോവിയറ്റ് അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തിയതിന് ശേഷമുള്ള മോസ്കോയുടെ ഏറ്റവും ആക്രമണാത്മക നടപടികളെ അപലപിച്ചുകൊണ്ട് പതിനായിരക്കണക്കിന് പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.'
കിഴക്കൻ ഉക്രൈന്‍ ജനതയെ 'വംശഹത്യ'യിൽ നിന്ന് സംരക്ഷിക്കാനുള്ള 'പ്രത്യേക സൈനിക നടപടി' എന്നാണ് പുടിൻ തന്‍റെ ഉക്രൈന്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. എന്നാല്‍, റഷ്യയിലെ പൊതുജനം സര്‍ക്കാര്‍ നീക്കത്തിന് എതിരാണെന്ന് അഭിപ്രായപ്പെടുന്നു. 'പൊതുജനാഭിപ്രായം ഞെട്ടലിലാണ്, ആളുകൾ ഞെട്ടലിലാണ്,' പൊളിറ്റിക്കൽ അനലിസ്റ്റ് അബ്ബാസ് ഗല്യമോവ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
'
ഉക്രൈന്‍ അക്രമണത്തെ അപലപിക്കുന്ന ഒരു ഒപ്പു ശേഖരണത്തില്‍ മണിക്കൂറുകള്ക്കുള്ളില്‍ 2,89,000 പേര്‍ ഒപ്പുവച്ചു. അക്രമണത്തെ അപലപിച്ച് 250-ലധികം മാധ്യമപ്രവർത്തകർ അവരുടെ പേരുകൾ തുറന്ന കത്തിൽ എഴുതി. മറ്റൊരു പ്രതിഷേധക്കുറിപ്പില്‍ 250 ഓളം ശാസ്ത്രജ്ഞർ ഒപ്പുവച്ചു. മോസ്കോയിലെയും മറ്റ് നഗരങ്ങളിലെയും 194 മുനിസിപ്പൽ കൗൺസിൽ അംഗങ്ങളും നടപടിയെ എതിര്‍ത്ത് ഒപ്പുവച്ചവരില്‍ പെടുന്നു.
'ഇന്ന് രാവിലെ മുതൽ, ഓരോ മിനിറ്റിലും, എന്തെങ്കിലും മാറ്റമുണ്ടോ എന്നറിയാൻ ഞാൻ ടെലിവിഷൻ കാണുന്നു. നിർഭാഗ്യവശാൽ, ഇതുവരെ ഒന്നുമുണ്ടായിട്ടില്ല. ഞാൻ ആളുകളെക്കുറിച്ച് വളരെയധികം വേവലാതിപ്പെടുന്നു, എനിക്ക് കണ്ണുനീരിൽ ആശങ്കയുണ്ട്" മോസ്കോയ്ക്ക് പുറത്തുള്ള ഒരു പട്ടണമായ കൊറോലിയോവിലെ താമസക്കാരിയായ സോയ വോറോബി പറഞ്ഞു.
എന്നാല്‍, പ്രതിഷേധങ്ങളോട് റഷ്യന്‍ ഭരണകൂടം നിഷേധാത്മക നിലപാട് സ്വീകരിച്ചു. ഏതൊരു ഏകാധിപതിയേയും പോലെയാണ് റഷ്യന്‍ ഭരണകൂടവും പ്രതികരിച്ചത്. റഷ്യ 1 ടിവി അവതാരക ഓൾഗ സ്കബെയേവ ഇതിനെ 'ഡോൺബാസിലെ ആളുകളെ നാസി ഭരണകൂടത്തിൽ നിന്ന് സംരക്ഷിക്കാനുള്ള ശ്രമമാണ്' എന്നായിരുന്നു വിശേഷിപ്പിച്ചത്.
'ആരും മരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് ഇനി ആൾനാശം വേണ്ട. ഇനി ഒരു മരണവും ഞങ്ങൾ ആഗ്രഹിക്കുന്നില്ല.' ലണ്ടനിലെ റഷ്യൻ എംബസിക്ക് പുറത്ത് പ്രതിഷേധിക്കവേ ഉക്രൈനിയൻ പൗരയായ എലാ സിസുറുക് പറഞ്ഞു.
'ഒരു റഷ്യൻ പൗരനെന്ന നിലയിൽ, ഈ നടപടികളിൽ പ്രതിഷേധിക്കാൻ ഞാൻ ഇവിടെയുണ്ട്. ഇന്ന് രാവിലെ ഞാൻ ഉണർന്നത് കണ്ണീരോടെയാണ്. എന്തുചെയ്യണമെന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ട്.' പ്രതിഷേധത്തിനെത്തിയ റഷ്യൻ പൗരനായ അന്ന പറയുന്നു.
ഉക്രെയ്നുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലും പ്രതിഷേധം കാണപ്പെട്ടു, പുടിന്‍റെ ഭാവി വിപുലീകരണ അഭിലാഷങ്ങളെക്കുറിച്ചും അവർ ആശങ്കാകുലരാണ്. പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയിൽ ആളുകൾ ഉക്രേനിയൻ, യൂറോപ്യൻ യൂണിയൻ പതാകകൾ വീശി പ്രതിഷേധിച്ചു. ഒപ്പം രാജ്യത്ത് സമാധാനത്തിനായി അഭ്യർത്ഥിക്കുന്ന പ്ലക്കാർഡുകളും ഉയര്‍ത്തിപ്പിടിച്ചു.
അതിനിടെ യുദ്ധക്കെടുതിയില്‍ നിന്നും രക്ഷപ്പെട്ടെത്തുന്ന ഉക്രൈനികളെ സഹായിക്കാന്‍ മധ്യ യൂറോപ്യൻ രാജ്യങ്ങൾ തയ്യാറെടുപ്പ് തുടങ്ങി. പോളണ്ട് അതിർത്തിയിൽ അഭയാര്‍ത്ഥി സ്വീകരണ കേന്ദ്രങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഹംഗറിയും സ്ലൊവാക്യയും കുടിയേറ്റം നിയന്ത്രിക്കാൻ സൈന്യത്തെ അയയ്ക്കാൻ പദ്ധതിയിടുന്നു.
യൂറോപ്യൻ യൂണിയന്റെ കിഴക്കൻ ഭാഗത്തുള്ള രാജ്യങ്ങളെല്ലാം ഒരിക്കൽ മോസ്കോയുടെ നേതൃത്വത്തിലുള്ള വാർസോ ഉടമ്പടിയുടെ ഭാഗമായിരുന്നു. എന്നാലിപ്പോള്‍ അവ നാറ്റോയിൽ അംഗങ്ങളാണ്. അവയിൽ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റൊമാനിയ എന്നിവയെല്ലാം ഉക്രൈനുമായി കര അതിർത്തി പങ്കിടുന്നു.
റഷ്യൻ സഖ്യകക്ഷിയായ ബെലാറസും റഷ്യയുടെ ബാൾട്ടിക് കടലിലെ കലിനിൻഗ്രാഡുമായി അതിർത്തി പങ്കിടുന്ന നാറ്റോ അംഗമായ ലിത്വാനിയ, ഉക്രൈനിലെ വര്‍ദ്ധിച്ച് വരുന്ന സംഘര്‍ഷത്തിനിടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വാഹന പരിശോധന കര്‍ശനമാക്കി.
സഹ നാറ്റോ, യൂറോപ്യൻ യൂണിയൻ അംഗങ്ങളായ പോളണ്ടിന്റെയും ലാത്വിയയുടെയും അതിർത്തിയാണ് ലിത്വാനിയ. ലാത്വിയയിലെ റിഗയിലും പ്രതിഷേധക്കാർ തെരുവിലിറങ്ങി. അഡോൾഫ് ഹിറ്റ്ലറെ പോലെയുള്ള പുടിന്‍റെ നിരവധി ചിത്രങ്ങള്‍ ഉയര്‍ത്തപ്പെട്ടു.
ടോക്കിയോയിൽ, 'സ്റ്റാൻഡ് വിത്ത് യുക്രെയ്ൻ' എന്ന് എഴുതിയ ബാനറുകൾ പിടിച്ച് കുട്ടികൾ തെരുവിലറങ്ങി. സ്വീഡനിലെ സ്റ്റോക്ക്‌ഹോം, നേപ്പാളിലെ കാഠ്മണ്ഡു, പോളണ്ടിലെ വാർസോ എന്നിവയുൾപ്പെടെ മറ്റ് നഗരങ്ങളിലും സമാനമായ പ്രകടനങ്ങൾ നടന്നു. ലണ്ടനിൽ ഇന്നലെ രാത്രി നടന്ന പ്രകടനത്തിൽ 1000-ത്തിലധികം പ്രതിഷേധക്കാർ പങ്കെടുത്തു.