രാജസ്ഥാനായി സഞ്ജു, ബാംഗ്ലൂരിനായി പടിക്കല്‍; വമ്പന്‍മാരെ വീഴ്ത്തിയ ഗ്രൂപ്പ് ഘട്ടത്തിലെ റണ്‍വേട്ടക്കാര്‍
ദുബായ്: ഐപിഎല്‍ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയായിരിക്കുന്നു. അവശേഷിക്കുന്നത് ഇനി നാല് ടീമുകള്‍ മാത്രം. വമ്പന്‍ പേരുകാര്‍ പലരുമുണ്ടായിട്ടും ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമുകളുടെയും ടോപ് സ്കോറര്‍മാരായത് ആരൊക്കെയാണെന്ന് നോക്കാം. രണ്ട് ടീമുകളുടെ ടോപ് സ്കോറര്‍ർമാര്‍ മലയാളികളാണ്.
ക്വിന്‍റണ്‍ ഡീകോക്ക്-മുംബൈ ഇന്ത്യന്‍സ്:
മുംബൈ ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ച മുംബൈക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ചത് ക്വിന്‍റണ്‍ ഡീകോക്ക് ആണ്. 14 കളികളില്‍ 36.91 ശരാശരിയില്‍ 443 റണ്‍സ്. 78 റണ്‍സാണ് മുംബൈയുടെ ഓപ്പണറായ ഡീകോക്കിന്‍റെ ഉയര്‍ന്ന സ്കോര്‍. 138 ആണ് ഡീകോക്കിന്‍റെ പ്രഹരശേഷി. 12 കളികളില്‍ 428 റണ്‍സടിച്ച ഇഷാന്‍ കിഷന്‍ രണ്ടാമതും 14 കളികളില്‍ 410 റണ്‍സടിച്ച സൂര്യകുമാര്‍ യാദവ് മൂന്നാമതും നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 264 റണ്‍സുമായി നാലാമതാണ്.
ശിഖര്‍ ധവാന്‍-ഡല്‍ഹി ക്യാപിറ്റല്‍സ്
ലീഗ് ഘട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ച ഡല്‍ഹിക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ചത് ശിഖര്‍ ധവാന്‍ ആണ്. 14 കളികളില്‍ 47.72 ശരാശരിയില്‍ 525 റണ്‍സ്. തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടിയ ധവാന്‍റെ ഉയര്‍ന്ന സ്കോര്‍ 106* ആണ്. 145.02 ആണ് ധവാന്‍റെ പ്രഹരശേഷി. 14 കളികളില്‍ 421 റണ്‍സടിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ രണ്ടാമതും 11 കളികളില്‍ 282 റണ്‍സടിച്ച റിഷഭ് പന്ത് മൂന്നാമതുമാണ്.
ഡേവിഡ് വാര്‍ണര്‍-സണ്‍റൈസേഴ്സ് ഹൈദരാബാദ്
അവസാന ലീഗ് മത്സരത്തില്‍ മുംബൈയെ തകര്‍ത്ത് മൂന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ച സണ്‍റൈസേഴ്സിനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ചത് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തന്നെയാണ്. 14 കളികളില്‍ 44.08 ശരാശരിയില്‍ 529 റണ്‍സ്. അവസാന മത്സരത്തില്‍ മുംബൈക്കെതിരെ നേടിയ 85* ആണ് സീസണില്‍ വാര്‍ണറുടെ ഉയര്‍ന്ന സ്കോര്‍. 136.69 ആണ് ധവാന്‍റെ പ്രഹരശേഷി. 14 കളികളില്‍ 380 റണ്‍സടിച്ച മനീഷ് പാണ്ഡെ രണ്ടാമതും 11 കളികളില്‍ 345 റണ്‍സടിച്ച ജോണി ബെയര്‍സ്റ്റോ മൂന്നാമതും നില്‍ക്കുമ്പോള്‍ നാലു കളികളില്‍ 214 റണ്‍സടിച്ച വൃദ്ധിമാന്‍ സഹായാണ് നാലാമത്.
ദേവ്‌ദത്ത് പടിക്കല്‍-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സുമെല്ലാം ഉള്ള ബാംഗ്ലൂര്‍ നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചത് ഒരു മലയാളിയാണ്. ബാംഗ്ലൂരിന്‍റെ ഓപ്പണറായ ദേവ്ദത്ത് പട്ടിക്കല്‍. 14 കളികളില്‍ 33.71 ശരാശരിയില്‍ 472 റണ്‍സ്. 74 റണ്‍സാണ് സീസണില്‍ പടിക്കലിന്‍റെ ഉയര്‍ന്ന സ്കോര്‍. 126.54 ആണ് പടിക്കലിന്‍റെ പ്രഹരശേഷി. 14 കളികളില്‍ 460 റണ്‍സടിച്ച ക്യാപ്റ്റന്‍ വിരാട് കോലി രണ്ടാമതും 14 കളികളില്‍ 398 റണ്‍സടിച്ച ഡിവില്ലിയേഴ്സ് മൂന്നാമതും നില്‍ക്കുന്നു.
ശുഭ്മാന്‍ ഗില്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ പ്ലേ ഓഫ് ബര്‍ത്ത് നഷ്ടമായ കൊല്‍ക്കത്തക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ചത് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ആണ്. 14 കളികളില്‍ 33.84 ശരാശരിയില്‍ 440 റണ്‍സ്. 70* ആണ് സീസണില്‍ ഗില്ലിന്‍റെ ഉയര്‍ന്ന സ്കോര്‍.117.96 ആണ് ഗില്ലിന്‍റെ പ്രഹരശേഷി. 14 കളികളില്‍ 418 റണ്‍സടിച്ച ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ രണ്ടാമതും 14 കളികളില്‍ 352 റണ്‍സടിച്ച നിതീഷ് റാണ മൂന്നാമതുമാണ്. മുന്‍ നായകന്‍ ദിനേശ് കാര്‍ത്തിക്ക്(169) അഞ്ചാമതുള്ളപ്പോള്‍ ആന്ദ്രെ റസല്‍(10 കളികളില്‍ 117) എട്ടാമതാണ്. പാറ്റ് കമിന്‍സ്(146) പോലും റസലിന് മുന്നിലാണ്.
കെ എല്‍ രാഹുല്‍-കിംഗ്സ് ഇലവന്‍
പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചത് കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ ഓപ്പണറും നായകനുമായ കെ എല്‍ രാഹുല്‍ ആണ്. 14 കളികളില്‍ 55.83 ശരാശരിയില്‍ 670 റണ്‍സ്. 132* റണ്‍സാണ് സീസണില്‍ രാഹുലിന്‍റെ ഉയര്‍ന്ന സ്കോര്‍. 129.34 ആണ് രാഹുലിന്‍റെ പ്രഹരശേഷി. 11 കളികളില്‍ 424 റണ്‍സടിച്ച മായങ്ക് അഗര്‍വാള്‍ രണ്ടാമതും 14 കളികളില്‍ 353 റണ്‍സടിച്ച നിക്കോളാസ് പുരാന്‍ മൂന്നാമതും നില്‍ക്കുന്നു. ഏഴ് കളികളില്‍ 288 റണ്‍സടിച്ച് ക്രിസ് ഗെയ്ല്‍ നാലാമതാണ്.
ഫാഫ് ഡൂപ്ലെസി-ചെന്നൈ സൂപ്പര്‍ കിംഗ്സ്
പ്ലേ ഓഫ് കാണാതെ ആദ്യമേ പുറത്തായ ചെന്നൈക്കായി സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചത് ഓപ്പണര്‍ ഫാഫ് ഡൂപ്ലെസിയാണ്. 13 കളികളില്‍ 40.81 ശരാശരിയില്‍ 449 റണ്‍സ്. 87* റണ്‍സാണ് സീസണില്‍ ഡൂപ്ലെസിയുടെ ഉയര്‍ന്ന സ്കോര്‍. 140.75 ആണ് ഡൂപ്ലെസിയുടെ പ്രഹരശേഷി. 12 കളികളില്‍ 359 റണ്‍സടിച്ച അംബാട്ടി റായുഡു രണ്ടാമതും 11 കളികളില്‍ 299 റണ്‍സടിച്ച ഷെയ്ന്‍ വാട്സണ്‍ മൂന്നാമതും നില്‍ക്കുന്നു.14 കളികളില്‍ 200 റണ്‍സടിച്ച നായകന്‍ എം എസ് ധോണി ആറാമതാണ്.
സഞ്ജു സാംസണ്‍-രാജസ്ഥാന്‍ റോയല്‍സ്
കൊല്‍ക്കത്തക്കെതിരായ അവസാന മത്സരത്തിലെ തോല്‍വിയോടെ പ്ലേ ഓഫ് കാണാതെ പുറത്തായ രാജസ്ഥാനായി സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചത് മലയാളി താരം സഞ്ജു സാംസണാണ്. 14 കളികളില്‍ 28.84 ശരാശരിയില്‍ 375 റണ്‍സ്. 85 റണ്‍സാണ് സീസണില്‍ സഞ്ജുവിന്‍റെ ഉയര്‍ന്ന സ്കോര്‍. 158.89 ആണ് സഞ്ജുവിന്‍റെ പ്രഹരശേഷി. 13 കളികളില്‍ 328 റണ്‍സടിച്ച ജോസ് ബട്‌ലര്‍ രണ്ടാമതും 14 കളികളില്‍ 311 റണ്‍സടിച്ച സ്റ്റീവ് സ്മിത്ത് മൂന്നാമതും നില്‍ക്കുന്നു.എട്ട് കളികളില്‍ 285 റണ്‍സടിച്ച ബെന്‍ സ്റ്റോക്സ് ആണ് നാലാമത്.