മലയാളി പേസറെ നിര്‍ബന്ധിത ക്വാറന്‍റീനിലാക്കിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് ചെന്നൈ ടീം സിഇഒ
ദുബായ്: ടീമിന്‍റെ ബയോ സെക്യുര്‍ ബബ്ബിളില്‍ നിന്ന് പുറത്തുകടന്നതിന് മലയാളി പേസര്‍ കെ എം ആസിഫിനെ നിര്‍ബന്ധിത ക്വാറന്‍റീനിലാക്കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. താമസിക്കുന്ന മുറിയുടെ സ്പെയര്‍ കീ ലഭിക്കാനായി ആസിഫ് ബയോ സെക്യുര്‍ ബബ്ബിള്‍ ലംഘിച്ച് ഹോട്ടലിന്‍റെ റിസപ്ഷനിലേക്ക് പോയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു.
കളിക്കാര്‍ക്കായുള്ള ലോബിയില്‍ തന്നെ പ്രത്യേക റിസപ്ഷന്‍ ഉണ്ടെന്നും ആസിഫ് ഹോട്ടലിന്‍റെ പ്രധാന റിസപ്ഷന്‍ മേഖലയില്‍ പോയെന്ന വാര്‍ത്തകള്‍ എവിടെനിന്നാണ് വന്നതെന്ന് തനിക്കറിയില്ലെന്നും കാശി വിശ്വനാഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
കളിക്കാരെയെല്ലാം കൃത്യമായ ഇടവേളകളില്‍ കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കുന്നുണ്ടെന്നും കളിക്കാരുമായി ഇടപെടുന്ന ഹോട്ടല്‍ ജീവനക്കാരെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കുന്നുണ്ടെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി.
കളിക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ മാത്രമായി പ്രത്യേകം ജിവനക്കാരെയാണ് ഹോട്ടലില്‍ നിയോഗിച്ചിരിക്കുന്നത്. ഇവരാരും ഹോട്ടലിലെ മറ്റ് ജീവനക്കാരുമായി ഇടപെടാറില്ല. ആസിഫിന്‍റെ മുറിയുടെ ചാവി നഷ്ടമായെന്നത് സത്യമാണെന്നും പകരം ചാവി ലഭ്യമാക്കിയെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു.
സ്ഥിതിഗതികളുടെ ഗൗരവം എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണ് കളിക്കാരും ടീമിലെ മറ്റ് അംഗങ്ങളും ഇടപെടുന്നത്. താന്‍ പോലും കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റെയും ഫ്ലോറിലേക്ക് പ്രവേശിക്കാറില്ലെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു.
ഒഫീഷ്യല്‍സിനും കളിക്കാര്‍ക്കും വെവ്വേറെ ബബ്ബിളുകളാണ് ഹോട്ടലിലുള്ളത്. മനുഷ്യസാധ്യമായ എല്ലാ മുന്‍കരുതലും ടീം എടുക്കുന്നുണ്ട്. കളിക്കാരെ ഇതുവരെ 14 തവണ കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കി. ആസിഫും ഇതുപോലെ പരിശോധനകള്‍ക്ക് വിധേയനായ കളിക്കാരനാണ്. അദ്ദേഹത്തിന്‍റെ പരിശോധനാഫലവും നെഗറ്റീവാണെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു.
ഐപിഎല്ലില്‍ ആറു ദിവസത്തെ ഇടവേളയ്ക്കുശേഷം ധോണിപ്പട നാളെ കളത്തിലിറങ്ങുകയാണ്. ഹൈദരാബാദ് ആണ് എതിരാളികള്‍. മൂന്ന് കളികളില്‍ ഒരു ജയം മാത്രമുള്ള ചെന്നൈ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.