'ഞങ്ങളുടെ വാറുണ്ണിയെ തിരിച്ചുവേണം'; വാര്‍ണര്‍ക്കായി മുറവിളികൂട്ടി സണ്‍റൈസേഴ്‌സ് ആരാധകര്‍! ക്യാംപയിന്‍
ദുബായ്: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ ഡേവിഡ് വാര്‍ണര്‍(David Warner) മറക്കാന്‍ ആഗ്രഹിക്കുന്ന ഐപിഎല്‍(IPL 2021) സീസണായിരിക്കും ഇത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ(Sunrisers Hyderabad) കിരീടത്തിലേക്ക് നയിച്ചിട്ടുള്ള ഫ്രാഞ്ചൈസിയുടെ എക്കാലത്തെയും മികച്ച താരം ക്യാപ്റ്റന്‍ സ്ഥാനത്തും പ്ലേയിംഗ് ഇലവനില്‍ നിന്നും തെറിക്കുന്നതാണ് ഇക്കുറി ആരാധകര്‍ കണ്ടത്. ഹൈദരാബാദിനെ സ്വന്തം വീടുപോലെ കരുതുന്ന താരം സീസണിലെ അവസാന മത്സരങ്ങളില്‍ ടീമില്‍പ്പോലുമുണ്ടായില്ല എന്നതിനേക്കാള്‍ വലിയ അപമാനം ഐപിഎല്‍ കരിയറില്‍ വാര്‍ണര്‍ക്കുണ്ടാവില്ല. വരും സീസണിന് മുമ്പ് മെഗാ താരലേലം നടക്കും എന്നിരിക്കേ വാര്‍ണറുടെ ഐപിഎല്‍ ഭാവി ചോദ്യചിഹ്നമാണ്. വാര്‍ണറെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്താനുള്ള സാധ്യത വിരളമാണ് എങ്കിലും താരത്തെ പറഞ്ഞയക്കരുത് എന്ന് വാദിച്ച് ക്യാംപയിന്‍ ആരംഭിച്ചിരിക്കുകയാണ് 'ഓറഞ്ച് ആര്‍മി'(Orange Army). പ്രിയ വാറുണ്ണിക്കായി ആരാധകര്‍ മുറവിളി കൂട്ടുന്ന ചില ട്വീറ്റുകള്‍ കാണാം.
ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറ് സീസണുകളില്‍ 500ലേറെ റണ്‍സടിച്ചിട്ടുള്ള ഒരു താരമാണ് ഡേവിഡ് വാര്‍ണര്‍. എന്നാല്‍ ഇത്തവണ ഐപിഎല്‍ മധ്യേ ക്യാപ്റ്റന്‍ സ്ഥാനം നഷ്‌ടമായിടത്ത് തുടങ്ങി വാര്‍ണറുടെ കഷ്‌ടകാലം.
ഐപിഎല്‍ രണ്ടാം ഘട്ടം യുഎഇയില്‍ തുടങ്ങിയപ്പോള്‍ രണ്ട് മത്സരങ്ങളിലേ വാര്‍ണര്‍ക്ക് അവസരം ലഭിച്ചുള്ളൂ. 0, 2 എന്നിങ്ങനെയായിരുന്നു സ്‌കോര്‍.
വൈകാതെ ടീമില്‍ നിന്നുപോലും സണ്‍റൈസേഴ്‌സിന്‍റെ എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍ പുറത്തായി. എട്ട് മത്സരങ്ങളില്‍ 195 റണ്‍സാണ് സീസണിലെ സമ്പാദ്യം.
ടീമില്‍ നിന്ന് പുറത്തായ വാര്‍ണര്‍ അവസാന മത്സരങ്ങളില്‍ ഡഗ് ഔട്ടില്‍ പോലും ഇരിക്കാതെ ഗ്യാലറിയിലിരുന്ന് കളി കാണുന്നത് കണ്ട് ആരാധകരുടെ കണ്ണുനിറഞ്ഞു.
ഐപിഎല്‍ 2022ന് മുമ്പ് മെഗാ താരലേലം വരാനുണ്ട്. നിലവിലെ സാഹചര്യത്തില്‍ ക്ലബിന്റെ ഇതിഹാസ താരമായ വാര്‍ണറെ ടീം നിലനിര്‍ത്താന്‍ ഒരു സാധ്യതയുമില്ല.
അതേസമയം വരും സീസണിലും ഹൈദരാബാദിനായി കളിക്കാന്‍ ആഗ്രഹമുണ്ട് വാര്‍ണര്‍ക്ക്. തീരുമാനങ്ങളൊന്നും തന്‍റെ കൈയിലല്ലെന്നും ടീം ഉടമകളാണ് അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും വാര്‍ണര്‍ പറഞ്ഞിരുന്നു.
അടുത്ത സീസണ്‍ ഐപിഎല്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാല്‍ ഹോം ഗ്രൗണ്ടില്‍ സണ്‍റൈസേഴ്‌സ് കുപ്പായത്തില്‍ വാര്‍ണറെ എത്തിക്കാനുള്ള പദ്ധതികളാണ് ആരാധകര്‍ ഒരുക്കുന്നത്.
ഇതിന്‍റെ ഭാഗമായി ഓറഞ്ച് ആര്‍മി ക്യാംപയിന്‍ ആരംഭിച്ചു. വാര്‍ണറില്ലാതെ സണ്‍റൈസേഴ്‌സില്ല(#NoWarnerNoSRH) എന്നതാണ് ഇവരുടെ ഹാഷ്‌ടാഗും മുദ്രാവാക്യവും.
ക്ലബിന്‍റെ ഇതിഹാസ താരമായ വാർണര്‍ ബഹുമാനം അര്‍ഹിക്കുന്നതായും താരത്തെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് സണ്‍റൈസേഴ്‌സിന് കത്തെഴുതിയ ആരാധകരുമുണ്ട്.
2014ല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് 5.5 കോടി രൂപയ്‌ക്കാണ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ എത്തിയത്. 2015ല്‍ നായകസ്ഥാനം ഏറ്റെടുത്ത വാര്‍ണര്‍ 2016ല്‍ ടീമിനെ ആദ്യ കിരീടത്തിലേക്ക് നയിച്ചു.
സണ്‍റൈസേഴ്‌സ് കുപ്പായത്തില്‍ 95 മത്സരങ്ങളില്‍ 4014 റണ്‍സ് നേടിയ വാര്‍ണറാണ് ടീമിനായി 3000 റണ്‍സ് നാഴികക്കല്ല് പിന്നിട്ട ഏക താരം.
ഐപിഎല്‍ കരിയറില്‍ 150 മത്സരങ്ങളില്‍ നാല് സെഞ്ചുറിയും 50 ഫിഫ്റ്റിയും സഹിതം 5449 റണ്‍സ് ഈ ഓസീസ് ഓപ്പണര്‍ക്കുണ്ട്. മൂന്ന് സീസണില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി.