മുംബൈയെ വീഴ്ത്തണമെങ്കില്‍ കൊല്‍ക്കത്ത വിയര്‍ക്കും, കാരണം ഈ കണക്കുകള്‍
അബുദാബി: ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സ്(Mumabai Indians) ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ( Kolakata Knight Riders) നേരിടാനിറങ്ങുകയാണ്. കഴിഞ്ഞ മത്സരത്തില്‍ വിരാട് കോലി(Virat Kohli)യുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (Royal Challengers Banglore)കീഴടക്കി വിജയവഴിയില്‍ തിരിച്ചെത്തുകയും പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തുകയും ചെയ്ത കൊല്‍ക്കത്തക്ക് മുംബൈക്കെതിരായ പോരാട്ടം അത്ര എളുപ്പമാകില്ലെന്നാണ് കണക്കുകളും ചരിത്രവും പറയുന്നത്.
മുംബൈയെ വീഴ്ത്തി പ്ലേ ഓഫ് സാധ്യത സജീവമാക്കണമെങ്കില്‍ കൊല്‍ക്കത്തക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി മുംബൈ നായകന്‍ രോഹിത് ശര്‍മയായിരിക്കും. കാരണം കൊല്‍ക്കത്തക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമാണ് രോഹിത്. 982 റണ്‍സാണ് ഇതുവരെ രോഹിത് കൊല്‍ക്കത്തക്കെതിരെ അടിച്ചെടുത്തത്.
ഇന്നത്തെ മത്സരത്തില്‍ 18 റണ്‍സ് കൂടി നേടിയാല്‍ രോഹിത്തിന് കൊല്‍ക്കത്തക്കെതിരെ മാത്രം ഐപിഎല്ലില്‍ 1000 റണ്‍സ് തികക്കാനാവും. ഒപ്പം ഐപിഎല്‍ ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന നേട്ടവും രോഹിത്തിന് സ്വന്തമാവും.
മൂന്ന് സിക്സ് കൂടി നേടിയാല്‍ രോഹിത് ശര്‍മ ടി20 ക്രിക്കറ്റില്‍ 400 സിക്സ് പൂര്‍ത്തിയാക്കും. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാവാനും രോഹിത്തിന് കഴിയും.
ഐപിഎല്ലില്‍ ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും മികച്ച വിജയ റെക്കോര്‍ഡുള്ളത് കൊല്‍ക്കത്തക്കെതിരെ രോഹിത്തിന്‍റെ പേരിലാണ്. കൊല്‍ക്കത്തക്കെതിരായ മത്സരങ്ങളില്‍ 78 ശതമാനമാണ് രോഹിത്തിന്‍റെ വിജയശതമാനം.
വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന് രണ്ടാമത്തെ മികച്ച വിജയശതമാനമുള്ളത്-67%.
കണക്കുകളാണ് കൊല്‍ക്കത്തക്ക മുന്നിലുള്ള മറ്റൊരു വെല്ലുവിളി. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മുംബൈക്കെതിരെ കളിച്ച 12 മത്സരങ്ങളില്‍ ഒന്നു മാത്രമാണ് കൊല്‍ക്കത്ത ജയിച്ചത്. 2019ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍. അതേസമയം, മുംബൈ ആകട്ടെ 11 മത്സരങ്ങളില്‍ ജയിച്ചു.
ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ തോല്‍വിയോടെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചല്ല മുംബൈ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ രോഹിത്, ഇന്ന് മുംബൈയെ നയിക്കാനെത്തുമെന്നാണ് പ്രതീക്ഷ. ചെന്നൈക്കെതിരായ മത്സരത്തില്‍ കീറോണ്‍ പൊള്ളാര്‍ഡായിരുന്നു മുംബൈയെ നയിച്ചത്.
കൊല്‍ക്കത്തയുടെ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്ന മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ രോഹിത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതു കൂടി ഇന്നത്തെ പോരാട്ടത്തെ ആവേശകരമാക്കും. ബാംഗ്ലൂരിനെതിരെ മൂന്ന് വിക്കറ്റുമായി വരുണ്‍ ചക്രവര്‍ത്തി തിളങ്ങിയിരുന്നു.