ഐപിഎല്‍ 2021: കലാശപ്പോരില്‍ മലയാളിപ്പരുമ; ചെന്നൈ ജേഴ്‌സിയില്‍ രണ്ട് താരങ്ങള്‍, കൊല്‍ക്കത്തയില്‍ മൂന്ന്!
ഐപിഎല്‍ (IPL 2021) ഫൈനലില്‍ കളിക്കുന്ന രണ്ട് ടീമുകളിലായി അഞ്ച് മലയാളി താരങ്ങളുണ്ട്. ഇവരില്‍ രണ്ട് പേര്‍ അന്തിമ ഇലവനില്‍ എത്തുമെന്ന് ഉറപ്പാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ (Chennai Super Kings) റോബിന്‍ ഉത്തപ്പ (Robin Uthappa), കെ എം ആസിഫ് (KM Asif) എന്നിവരാണ് മലയാളികള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ (Kolkata Knight Riders) വരുണ്‍ ചക്രവര്‍ത്തി (Varun Chakravarthy), സന്ദീപ് വാര്യര്‍ (Sandeep Warrier), കരുണ്‍ നായര്‍ (Karun Nair) എന്നിവരാണ് മലയാലികള്‍.
റോബിന്‍ ഉത്തപ്പ
കൊല്‍ക്കത്ത അവസാനം ഐപിഎല്‍ കിരീടം നേടിയ 2014 സീസണിലെ റണ്‍വേട്ടയില്‍ ഒന്നാമനായിരുന്നു ഉത്തപ്പ. ഇത്തവണ സുരേഷ് റെയ്‌ന ഫോമില്‍ എത്താതിരുന്നതോടെയാണ് ഉത്തപ്പയ്ക്ക് ചെന്നൈ ടീമില്‍ അവസരം ലഭിച്ചത്. ഡല്‍ഹിക്കെതിരായ ക്വാളിഫയറില്‍ 44 പന്തില്‍ 63 റണ്‍സെടുത്ത ഉത്തപ്പ ധോണിയുടെ വിശ്വാസം കാത്തു. 2014ലെ ഫൈനലില്‍ കൊല്‍ക്കത്തയ്ക്കായി ഒപ്പം കളിച്ച സുനില്‍ നരെയ്ന്‍, ഷാക്കിബ് അല്‍ ഹസ്സന്‍ എന്നിവരാകും ഉത്തപ്പയ്ക്ക് ഇന്ന് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുക.
കെ എം ആസിഫ്
മലപ്പുറം, എടവണ്ണ സ്വദേശിയായ ആസിഫിന് സീസണില്‍ ഒരിക്കല്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. രാജസ്ഥാനെതിരായ പ്രാഥമിക റൗണ്ടില്‍ ഒരു വിക്കറ്റ് വീഴ്ത്തിയ ചെന്നൈ പേസര്‍ പരിക്കിനെ തുടര്‍ന്ന് മത്സരം മുഴുമിക്കാതെ പുറത്തുപോയി. ഫൈനലില്‍ കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല.
വരുണ്‍ ചക്രവര്‍ത്തി
മാവേലിക്കര സ്വദേശി വിനോദ് ചക്രവര്‍ത്തിയുടെ മകന്‍ വരുണ്‍ ചക്രവര്‍ത്തിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളര്‍മാരില്‍ ഒന്നാമന്‍. 16 കളിയില്‍ വരുണ്‍ വീഴ്ത്തിയത് 18 വിക്കറ്റ്. ധോണിക്കെതിരെ മികച്ച റെക്കോര്‍ഡുള്ള വരുണ്‍ ഓവറില്‍ വിട്ടുകൊടുക്കുന്നത് ശരാശരി 6.40 റണ്‍സ് മാത്രം.
കരുണ്‍ നായര്‍
മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരമായി കരുണ്‍ നായര്‍ക്ക് ഈ സീസണില്‍ ഒരിക്കല്‍ പോലും കളിക്കാന്‍ അ്‌വസരം ലഭിച്ചിട്ടില്ല. ഈ സീസണിലാണ് താരം കൊല്‍ക്കത്തയിലെത്തുന്നത്. തൊട്ടുമുമ്പുള്ള സീസണില്‍ പഞ്ചാബ് കിംഗ്‌സിന് വേണ്ടിയാണ് താരം കളിച്ചിരുന്നത്.
സന്ദീപ് വാര്യര്‍
പ്രാഥമിക റൗണ്ടില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ കളിക്കാന്‍ സന്ദീപ് വാര്യര്‍ക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ മലയാളി പേസര്‍ക്കായില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിന് വേണ്ടിയാണ് സന്ദീപ് കളിക്കുന്നത്.