നിരാശപ്പെടുത്തിയ സൂപ്പര്‍ താരങ്ങള്‍; ഇത് ഐപിഎല്ലിലെ ഫ്ലോപ്പ് ഇലവന്‍
ദുബായ്: ഐപിഎല്‍(IPL 2021) ലീഗ ഘട്ടം പിന്നിട്ട് പ്ലേ ഓഫിലെത്തിയിരിക്കുകയാണ്. ലീഗ് ഘട്ടത്തില്‍ ഡേവിഡ‍് വാര്‍ണറെയും(David Warner) ഓയിന്‍ മോര്‍ഗനെയും(Eoin Morgan) പോലുള്ള പല സൂപ്പര്‍ താരങ്ങളും നിരാശപ്പെടുത്തിയപ്പോള്‍ ഹര്‍ഷല്‍ പട്ടേലിനെയും ആവേശ് ഖാനെയും പോലെ പുതിയ താരങ്ങള്‍ ഉദിച്ചുയര്‍നനു. ലീഗ് ഘട്ടത്തില്‍ നിരാശപ്പെടുത്തിയ നമ്പന്‍ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ഫ്ലോപ്പ് ഇലവന്‍ തെരഞ്ഞെടുത്താല്‍ അതില്‍ ആരൊക്കെയുണ്ടാവുമെന്ന് നോക്കാം.
ഡേവിഡ‍് വാര്‍ണര്‍: ഫ്ലോപ്പ് ഇലവന്‍റെ ഓപ്പണറാവാന്‍ ഇതിലും നല്ലൊരു താരമില്ല. തുടര്‍ച്ചയായ ആറ് സീസണുകളില്‍ 500 ലേറെ റണ്‍സടിച്ചിട്ടുള്ള ഒരു താരത്തിന് ഇത്തവണ ഐപിഎല്ലിന്‍റെ പകുതിയില്‍വെച്ച് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായി. പിന്നീട ടീമില്‍ നിന്നുപോലും പുറത്തായ വാര്‍ണര്‍ അവസാന മത്സരങ്ങളില്‍ ഡഗ് ഔട്ടില്‍ പോലും ഇരിക്കാതെ ഗ്യാലറിയിലിരുന്നാണ് കളി കണ്ടിരുന്നത്.
ക്രിസ് ഗെയ്ല്‍: വാര്‍ണര്‍ക്കൊപ്പം ചേര്‍ത്തു പറയാവുന്ന പേരാണ് പഞ്ചാബ് കിംഗ്സ് താരം ക്രിസ് ഗെയ്‌ലിന്‍റേത്. ഇത്തവണ പഞ്ചാബ് ഓഫ് കാണാതെ പുറത്തായതിന് പിന്നില്‍ ഗെയ്‌ലിന്‍റെ ബാറ്റ് നിശബ്ദമായതും ഒരു കാരണമായിരുന്നു. 10 മത്സരങ്ങള്‍ പഞ്ചാബിനായി കളിച്ച ഗെയ്ല്‍ 193 റണ്‍സ് മാത്രമാണ് നേടിയത്. ഉയര്‍ന്ന സ്കോറാകട്ടെ 46.
സുരേഷ് റെയ്ന: പതിനാലാം സീസണ്‍ ഐപിഎല്ലിലെ ഏറ്റവും വലിയ നിരാശകളിലൊന്നാണ് സുരേഷ് റെയ്ന. മുമ്പ് ചെന്നൈയുടെ വിശ്വസ്തനായിരുന്ന റെയ്ന ഇത്തവണ 12 കളികളില്‍ നിന്ന് നേടിയത് ആകെ 160 റണ്‍സ് മാത്രം. ഒടുവില്‍ മുട്ടിനേറ്റ് പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായി.
ഓയിന്‍ മോര്‍ഗന്‍: കൊല്‍ക്കത്തയുടെ നായകനാണെങ്കിലും ബാറ്റിംഗില്‍ ടീമിന് വലിയ ബാധ്യതയായിരുന്നു ലീഗ് ഘട്ടത്തില്‍ ഓയിന്‍ മോര്‍ഗന്‍. 14 മത്സരങ്ങളില്‍ 12.4 ശരാശരിയില്‍ 125 റണ്‍സ് മാത്രമാണ് മോര്‍ഗന്‍റെ ഇത്തവണത്തെ ആകെ സംഭാവന.
നിക്കൊളാസ് പുരാന്‍: പഞ്ചാബ് കിംഗ്സിന്‍റെ വിന്‍ഡീസ് താരം നിക്കോളാസ് പുരാനാണ് മധ്യനിരയില്‍ തീര്‍ത്തും നിരാശപ്പെടുത്തി മറ്റൊരു താരം. 12 കളികളില്‍ പഞ്ചാബിനായി ഇറങ്ങിയ പുരാന്‍ 7.72 ശരാശരിയില്‍ നേടിയത് 85 റണ്‍സ്.
ഹര്‍ദ്ദിക് പാണ്ഡ്യ: ഓള്‍ റൗണ്ടറെന്ന നിലയില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ താരം മുംബൈ ഇന്ത്യന്‍സിന്‍റെ ഹാര്‍ദ്ദിക് പാണ്ഡ്യയാണ്. 12 കളികളില്‍ മുംബൈക്കായി ഇറങ്ങിയ പാണ്ഡ്യ ആകെ നേടിയത് 127 റണ്‍സ്. പ്രഹരശേഷിയാകട്ടെ 113.39. ഉയര്‍ന്ന സ്കോര്‍ 40.
എം എസ് ധോണി: ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ പ്ലേ ഓഫിലെത്തിച്ചെങ്കിലും ബാറ്ററെന്ന നിലയിലും ഫിനിഷറെന്ന നിലയിലും തീര്‍ത്തും നിരാശപ്പെടുത്തിയ പ്രകടനമായിരുന്നു എം എസ് ധോണിയുടേത്. 14 കളികളില്‍ പത്ത് ഇന്നിംഗ്സുകളില്‍ നിന്ന് 96 റണ്‍സ് മാത്രമാണ് ധോണി നേടിയത്. ഉയര്‍ന്ന സ്കോറാകട്ടെ 18ഉം.
രാഹുല്‍ തെവാട്ടിയ: ബാറ്ററെന്ന നിലയിലും ലെഗ് സ്പിന്നറെന്ന നിലയിലും നിരാശപ്പെടുത്തിയ പ്രകടനമായിരുന്ന രാഹുല്‍ തെവാട്ടിയുടേത്. 14 മത്സരങ്ങളില്‍ എട്ട് വിക്കറ്റ് മാത്രമാണ് തെവാട്ടിയ നേടിയത്. 14 കളികളില്‍ ബാറ്ററെന്ന നിലയില്‍ 155 റണ്‍സാണ് തെവാട്ടിയ നേടിയത്.
കെയ്ല്‍ ജയ്മിസണ്‍: ഐപിഎല്‍ താരലേലത്തിലെ പൊന്നുംവിലയുള്ള താരമായിരുന്ന കെയ്ല്‍ ജയ്മിസണ്‍. 15 കോടി രൂപക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയ ജയ്മിസണ്‍ ഒമ്പത് മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റ് മാത്രമാണ് നേടിയത്.
സാം കറന്‍: ചെന്നൈ സൂപ്പര്‍ കിംഗ്സ് യുവതാരം സാം കറനാണ് ഐപിഎല്‍ ഫ്ലോപ്പ് ഇലവനില്‍ ഇടം പിടിച്ച മറ്റൊരു താരം. ഒമ്പത് മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റ് മാത്രം വീഴ്ത്തിയ സാം കറന്‍ ബാറ്ററെന്ന നിലയില്‍ ഒമ്പത് മത്സരങ്ങളില്‍ ആകെ നേടിയത് 56 റണ്‍സ് മാത്രമാണ്.
ഭുവനേശ്വര്‍ കുമാര്‍: ഇന്ത്യയുടെ ലോകകപ്പ് ടീമിലിടം നേടിയ ഭുവനേശ്വര്‍ കുമാര്‍ ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തി. 11 മത്സരങ്ങളില്‍ ഹൈദരാബാദിനായി ഭുവി ആകെ വീഴ്ത്തിയത് 6 വിക്കറ്റ് മാത്രം.