ഷാര്‍ജയില്‍ ബാറ്റിംഗ് വിരുന്നൊരുക്കാന്‍ സഞ്ജു; പ്രതീക്ഷിക്കാന്‍ കാരണങ്ങളുണ്ട്!
ഷാര്‍ജ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടുമ്പോള്‍ ശ്രദ്ധേയം മലയാളി താരം സഞ്ജു വി സാംസണ്‍. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ സഞ്ജുവിന് നിര്‍ണായകമാണ് ഐപിഎല്ലിലെ പ്രകടനം. കേരളത്തിന്‍റെ രഞ്ജി താരമായ റോബിന്‍ ഉത്തപ്പയും സഞ്ജുവിനൊപ്പം രാജസ്ഥാന്‍ റോയൽസ് ടീമിലുണ്ട്.
ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണ് ഇന്ന് സീസണിലെ ആദ്യ മത്സരം.
25 വയസേയുള്ളൂ എങ്കിലും രാജസ്ഥാന്‍ റോയൽസിലെ സീനിയര്‍ താരങ്ങളിലൊരാളാണ് സഞ്ജു സാംസൺ.
കഴിഞ്ഞയാഴ്ച രാജസ്ഥാന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ പരിശീലന മത്സരത്തിൽ ഒരു ടീമിനെ നയിച്ചതും സഞ്ജുവായിരുന്നു.
2013ൽ റോയൽസിലെത്തിയ സഞ്ജു 93 ഐപിഎൽ മത്സരങ്ങളില്‍ രണ്ട് സെഞ്ചുറി അടക്കം 2209 റൺസ് നേടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മുന്‍ സീസണുകളേക്കാള്‍ ആക്രമിച്ചുകളിച്ച സഞ്ജു 148.69 സ്‌ട്രൈക്ക് റേറ്റിൽ 342 റൺസാണ് നേടിയത്.
കൊവിഡ് കാലത്ത് പോലും കഠിന പരിശീലനം പൂര്‍ത്തിയാക്കിയാണ് സഞ്ജു യുഎഇയില്‍ എത്തിയിരിക്കുന്നത്.
ന്യൂസിലന്‍ഡിനും ശ്രീലങ്കയ്ക്കും എതിരായ പരമ്പരകളില്‍ ഇന്ത്യന്‍ ടീമിലെത്തിയ സഞ്ജുവിന് സെലക്ടര്‍മാരുടെ റഡാറില്‍ തുടരാന്‍ ഈ സീസണില്‍ മികച്ച പ്രകടനം അനിവാര്യമാകും.
താരലേലത്തിൽ മൂന്ന് കോടി രൂപയ്ക്ക് രാജസ്ഥാനിലെത്തിയ റോബിന്‍ ഉത്തപ്പയും രാജസ്ഥാന്‍ റോയൽസ് ക്യാംപിലെ മലയാളി സാന്നിധ്യമാണ്.
177 ഐപിഎൽ മത്സരങ്ങളുടെ പരിചയസമ്പത്തുമായി ക്രീസിലെത്തുന്ന ഉത്തപ്പ ദേശീയ ടീമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല.
മലയാളി പേസര്‍ കെ എം ആസിഫും ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലുണ്ടെങ്കിലും ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ല.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം.
രാജസ്ഥാന്‍ റോയല്‍സിനെ സ്റ്റീവ് സ്‌മിത്തും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ എം എസ് ധോണിയും നയിക്കും.
ഐപിഎല്‍ 13-ാം സീസണ്‍ ജയത്തോടെ ആരംഭിക്കാനാണ് സ്റ്റീവ് സ്‌മിത്തും സംഘവും ഇറങ്ങുന്നത്.
നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ ആദ്യ മത്സരത്തില്‍ വീഴ്‌ത്തിയ ആത്മവിശ്വാസത്തിലാണ് ധോണിയും സംഘവും ഇറങ്ങുന്നത്.