ഇന്നത്തെ പോര് കോലിയും രാഹുലും തമ്മിലല്ല; കോലിയും കുബ്ലെയും തമ്മില്‍, ഇതാ കാരണങ്ങള്‍
ദുബായ്: ഐപിഎല്ലില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ നേരിടാനിറങ്ങുമ്പോള്‍ അത് ഇന്ത്യയുടെ നിലവിലെ നായകനായ കോലിയും ഭാവി നായകനെന്ന് കരുതുന്ന കെ എല്‍ രാഹുലും തമ്മിലുള്ള പോരാട്ടമായി കാണാനാവില്ല. കാരണം, കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ പരിശീലകസ്ഥാനത്ത് അനില്‍ കുംബ്ലെ ആണന്നതുതന്നെ കാരണം.
മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായിരുന്ന കുംബ്ലെയെ ആ സ്ഥാനത്തുനിന്ന് മാറ്റിയത് കോലിയുടെ പിടിവാശിയാണെന്ന് ആരാധകര്‍ ഇന്നും വിശ്വസിക്കുന്നു.
ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് വിജയകരമായ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി കുംബ്ലെ പടിയിറങ്ങിയത്.
പരിശീലകന്‍റെ കാര്യത്തില്ഡ ക്യാപ്റ്റന് ചില പ്രത്യേക അധികാരങ്ങളുണ്ടെന്ന് ബിസിസിഐ തന്നെ അറിയിച്ചുവെന്നും അതിനാല്‍ പടിയിറങ്ങുന്നുവെന്നുമായിരുന്നു അന്ന് കുംബ്ലെ പ്രതികരിച്ചത്.
കുംബ്ലെക്ക് കീഴില്‍ ഇന്ത്യ ഒന്നാം നമ്പര്‍ ടീമായി വളര്‍ന്നെങ്കിലും പരിശീലകന്‍റെ ഹെഡ് മാസ്റ്റര്‍ ശൈലി കളിക്കാരെ അലോസരപ്പെടുത്തുന്നുവെന്നായിരുന്നു ബിസിസിഐയുടെ നിലപാട്.
അന്ന് ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണും ചേര്‍ന്നാണ് രവി ശാസ്ത്രിക്ക് പകരം കുബ്ലെയെ പരിശീലകാനായി നിയമിച്ചത്.
എന്നാല്‍ ഒരുവര്‍ഷത്തിനുശേഷം കോലിയുമായുള്ള ഭിന്നതയെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ കുംബ്ലെക്ക് പകരം പരിശീലകനായി എത്തിയതാകട്ടെ രവി ശാസ്ത്രി തന്നെയായിരുന്നുവെന്നത് മറ്റൊരു കൗതുകം.
മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും പരിശീലക കുപ്പായമണിഞ്ഞ കുംബ്ലെയും കോലിയും വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആ പോരാട്ടത്തില്‍ ആര് ജയിക്കുമെന്ന ആകാംക്ഷ ആരാധകരിലുമുണ്ട്.