വരുന്നു പോവുന്നു.. വരുന്നു പോവുന്നു..! എന്തിനാണ് ഇങ്ങനെയൊരു ക്യാപ്റ്റന്‍? കാര്‍ത്തിക്കിനെതിരെ ട്രോള്‍മഴ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ ഫോമിലാവാത്ത ക്യാപ്റ്റനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ദിനേശ് കാര്‍ത്തിക്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 30 റണ്‍സെടുത്ത് ഒഴിച്ചാല്‍ പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും താരത്തിന് 10 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (3 പന്തില്‍ 0), രാജസ്ഥാന്‍ റോയല്‍സിനെതിരെ (3 പന്തില്‍ 1), ഡല്‍ഹി കാപിറ്റല്‍സിനെതിരെ (8 പന്തില്‍ 6) എന്നിങ്ങനെയായിരുന്നു കാര്‍ത്തികിന്റെ സ്‌കോറുകള്‍. കാര്‍ത്തികിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറഞ്ഞു. ഫേസ്ബുക്ക് ഗ്രൂപ്പായ മലയാളി ക്രിക്കറ്റ് സോണില്‍ വന്ന ചില ട്രോളുകള്‍ കാണാം.
ഇന്നലെ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും പൂര്‍ണ പരാജയമായിരുന്നു കാര്‍ത്തിക്.
ആറ് റണ്‍സെടുത്ത് പുറത്തായതോടെ കാര്‍ത്തികിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പകരം ഓയിന്‍ മോര്‍ഗന്റെ പേരാണ് നിര്‍ദേിക്കുന്നത്.
ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന്റെ നായകനായ മോര്‍ഗന്‍ ടീമിലുള്ളപ്പോള്‍ എന്തിനാണ് ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും മോശമായ മറ്റൊരു ക്യാപ്റ്റനെന്നാണ് ആരാധകരുടെ ചോദ്യം.
ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നതില്‍ കാര്‍ത്തിക്കിന് മികവ് കാണിക്കാനാവുന്നില്ലെന്നാണ് ആരോപണം. ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു.
കഴിവുള്ള നിരവധി താരങ്ങള്‍ ഉള്‍പ്പെടുന്ന ടീമാണ് കൊല്‍ക്കത്തയുടേത്. എന്നാല്‍ ബാറ്റിങ്ങ് ഓര്‍ഡറിലെ ആശയകുഴപ്പമാണ് കൊല്‍ക്കത്തയെ പലപ്പോവും കുഴിയില്‍ ചാടിക്കുന്നത്.
ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍ കാര്‍ത്തിക് ഇറങ്ങി. എന്നാല്‍ ഫോമിലാവാന്‍ സാധിച്ചിട്ടില്ല. മോര്‍ഗനെ പോലെ വമ്പനടികള്‍ക്ക് കെല്‍പ്പുള്ള ഒരു താരത്തെ അവസാനത്തേക്ക് ഇറക്കിയത് ചോദ്യം ചെയ്യപ്പെടുന്നു.
മോര്‍ഗന്‍ ആറാം നമ്പറില്‍ ഇറങ്ങി കഴിവ് തെളിയിച്ചിരുന്നു. 18 പന്തില്‍ 44 റണ്‍സടിച്ച മോര്‍ഗന്‍ അവസാന നിമിഷം വരെ കെകെആറിനെ മത്സരത്തില്‍ നിലനിര്‍ത്തിയിരുന്നു. ഒരു പക്ഷേ നേരത്തെ ഇറക്കിയിരുന്നെങ്കില്‍ സമ്മര്‍ദമില്ലാതെ മോര്‍ഗന് കളിക്കാന്‍ കഴിയുമായിരുന്നു.
തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ സുനില്‍ നരെയ്‌നെ ഓപ്പണറാക്കി ഇറക്കി. എന്നാല്‍ ഇതുവരെ താരത്തിന് ഫോമിലാവാന്‍ ആയിട്ടില്ല. സാങ്കേതിക തികവുള്ള താരമല്ല നരെയ്ന്‍. കാര്‍ത്തിക് ഇതുതന്നെ ആവര്‍ത്തിക്കുന്നതില്‍ കെകെആര്‍ ആരാധകര്‍ക്ക് ഒട്ടും യോജിപ്പിച്ചില്ല.
ഓപ്പണിംഗ് റോളില്‍ നിന്ന് നരെയ്‌നെ മാറ്റി കാര്‍ത്തിക് ആ സ്ഥാനത്ത് ഇറങ്ങണമെന്നുള്ള നിര്‍ദേശം വരുന്നുണ്ട്. അങ്ങനെയെങ്കില്‍ സുനില്‍ നരെയ്‌ന് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാനും കഴിയും.
മറ്റൊരു നിര്‍ദേശം ബൗളിങ്ങിലും ബാറ്റിങ്ങിലും മോശം പ്രകടനം പുറത്തെടുക്കുന്ന നരെയ്‌നെ പുറത്താക്കി ടോം ബാന്റണെ ഓപ്പണിംഗ് സ്ഥാനത്ത് കൊണ്ടുവരണമെന്നാണ്.
ശുഭ്മാന്‍ ഗില്‍- ബാന്റണ്‍ സഖ്യം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം. മൂന്നാമതായി ആന്ദ്രേ റസ്സലും നാലാമനായി മോര്‍ഗനും ക്രീസിലെത്തണം. ഇനി ബാന്റണെ കളിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ രാഹുല്‍ ത്രിപാഠിയേയും ഓപ്പണിംഗ് റോളില്‍ ഇറക്കാം.
സുനില്‍ ഗവാസ്‌കറാണ് ദിനേഷ് കാര്‍ത്തിക്കിനെ മാറ്റുന്ന കാര്യം ആദ്യം പറഞ്ഞത്. കെകെആറിന്റെ തുടക്കം നന്നായിട്ടില്ലെങ്കില്‍ മോര്‍ഗനെ ക്യാപ്റ്റനാക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് ഗവാസ്‌കര്‍ ആവശ്യപ്പെട്ടത്.
ദിനേഷ് കാര്‍ത്തിക് ഓപ്പണറായി ഇറങ്ങാന്‍ തയ്യാറല്ലെങ്കില്‍ ഇയാന്‍ മോര്‍ഗനും ആന്‍ഡ്രേ റസലിനും ശേഷം ബാറ്റിങ്ങിനിറങ്ങണമെന്ന് മുന്‍ ഇന്ത്യന്‍ താരം മദന്‍ലാല്‍ ആവശ്യപ്പെട്ടു. മോര്‍ഗനും റസ്സലിനും മുമ്പ് കാര്‍ത്തിക് ബാറ്റ് ചെയ്യാനെത്തുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ത്തികിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് മലയാളി താരം എസ് ശ്രീശാന്തും അഭിപ്രായപ്പെട്ടിരുന്നു. മോര്‍ഗന്‍ തന്നെയാണ് കെകെആറിന്റെ ക്യാപ്റ്റനാവാന്‍ അനുയോജ്യനെന്ന് ശ്രീ ട്വറ്ററില്‍ കുറിച്ചിട്ടു.
ഇന്നലെ ഡല്‍ഹി കാപിറ്റല്‍സിനെതിരെ 18 റണ്‍സിന്റെ തോല്‍വിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുണ്ടായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് 210 റണ്‍സ് നേടാനാണ് സാധിച്ചത്. നാല് മത്സരങ്ങളില്‍ രണ്ട് ജയവും തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ് കൊല്‍ക്കത്ത. ബുധനാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് അവരുടെ മത്സരം.