ധോണി അത്ര കൂളല്ല, ഐപിഎല്ലില്‍ വീണ്ടും കലിപ്പനായി; വിവാദം കൊഴുക്കുന്നു, അംപയറിംഗിനും രൂക്ഷ വിമര്‍ശനം
ഷാര്‍ജ: ഐപിഎല്ലിനിടെ അംപയറോട് ക്ഷുഭിതനായി വീണ്ടും എം എസ് ധോണി. രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിലായിരുന്നു സംഭവം. രാജസ്ഥാന്‍ ബാറ്റ്സ്മാനെതിരെ ഔട്ട് വിധിച്ച ശേഷം മൂന്നാം അംപയറുടെ സഹായം തേടിയതാണ് ധോണിയെ പ്രകോപിപ്പിച്ചത്.
രാജസ്ഥാന്‍ റോയൽസ് ഇന്നിംഗ്സിൽ ദീപക് ചാഹര്‍ എറിഞ്ഞ 18-ാം ഓവറിലാണ് സംഭവം.
ടോം കറന്‍റെ ബാറ്റ് കടന്ന പന്ത് ധോണിയുടെ ഗ്ലൗവിലെത്തിയതും ചെന്നൈ നായകന്‍ ക്യാച്ച് അവകാശപ്പെട്ടു.
അംപയര്‍ സി ഷംസുദ്ദീന്‍ കൂടുതലൊന്നും ആലോചിച്ചില്ല, വിരലുയര്‍ത്തി.
രാജസ്ഥാന്‍ റോയല്‍സിന്‍റെ റിവ്യു തീര്‍ന്നതിനാല്‍ ഡഗൗട്ടിലേക്ക് മടങ്ങുകയല്ലാതെ കറന് മുന്നിൽ മറ്റ് വഴിയില്ലാതായി.
എന്നാൽ പന്ത് ബാറ്റിൽ തട്ടിയില്ലെന്നും ധോണിയുടെ ഗ്ലൗവിലെത്തും മുന്‍പ് നിലത്ത് മുട്ടിയെന്നും റീപ്ലേയിൽ വ്യക്തമായി.
സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ റീപ്ലേ കണ്ടതോടെ സമ്മര്‍ദ്ദത്തിലായ ഷംസുദ്ദീന്‍ സ്ക്വയര്‍ ലെഗ് അംപയറുടെ അഭിപ്രായം തേടി.
പിന്നാലെ മൂന്നാം അംപയറായ അനന്തപത്മനാഭന് തീരുമാനം വിട്ടു. ദൃശ്യങ്ങള്‍ പരിശോധിച്ച അനന്തന്‍, കറന്‍ നോട്ടൗട്ടെന്നും വിധിച്ചു.
ഇതോടെ ധോണിയുടെ നിയന്ത്രണം നഷ്ടമായി.
അംപയര്‍ ബാറ്റ്സ്‌മാനെ പുറത്താക്കിയശേഷം മൂന്നാം അംപയറുടെ അഭിപ്രായം തേടിയത് ശരിയല്ലെന്ന് ധോണി കടുത്ത ഭാഷയിൽ തന്നെ തുറന്നടിച്ചു.
പഞ്ചാബ്- ഡൽഹി മത്സരഫലം തന്നെ മാറ്റിമറിച്ച അംപയറിംഗ് പിഴവിന് പിന്നാലെ ഷംസുദ്ദീന്‍റെ പിഴവും ഐപിഎല്ലിലെ അംപയറിംഗിനെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായി.
അതേസമയം 538 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണി പന്ത് നിലത്തുമുട്ടിയ ശേഷം ക്യാച്ച് അവകാശപ്പെട്ടതും അനുചിതവും നിരാശപ്പെടുത്തുന്നതുമായ നടപടിയായി.
കഴിഞ്ഞ സീസണിൽ ഗ്രൗണ്ടിലിറങ്ങി അംപയറോട് കയര്‍ത്ത ധോണിക്കെതിരെ അച്ചടക്ക നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല