ഐപിഎല്ലില്‍ തിളങ്ങണോ, ആര്‍സിബി വിടൂ; ബാംഗ്ലൂരിനെ ട്രോളിക്കൊന്ന് ആരാധകര്‍
ഷാര്‍ജ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് എട്ട് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. 171 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് കിംഗ്‌സ് ഇലവന്‍ നേടിയത്. യുസ്‌വേന്ദ്ര ചാഹലിനെ സിക്‌സര്‍ പറത്തിയായിരുന്നു നിക്കോളാസ് പുരാന്‍റെ വിജയാഘോഷം. പഞ്ചാബിനായി ക്രീസിലെത്തിയ നാല് പേരില്‍ മൂന്ന് താരങ്ങളും മുന്‍പ് ആര്‍സിബിക്കായി എന്നത് ശ്രദ്ധേയമാണ്. ആര്‍സിബിയെ ഇതുപറഞ്ഞ് ട്രോളുകയാണ് ആരാധകര്‍.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി നേടിയത് ആറ് വിക്കറ്റിന് 171 റണ്‍സ്.
39 പന്തില്‍ 48 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയായിരുന്നു ടോപ് സ്‌കോറര്‍.
അവസാന ഓവറുകളില്‍ തകര്‍ത്താടിയ ക്രിസ് മോറിസാണ്(8 പന്തില്‍ 25) ബാംഗ്ലൂരിനെ മികച്ച സ്‌കോറിലെത്തിച്ചത്.
മറുപടി ബാറ്റിംഗില്‍ അനായാസമായിരുന്നു പഞ്ചാബിന്‍റെ തുടക്കം.
കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഓപ്പണിംഗില്‍ 8 ഓവറില്‍ 78 റണ്‍സ് ചേര്‍ത്തു.
ആദ്യം പുറത്തായ മായങ്ക് 25 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 45 റണ്‍സ് നേടി.
മൂന്നാമനായെത്തിയ ക്രിസ് ഗെയ്‌ല്‍ സീസണിലെ ആദ്യ മത്സരത്തില്‍ നിറഞ്ഞാടി വരവറിയിച്ചു.
ഇന്നിംഗ്‌സ് അവസാനിക്കാന്‍ ഒരു പന്ത് ബാക്കിനില്‍ക്കേ ഗെയ്‌ല്‍ റണ്ണൗട്ടാകുമ്പോള്‍ 45 പന്തില്‍ 53 റണ്‍സുണ്ടായിരുന്നു പേരില്‍.
അഞ്ച് സിക്‌സുകള്‍ സഹിതമായിരുന്നു കാണികള്‍ക്ക് ആവേശം പകര്‍ന്ന് യൂണിവേഴ്‌സ് ബോസിന്‍റെ ഇന്നിംഗ്‌സ്.
നേരിട്ട ആദ്യ പന്തുതന്നെ സിക്‌സര്‍ പറത്തി നിക്കോളാസ് പുരാന്‍ മത്സരം പഞ്ചാബിന്‍റെ സ്വന്തമാക്കി.
മറുവശത്ത് നായകന്‍ കെ എല്‍ രാഹുല്‍ 49 പന്തില്‍ 61 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു.
പഞ്ചാബിനായി ഇറങ്ങിയ ടോപ്-ത്രീ താരങ്ങളില്‍ മൂന്ന് പേരും(മായങ്ക്, രാഹുല്‍, ഗെയ്‌ല്‍) മുമ്പ് ബാംഗ്ലൂരിനായി കളിച്ചവരാണ്.
ഇതോടെയാണ് ആര്‍സിബിയെ ട്രോളി ആരാധകര്‍ രംഗത്തെത്തിയത്.
ആര്‍സിബി വിടുന്നവരെല്ലാം രക്ഷപ്പെടും എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്.
ആര്‍സിബിക്കെതിരെ കളിക്കാന്‍ മുന്‍താരങ്ങള്‍ക്ക് എപ്പോഴും ഇഷ്‌ടമാണ് എന്ന് മറ്റൊരാളും ട്വീറ്റ് ചെയ്‌തു.