നീയെന്റെ അനിയനെ തൊടുമല്ലേടാ? ഹാര്‍ദിക്കിനെ പുറത്താക്കിയ കൗളിന് ക്രുനാലിന്റെ വക തല്ല്- വൈറലായി ട്രോളുകള്‍
ഐപിഎല്‍ ആരംഭിച്ചതോടെ ഓരോ ദിവസവും ഒരു താരത്തെയെങ്കിലും ട്രോളാനുള്ള അവസരം ആരാധകര്‍ക്ക് കിട്ടാറുണ്ട്. ഇത്തത്തെ ഇര സണ്‍റൈസേഴസ് ഹൈദരാബാദ് താരം സിദ്ദാര്‍ത്ഥ് കൗളായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെ നാല് ഓവറില്‍ 64 റണ്‍സ് വഴങ്ങിതതോടെയാണ് ട്രോളര്‍മാര്‍ കൗളിനെതിരെ തിരിഞ്ഞത്. കൗളിന്റെ നാല് പന്തില്‍ 20 റണ്‍സ് അടിച്ചെടുത്തു ക്രുനാല്‍ പാണ്ഡ്യയെ പുകഴ്ത്തിയും പോസ്റ്റുകളുണ്ട്.
പന്തെറിയാനെത്തിയ ആദ്യ ഓവറില്‍ തന്നെ കൗള്‍ അടിവാങ്ങി തുടങ്ങി. 18 റണ്‍സാണ് താരത്തിന്റെ ആദ്യ ഓവറില്‍ പിറന്നത്.
പവര്‍പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയതും കൗളായിരുന്നു. ആ ഓവറില്‍ 10 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റും വീഴ്ത്തി.
മത്സരത്തിന്റെ 13ാം ഓവറില്‍ കൗളെത്തി. ഇത്തവണ 15 റണ്‍സാണ് മേടിച്ചത്. ഡി കോക്കിന്റെ വക ഒരു സിക്‌സും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
എന്നാല്‍ കണക്കറ്റ് മേടിച്ചത് അവസാന ഓവറിലായിരുന്നു. ആദ്യ രണ്ട് പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റ് ഉള്‍പ്പെടെ ഒരു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
എന്നാല്‍ അവസാന നാല് പന്തില്‍ കഥമാറി. 20 റണ്‍സാണ് ക്രുനാല്‍ പാണ്ഡ്യ അടിച്ചെടുത്തത്. അനിയനെ പുറത്താക്കിയതിനുള്ള ചേട്ടന്റെ പ്രതികാരമെണ് ട്രോളര്‍മാര്‍ പറയുന്നത്.
നേരിട്ട ആദ്യ പന്ത് തന്നെ ക്രുനാല്‍ സിക്‌സടിച്ചു. അടുത്ത രണ്ട് പന്തില്‍ ഫോര്‍. അവസാന പന്തില്‍ വീണ്ടും കൂറ്റന്‍ സിക്‌സ്. സ്‌കോര്‍ 200 കടന്നു. ഇതോടെ കൗള്‍ നാല് ഓവറില്‍ 64 റണ്‍സ് വിട്ടുകൊടുത്തു.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം ബൗളിംഗ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മലയാളി താരം ബേസില്‍ തമ്പിയുടെ പേരിലാണ്. 2018 സീസണില്‍ ബാംഗ്ലൂരിനെതിരെ നാലോവറില്‍ 70 റണ്‍സ് വഴങ്ങിയതാണ് ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം.
കഴിഞ്ഞ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന മുജീബ് ഉര്‍ റഹ്മാന്‍ നാലോവറില്‍ 66 റണ്‍സ് വഴങ്ങിയതാണ് ഐപിഎല്ലിലെ രണ്ടാമത്തെ മോശം ബൗളിംഗ് പ്രകടനം.
2013ല്‍ സണ്‍റൈസേഴ്‌സ് താരമായിരുന്ന ഇഷാന്ത് ശര്‍മ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നാലോവറില്‍ 66 റണ്‍സ് വഴങ്ങിയതാണ് ഐപിഎല്ലിലെ മൂന്നാമത്തെ മോശം ബൗളിംഗ്.
2014 ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന സന്ദീപ് ശര്‍മ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നാലോവറില്‍ 65 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തതാണ് കൗളിന് തൊട്ടുമുകളില്‍ അഞ്ചാം സ്ഥാനത്ത്.
2013ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന ഉമേഷ് യാദവും നാലോവറില്‍ 65 റണ്‍സ് വഴങ്ങിയിരുന്നെങ്കിലും വിക്കറ്റൊന്നും വീഴ്ത്തിയില്ല. ഇതാണ് ഐപിഎല്ലിലെ ഒരു ബൗളറുടെ നാലാമത്തെ മോശം ബൗളിംഗ് പ്രകടനം.
മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെട്ടിരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 60 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.