'ഇനി നീ സഞ്ജു സാംസണല്ല, ഷാര്‍ജ സഞ്ജു'; താരത്തെ വാഴ്ത്തിപാടിയവര്‍ തന്നെ വലിച്ചുകീറുന്നു- ട്രോളുകള്‍
മോഹിപ്പിക്കുന്ന തുടക്കമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്ജു സാംസണ്‍ ലഭിച്ചത്. രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും താരം മാന്‍ ഓഫ് ദ മാച്ചായിരുന്നു. രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 159 റണ്‍സുണ്ടായിരുന്നു സഞ്ജുവിന്റെ അക്കൗണ്ടില്‍. എന്നാല്‍ അടുത്ത മൂന്ന് മത്സരങ്ങളില്‍ വെറും 12 റണ്‍സാണ് താരം നേടിയത്. വാഴ്ത്തിപാടിയ ആരാധകരെല്ലാം കയ്യൊഴിഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിറയുകയാണ് മലയാളി താരം. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വന്ന ട്രോളുകള്‍ കാണാം..
കഴിഞ്ഞ മൂന്ന് സീസണിലും 25കാരന്റെ അവസ്ഥ ഇതുതന്നെയായിരുന്നു. താരത്തിന്റെ ഐപിഎല്‍ കണക്കുകള്‍ പരിശോധിക്കാം.
2017ല്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ 114 റണ്‍സാണ് താരം നേടിയത്. ഈ സീസണിലേത് പോലം ഗംഭീര തുടക്കമായിരുന്നു. എന്നാല്‍ പിന്നീടുള്ള 12 മത്സരങ്ങളില്‍ 272 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
2018 സീസണിലും കാര്യങ്ങള്‍ വ്യത്യസ്തമാായിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളില്‍ 178 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. അടുത്ത 12 മത്സരങ്ങളില്‍ താരം നിരാശപ്പെടുത്തി. നേടാനായത് 263 റണ്‍സ് മാത്രം.
കഴിഞ്ഞ വര്‍ഷം 132 റണ്‍സാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് നേടിയത്. പിന്നീട് കളിച്ച പത്ത് മത്സരങ്ങളില്‍ നിന്ന് 210 റണ്‍സും. എന്നിട്ടും ആഭ്യന്തര സീസണില്‍ പ്രകടനങ്ങളും കൂടി കണക്കിലെടുത്ത് താരത്തെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തി.
ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 159 റണ്‍സുണ്ടായിരുന്നു സഞ്ജുവിന്റെ അക്കൗണ്ടില്‍. എന്നാല്‍ അടുത്ത മൂന്ന് മത്സരങ്ങളില്‍ വെറും 12 റണ്‍സാണ് താരം നേടിയത്. അഞ്ച് മത്സരങ്ങള്‍ കഴിയുമ്പോള്‍ അക്കൗണ്ടിലുളളത് 171 റണ്‍സ്.
ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ട്രന്റ് ബോള്‍ട്ടിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തിലാണ് സഞ്ജു പുറത്തായത്. അതിന് തൊട്ടുമുമ്പ് യൂസ്‌വേന്ദ്ര ചാഹലിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ശിവം മാവിക്കെതിരെ പുള്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ പുറത്താവുകയായിരുന്നു.
ബൗളര്‍മാരെ ബഹുമാനിക്കാതെ നേരിടുന്നതാണ് സഞ്ജുവിന്റെ പ്രധാന പ്രശ്‌നമെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ലോകോത്തര ബൗളറായ ട്രന്റ് ബൗള്‍ട്ടിനെയൊക്കെ സൂക്ഷ്മതയോടെ നേരിടേണ്ട് സമയത്ത് അനാവശ്യ ഷോട്ടിന് ശ്രമിക്കുകയായിരുന്നു താരം.
അതും ടീമിന്റെ രണ്ട് വിക്കറ്റ് പോയിരിക്കുന്ന സമയത്ത്. സ്റ്റീവന്‍ സ്മിത്ത്, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ പവലിയനില്‍ എത്തിയ സാഹചര്യത്തില്‍ കുറച്ചുകൂടെ ഉത്തരവാദിത്തം കാണിക്കേണ്ടത് സഞ്ജുവായിരുന്നു. ജോസ് ബട്‌ലര്‍ക്ക് പിന്തുണ നല്‍കിയിരുന്നെങ്കില്‍ രാജസ്ഥാന് അല്‍പമെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നു.
ധോണി വിരമിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ്കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങേളില്‍ മുന്നിലുണ്ട് സഞ്ജു. മറ്റു രണ്ട് ഋഷഭ് പന്തും ഇഷാന്‍ കിഷനും.
കെ എല്‍ രാഹുലാണ് ഇ്‌പ്പോഴത്തെ ഇന്ത്യന്‍ കീപ്പറെങ്കിലും ആ ജോലി താല്‍കാലികമായിരിക്കും. ദീര്‍ഘകാലം കീപ്പ് ചെയ്യാവുന്ന ഒരു സ്ഥിരം കീപ്പറെയാണ് ഇന്ത്യന്‍ ടീം നോട്ടമിടുന്നത്.
സഞ്ജുവിന്റെ മുഖ്യ എതിരാളായിയ ഋഷഭ് പന്ത് മോശമില്ലാത്ത പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടുണ്ട്. അഞ്ച് ഇന്നിങ്‌സുകളിലായി 171 റണ്‍സാണ് പന്ത് ഇതുവരെ നേടിയത്. 31, 37, 28, 38, 37 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.
ഇഷാന്‍ കിഷനും മോശമാക്കിയില്ല. ആദ്യ മത്സരത്തില്‍ ആര്‍സിബിക്കെതിരെ 99 റണ്‍സ് താരം നേടി. രണ്ടാം മത്സരത്തില്‍ 28. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മൂന്നാം മത്സരത്തില്‍ 31 റണ്‍സും താരം സ്വന്തമാക്കി. ഇന്നലെ രാജസ്ഥാനെതിരെ മാത്രമാണ് താരം പരാജയപ്പെട്ടത്. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു.
കെ എല്‍ രാഹുലാവട്ടെ തകര്‍പ്പന്‍ ഫോമിലും. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഇപ്പോള്‍ തന്നെ താരത്തിന് 302 റണ്‍സുണ്ട്. 75.50 ശരാശരിയിലാണ് താരം ഇത്രയും രണ്‍സ് അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും.
മറ്റുള്ള താരങ്ങളെല്ലാം തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തില്‍ സഞ്ജു മാത്രം അലസത കാണിക്കുന്നതാണ് ആരാധകരില്‍ നിരാശയുണ്ടാക്കുന്നത്. പുറത്താവുന്ന രീതി അതിലേറെ ഗുരുതരം.
ഷാര്‍ജ പോലുള്ള ചെറിയ ഗ്രൗണ്ടില്‍ മാത്രമേ താരത്തിന് തിളങ്ങാന്‍ സാധിക്കൂവെന്നാണ് സഞ്ജുവിനെതിരെ പ്രധാന വിമര്‍ശനം. എന്നാല്‍ ഷോട്ട് സെലക്ഷനാണ് താരത്തെ കുഴക്കുന്നതെന്ന് മറ്റൊരുപക്ഷം.
എന്തായാലും ഇത്തരം പ്രശ്‌നങ്ങളെല്ലാം മാറ്റിവച്ച് അല്‍പം കൂടി ഉത്തരവാദിത്തം താരം കാണിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.