ടൗട്ടെ ചുഴലിക്കാറ്റ്; ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കേരള തീരത്ത് മുന്നറിയിപ്പ്
ഗുജറാത്തിൽ കരയിലേക്ക് വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റ് ദുർബലമാവുന്നു. ഇന്നലെ രാത്രി 9 മണിയോടെ കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അതിതീവ്ര ചുഴലിയില്‍ നിന്ന് തീവ്ര ചുഴലിയായി ടൗട്ടെ മാറിയത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തീരമേഖലയിൽ റെഡ് അലർട്ട് തുടരുകയാണ്. ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തില്‍ വ്യാപകമായി മഴ പെയ്യുകയാണ്. സൈന്യവും എൻഡിആർഎഫും രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. കോവിഡ് -19 ന്‍റെ രണ്ടാം തരംഗം അതിശക്തമായി തുടരുന്നതിനിടെയാണ് ഇന്ത്യയുടെ പടിഞ്ഞാറാന്‍ തീരത്ത് ആശങ്ക വിതച്ച് ടൗട്ടെ കടന്ന് പോയത്.
ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായെന്നും അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ക്രമേണ കാറ്റിന്‍റെ ശക്തി വീണ്ടും കുറയുമെന്നും ഇന്ന് രാവിലെ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ട്വീറ്റിൽ കുറിച്ചു.
ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയിൽ ആറ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. ബോട്ട് മുങ്ങി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായില്ല. നിലവിൽ ഗുജറാത്തിലെ അംരേലിക്ക് 60 കിലോമീറ്റർ തെക്ക് കിഴക്ക് മാറിയാണ് കാറ്റിന്‍റെ ഇപ്പോഴത്തെ സ്ഥാനം.
ടൗട്ടെ ചുഴലിക്കാറ്റിന്‍റെ ഭീഷണി ഇല്ലാതായെങ്കിലും കേരളത്തിൽ വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് രാത്രി വരെ കടൽക്ഷോഭത്തിനും നാലര മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരത്തെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്ത് 3.5 മീറ്റർ മുതൽ 4.5 വരെ ഉയരത്തിൽ തിരയടിക്കാനാണ് സാധ്യത. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം, ചുഴലിക്കാറ്റ് കേരള തീരം വിട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പുകളെല്ലാം നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു.
കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നേരിയ തോതില്‍ മഴ തുടരുന്നുണ്ടെങ്കിലും കാര്യമായ പ്രശ്നങ്ങളില്ല. ടൗട്ടെ കേരള തീരം വിട്ടതോടെ ഇനി മണ്‍സൂണ്‍ തുടങ്ങുന്നത് വരെ അന്തരീക്ഷം ശാന്തമായിരിക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ച കേരളത്തിന്‍റെ വടക്കന്‍ ജില്ലകളിലും തീരപ്രദേശത്തും നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ബന്ധു വീടുകളില്‍ തുടരുകയാണ്.
കടല്‍ഭിത്തിയും റോഡും കുടിവെളള പൈപ്പുകളും തകര്‍ന്ന കോഴിക്കോട് അഴീക്കല്‍ പഞ്ചായത്തില്‍ അറ്റകുറ്റപ്പണികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുന്നുണ്ട്.
കേരളത്തിന്‍റെ 600 കിലോമീറ്ററോളം വരുന്ന തീരപ്രദേശത്തെയാണ് ടൗട്ടെ ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നൂറ് കണക്കിന് വീടുകള്‍ പൂര്‍ണ്ണമായും ഏതാണ്ട് അത്രതന്നെ വീടുകള്‍ക്ക് ഭാഗീകമായും നാശം സംഭവിച്ചു.
ഒരിടയ്ക്ക് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വോഗതയിലായിരുന്നു ടൗട്ടെ ചുഴലിക്കാറ്റ് വീശിയടിച്ചുകൊണ്ടിരുന്നത്. ഗുജറാത്തിൽ കരതൊടുമ്പോള്‍ മണിക്കൂറിൽ 160 കിലോമീറ്റർ / മണിക്കൂർ (100 മൈൽ) വേഗതയിൽ കാറ്റ് വീശിയിരുന്നു.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കൂടി സഞ്ചരിച്ച ടൗട്ടെ ചുഴലിക്കാറ്റ് മുംബൈ നഗരത്തെ ഏതാണ്ട് ഒറ്റപ്പെടുത്തി. മഹാരാഷ്ട്രയില്‍ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 200,000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് ബാർജുകളിലായി തീരത്ത് കുടുങ്ങിയ നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്താൻ നാവികസേന മൂന്ന് യുദ്ധക്കപ്പലുകൾ അയച്ചിരുന്നു.
പടിഞ്ഞാറൻ സംസ്ഥാനമായ ഗുജറാത്തിലെ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതലായിരുന്നു കാറ്റിന്‍റെവേഗം.
മരങ്ങള്‍ കടപുഴകി മിക്ക തീരദേശ ജില്ലകളും ഇരുട്ടിലായി. മുൻകരുതൽ നടപടിയായി സൗരാഷ്ട്ര ജില്ലയിൽ നേരത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.
മഹാരാഷ്ട്ര, കേരളം, ഗോവ തീരങ്ങളിലാണ് ടൗട്ടെ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. മഹാരാഷ്ട്രയ്ക്ക് സമീപത്തെ ദാദ്ര, നഗർ ഹവേലി, ദാമൻ, ഡിയു എന്നി കേന്ദ്രഭരണപ്രദേശങ്ങളും അതീവ ജാഗ്രതയിലാണ്.
അതേസമയം, സായുധ സേനയും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) ജവങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ മുന്നില്‍ തന്നെയുണ്ട്.
ഗുജറാത്തിലെ ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.
1998 ന് ശേഷം ഗുജറാത്ത് - മഹാരാഷ്ട്രാ തീരത്ത് അടിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി ഇതോടെ ടൗട്ടെ ചുഴലിക്കാറ്റ് മാറി. കൊറോണാ രോഗാണുവിന്റെ അതിവ്യാപനത്തിനിടെയാണ് ഗുജറാത്തിലും മഹാരാഷ്ട്രയിലും ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച് കടന്ന് പോയത്.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona