മാങ്ങയണ്ടിയില്‍ വിരിയുന്ന വിസ്മയങ്ങള്‍, ജോക്കര്‍ മുതല്‍ അപ്പക്കാള വരെ; ശരതിന്‍റെ സ്പെഷ്യല്‍ ക്യാന്‍വാസ്
ലോക്ക്ഡൗണ്‍ ആയതോടെ കഷ്ടത്തിലായത് കലാകാരന്മാര്‍ കൂടിയാണ്. ക്യാന്‍വാസുകള്‍ കിട്ടാനില്ലാതായതോടെ ചിത്രം വര ചുമരിലേക്കും കുപ്പികളിലേക്കും എന്തിന് കോഴിമുട്ടയിലേക്ക് വരെ വ്യാപിപ്പിച്ചവരുണ്ട്. അതിനിടയില്‍ ആര്‍ട്ടിസ്റ്റായ ശരത് എം നായര്‍ തന്‍റെ കയ്യിലുള്ള ചായമുപയോഗിച്ച് തേച്ചുമിനുക്കിയെടുത്തത് കഴിച്ച് ചണ്ടിയാക്കി ഉപേക്ഷിക്കുന്ന മാങ്ങയണ്ടിയാണ്. സൃഷ്ടികളെ കുറിച്ച് ശരത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു. തയ്യാറാക്കിയത്: ജിതിരാജ്
മാമ്പഴപ്പുളിശ്ശേരി കഴിച്ച് കഴിഞ്ഞ് കയ്യിലിരുന്ന മാങ്ങയണ്ടിയിലെ നാരുകള്‍ ജോക്കറിനേപ്പോലെ തോന്നിയത്രെ ശരത്തിന്. അതോടെ അതില്‍ ഒരു ജോക്കര്‍ വിരിഞ്ഞു.
ഇത് രസകരമായി തോന്നിയപ്പോള്‍ മാങ്ങാണ്ടിയില്‍ കൂടുതല്‍ ചിത്രങ്ങള്‍ വരച്ചു. പ്രേതം സിനിമയിലെ നടന്‍ ജയസൂര്യയുടെ ലുക്ക് അദ്ദേഹം തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.
അന്തരിച്ച സിനിമാ നാടക നടന്‍ കലിംഗ ശശിയും തേന്‍മാവിന്‍ കൊമ്പത്തിലെ ശ്രീനിവാസന്‍റെ അപ്പക്കാളയുമെല്ലാം ഇങ്ങനെ മാങ്ങയണ്ടിയിലെ രൂപങ്ങളായി.
മാങ്ങയണ്ടിയിലെ കൗതുകം വിത്തിനുള്ളിലേക്ക് കടന്നപ്പോള്‍ അത് അമ്മ വയറ്റിലെ കുഞ്ഞുഭ്രൂണമായി. ആളുകള്‍ ഏറ്റവുമധികം ഏറ്റെടുത്തത് ഈ രൂപമാണെന്ന് ശരത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മാങ്ങയില്‍ ഈ മുഖങ്ങളെങ്ങനെ കണ്ടെത്തുന്നു എന്ന് ചോദിച്ചാല്‍ മാങ്ങയണ്ടിയിലെ നാരുകള്‍ തലമുടികളായി സങ്കല്‍പ്പിച്ച് നോക്കി ചേരുന്ന മുഖങ്ങള്‍ തെരഞ്ഞെടുക്കുന്നുവെന്നാണ് ശരത്തിന് പറയാനുള്ള മറുപടി.
സിനിമയില്‍ അസോസിയേറ്റ് ആര്‍ട്ട് ഡിറക്ടറാണ് ശരത്. ഫിലിപ്സ് ആന്‍റ് മങ്കി പെന്‍, സ്പിരിറ്റ്, റെഡ് ചില്ലീസ്, റെഡ് വൈന്‍, ബാവൂട്ടിയുടെ നാമത്തില്‍, ഹീറോ എന്നിങ്ങനെ നിരവധി സിനിമകളില്‍ അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടറായി ശരത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിലിപ്സ് ആന്‍റ് മങ്കി പെന്നിലെ പ്രത്യേകതയുള്ള, കുട്ടികളെല്ലാം കൊതിക്കുന്ന ആ പെന്‍ പണിതെടുത്തത് ശരത് ആയിരുന്നു. ഈ മ യൗവിലെ ക്ലാരനെറ്റും ചെയ്തത് അദ്ദേഹം തന്നെയാണ്.
മിന്നല്‍ മുരളിയാണ് ഒടുവിലായി ശരത് അസോസിയേറ്റ് ചെയ്ത ചിത്രം. ഗുരുവായൂരപ്പന്‍ എന്ന സീരിയലിലൂടെയാണ് ആര്‍ട്ട് ഡയറക്ഷന്‍ രംഗത്തേക്ക് ശരത് എത്തുന്നത്. പിന്നീട് സിനിയമയിലേക്കും. ആലുവ ആലങ്ങാട് സ്വദേശിയായ ശരത്.
കലാനിലയം നാടക സംഘത്തിനായി സെറ്റ് തയ്യാറാക്കുന്നുമുണ്ട് ശരത്.
കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാർ നാടകത്തിനുവേണ്ടി ചെയ്ത ഒമ്പതര അടി നീളമുള്ള അരയന്നം