റിയല്‍മി വരെ ആപ്പിളിനെ എടുത്തിട്ടലക്കുന്നു; ഐഫോണ്‍ 16 മോഡല്‍ ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ 'കോപ്പി'യുമായി വീഡിയോ

വെല്ലുവിളിയോ കോപ്പിയടിയോ? ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ വരുന്നതായി വീഡിയോ പുറത്തുവിട്ട് ചൈനീസ് ബ്രാന്‍ഡായ റിയല്‍മി

Realme reveals its own version of iPhone 16 Camera Control button

ബെയ്‌ജിങ്ങ്‌: ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസ് അവതരിപ്പിച്ചപ്പോള്‍ ഏറ്റവും വലിയ ആകര്‍ഷണമായി പറയപ്പെട്ട ഒരു ഫീച്ചര്‍ ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ ആയിരുന്നു. ബട്ടണ്‍ എന്നാണ് വിശേഷണം എങ്കിലും ക്യാമറ നിയന്ത്രിക്കാനുള്ള പ്രഷര്‍-സെന്‍സിറ്റീവായ ടച്ചിംഗ് സംവിധാനമാണിത്. സമാനമായൊരു ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ റിയൽ‌മിയും അവതരിപ്പിക്കുകയാണ്. 

ഫോക്കസ് ചെയ്യാനും സൂം ചെയ്യാനും ക്ലിക്ക് ചെയ്യാനും കഴിയുന്ന ഫീച്ചറുകളുള്ള ക്യാമറ കണ്‍ട്രോള്‍ സെന്‍സിറ്റീവ് ബട്ടണ്‍ ആണ് ഐഫോണ്‍ 16 സിരീസില്‍ ആപ്പിള്‍ കൊണ്ടുവന്നത്. വരാനിരിക്കുന്ന, പേര് വെളിപ്പടുത്താത്ത സ്‌മാര്‍ട്ട്ഫോണില്‍ സമാന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ചൈനീസ് ബ്രാന്‍ഡായ റിയല്‍മി. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വൈബോയില്‍ റിയല്‍മി വൈസ് പ്രസിഡന്‍റാണ് ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ വെളിവാക്കുന്ന വീഡിയോ പുറത്തുവിട്ടത്. ഈ ബട്ടണ്‍ ഉപയോഗിച്ച് എങ്ങനെ ക്യാമറ തുറക്കാമെന്നും സൂം ചെയ്യാമെന്നും ക്ലിക്ക് ചെയ്യാമെന്നും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. റിയല്‍മിയുടെ വരാനിരിക്കുന്ന ജിടി 7 പ്രോയിലായിരിക്കില്ല ഈ ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ വരിക എന്നാണ് സൂചന. ഏത് ഫോണിലാണ് ഈ ഫീച്ചര്‍ വരിക എന്ന് റിയല്‍മി തുറന്നുപറഞ്ഞിട്ടില്ല. 

ആപ്പിള്‍ ഐഫോണില്‍ അവതരിപ്പിക്കുന്ന ഫീച്ചറില്‍ നിന്ന് റിയല്‍മി പ്രചോദനം ഉള്‍ക്കൊള്ളുന്നത് ഇതാദ്യമല്ല. മിനി ക്യാപ്‌സൂള്‍ എന്ന സോഫ്റ്റ്‌വെയര്‍ ഫീച്ചറോടെ കമ്പനി കഴിഞ്ഞ വര്‍ഷം റിയല്‍മി സി55 സ്മാര്‍ട്ട്ഫോണ്‍ മോഡല്‍ പുറത്തിറക്കിയിരുന്നു. സെല്‍ഫി ക്യാമറയ്ക്ക് ചുറ്റും കാലാവസ്ഥ, ഫോണിലെ ചാര്‍ജ് തുടങ്ങിയ നോട്ടിഫിക്കേഷനുകള്‍ കാണിക്കുന്ന ആപ്പിളിന്‍റെ ഡൈനാമിക് ഐസ്‌ലന്‍ഡ് എന്ന ഫീച്ചറിന് സമാനമായിരുന്നു ഇത്. നോട്ടിഫിക്കേഷനുകള്‍ പോപ്‌-അപ് ആയി കാണിക്കുന്ന സംവിധാനമായിരുന്നു ഇത്. 

Read more: 'ഐഫോണ്‍ 16 ഏശിയില്ല, ബുക്കിംഗില്‍ കനത്ത ഇടിവ്, പ്രോ മോഡലുകള്‍ക്ക് തീരെ ഡിമാന്‍ഡില്ല'- കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios