'ഐഫോണ്‍ 16 ഏശിയില്ല, ബുക്കിംഗില്‍ കനത്ത ഇടിവ്, പ്രോ മോഡലുകള്‍ക്ക് തീരെ ഡിമാന്‍ഡില്ല'- കണക്കുകള്‍ പുറത്ത്

ഐഫോണ്‍ 16 സിരീസില്‍ ഇതുവരെ പ്രീ-ഓര്‍ഡര്‍ ലഭിച്ച ഫോണുകളുടെ എണ്ണം പുറത്തുവിട്ട് അനലിസ്റ്റ്, ഐഫോണ്‍ 15ന്‍റെ ഏഴയലത്തില്ല!  

iPhone 16 Pro demand is reportedly lower than expected as Apple has sold an estimated 37 million units overall report

കാലിഫോര്‍ണിയ: ഏറെ ആകാംക്ഷകള്‍ക്കൊടുവില്‍ വിപണിയില്‍ എത്തിയ ഐഫോണ്‍ 16 സിരീസിന് തണുത്ത പ്രതികരണം എന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ മോഡലുകള്‍ക്ക് 15 പ്രോ ഫോണുകളിലെ അപേക്ഷിച്ച് ഡിമാന്‍റ് വളരെ കുറഞ്ഞതായി ആപ്പിള്‍ അനലിസ്റ്റ് മിങ്-ചി-ക്യൂവിനെ ഉദ്ധരിച്ച് മാക്‌റൂമേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

2024 സെപ്റ്റംബര്‍ 9ന് ആപ്പിള്‍ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് പുറത്തിറക്കിയത്. 13-ാം തിയതി ഈ മോഡലുകളുടെ പ്രീ-ഓര്‍ഡര്‍ ആപ്പിള്‍ ആരംഭിക്കുകയും ചെയ്‌തു. ഇതുവരെ ആകെ 37 മില്യണ്‍ അഥവാ മൂന്ന് കോടി എഴുപത് ലക്ഷം ഐഫോണ്‍ 16 സിരീസ് ഫോണുകള്‍ക്കാണ് പ്രീ-ഓര്‍ഡര്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 15 സീരിസിന്‍റെ ആദ്യ വാര ബുക്കിംഗിനേക്കാള്‍ 13 ശതമാനത്തോളം കുറവാണിത് എന്ന് മിങ്-ചി-ക്യൂ പറയുന്നു. ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ് ഈ കുറവിന് കാരണം. ഐഫോണ്‍ 16 പ്രോയ്ക്ക് 27 ശതമാനവും ഐഫോണ്‍ 16 പ്രോ മാക്‌സിന് 16 ശതമാനവും 15 പ്രോ മോഡലുകളെ അപേക്ഷിച്ച് ആദ്യ വാരം വില്‍പന കുറഞ്ഞു. അതേസമയം സ്റ്റാന്‍ഡേര്‍ഡ് മോഡലുകളായ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവയേക്കാള്‍ പ്രീ-ഓര്‍ഡര്‍ ഐഫോണ്‍ 16നും ഐഫോണ്‍ 16 പ്ലസിനും ഉള്ളതായി മിങ്-ചി-ക്യൂ നിരീക്ഷിക്കുന്നു. ഐഫോണ്‍ 16 ലോഞ്ച് വേളയില്‍ ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ ലഭ്യമല്ലാതിരുന്നത് പ്രോ മോഡലുകളുടെ ഓര്‍ഡര്‍ കുറയാന്‍ കാരണമായതായും മിങ്-ചി-ക്യൂ വാദിക്കുന്നു. ഒക്ടോബറില്‍ ഐഒഎസ് 18 സോഫ്റ്റ്‌വെയറിന് ഒപ്പമായിരിക്കും ആപ്പിള്‍ ഇന്‍റലിജന്‍സ് വരിക എന്നാണ് റിപ്പോര്‍ട്ട്. 

ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ ഡിമാന്‍റ് കുറഞ്ഞതായി ആപ്പിള്‍ വിവരങ്ങള്‍ അനൗദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യുന്ന ആപ്പിള്‍ ഹബും പറയുന്നു. ഐഫോണ്‍ 15 സിരീസിന് ആദ്യ ആഴ്‌ചയുണ്ടായ വില്‍പനയേക്കാള്‍ 12.7 ശതമാനത്തിന്‍റെ കുറവാണ് ഐഫോണ്‍ 16 സിരീസിന് ആദ്യ വാരമുണ്ടായത് എന്ന് ആപ്പിള്‍ ഹബ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പേരിന് മാത്രം അപ്‌ഡേറ്റുകളേ ഐഫോണ്‍ 16 സിരീസിലുള്ളൂ എന്നതാണ് വില്‍പന ഇടിയാന്‍ കാരണം എന്നാണ് ആപ്പിള്‍ ഹബിന്‍റെ ട്വീറ്റിന് താഴെ വന്നിരിക്കുന്ന കമന്‍റുകള്‍. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വില്‍ക്കുന്ന ആപ്പിളിന്‍റെ അടവ് നാട്ടുകാര്‍ക്ക് ഇക്കുറി മനസിലായെന്നും കമന്‍റുകളിലുണ്ട്. 

Read more: ഐറ്റം ഐഫോണ്‍ 16 മിനി തന്നെ; എസ്‌ഇ 4 ലോഞ്ച് തിയതിയും വിലയും ഫീച്ചറുകളു ലീക്കായി, ഐഫോണ്‍ 15 കംപ്ലീറ്റ് ഔട്ടാകും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios