'വരും മത്സരങ്ങള്‍ക്ക് മുദ്രാവാക്യങ്ങളോ വാദ്യമേളമോ ഉണ്ടാകില്ല'! ബ്ലാസ്റ്റേഴ്‌സിനെ ആരാധകരും കൈവിടുന്നു?
13 ടീമുകള്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവില്‍ പത്താം സ്ഥാനത്താണ് ടീം.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ന്ന് തോല്‍വികളില്‍ പ്രതിഷേധിച്ച് നിസഹകരണം കടുപ്പിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. മാനേജ്‌മെന്റ് ടീമിനായി ഉചിതമായ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന മുന്നറിയിപ്പും ആരാധക വൃന്ദം നല്‍കുന്നുണ്ട്. അടുത്ത ഹോം മത്സരത്തില്‍ ടീമിനായി മുദ്രാവാക്യങ്ങളോ വാദ്യമേളമോ ഉണ്ടാകില്ലെന്നും മത്സരങ്ങള്‍ ബഹിഷ്‌ക്കരിക്കാതെ പ്രതിഷേധിക്കുമെന്നും ആരാധക സംഘം. മാത്രമല്ല, ടിക്കറ്റ് വാങ്ങില്ലെന്നും വിതരണം ചെയ്യില്ലെന്നുമുളള തീരുമാനത്തിലും മാറ്റമുണ്ടാവില്ല. സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധം തുടരും.
13 ടീമുകള്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവില്‍ പത്താം സ്ഥാനത്താണ് ടീം. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്നെണ്ണം മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. ഇരട്ടി മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. പ്ലേ ഓഫ് കടക്കണമെങ്കില്‍ ശേഷിക്കുന്ന 13 മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. ഇതിനിടെയാണ് ആരാധക പ്രതിഷേധം. സോഷ്യല്‍ മീഡിയയിലും സ്റ്റേഡിയത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കുന്നു. ടീം മാനേജ്മെന്റിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നു.
2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെ! ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ
അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയോടും ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി സമ്മതിച്ചത്. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന് പിന്നിലായ മഞ്ഞപ്പട രണ്ടാം പകുതിയില്‍ ആ കടം തീര്‍ത്തെങ്കിലും പ്രതിരോധത്തിലെ പിഴവ് മുതലാക്കി ബംഗളൂരു നിര്‍ണായമായ വിജയ ഗോള്‍ കണ്ടെത്തുകയായിരുന്നു.
അവസാന നിമിഷം ഹാട്രിക് തികച്ച് സുനില്‍ ഛേത്രി ബംഗളൂരുവിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു. ബംഗളൂരുവിനായി സുനില്‍ ഛേത്രി ഹാട്രിക് നേടിയപ്പോള്‍ റയാന്‍ വില്യംസും വല ചലിപ്പിച്ചു. ബ്ലാസ്റ്റേഴ്‌സിനായി ജീസസ് ഗിമിനസും ഫ്രെഡി ലല്ലാവ്മയുമാണ് സ്‌കോര്‍ ചെയ്തത്.