കൃത്രിമ മധുരങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ഹ്രസ്വകാലത്തേക്ക് ശരീരഭാരം കുറയ്ക്കാന്‍ കൃത്രിമ മധുങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ഇത് ദീര്‍ഘകാലത്തേക്ക് തുടര്‍ന്നാല്‍ ടൈപ്പ് 2 പ്രമേഹ സാധ്യത 34 ശതമാനം വര്‍ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
നാം കഴിക്കുന്ന ഭക്ഷണം എന്താണോ അതുതന്നെയാണ് വലിയൊരു പരിധി വരെ ശാരീരികവും മാനസികവുമായ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അമിതമായി പഞ്ചസാര കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പ്രമേഹത്തെ പേടിച്ച് പഞ്ചസാരയ്ക്ക് പകരം സാക്കറിന്‍, സൂക്രലോസ് പോലുള്ള കൃത്രിമ മധുരങ്ങള്‍ ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. പല ഭക്ഷണസാധനങ്ങളിലും, പ്രത്യേകിച്ച് പുറത്തുനിന്ന് നാം വാങ്ങിക്കുന്ന പലഹാരങ്ങളില്‍ കാണുന്നൊരു ഘടകമാണ് കൃത്രിമമധുരം.
കൃത്രിമ മധുരങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കുന്നത് ഭാരവര്‍ധനവ് ഉള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാമെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഹ്രസ്വകാലത്തേക്ക് ശരീരഭാരം കുറയ്ക്കാന്‍ കൃത്രിമ മധുങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ഇത് ദീര്‍ഘകാലത്തേക്ക് തുടര്‍ന്നാല്‍ ടൈപ്പ് 2 പ്രമേഹ സാധ്യത 34 ശതമാനം വര്‍ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാനീയങ്ങള്‍ വഴിയാണെങ്കില്‍ ഇത് 23 ശതമാനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൃത്രിമ മധുരത്തിന്റെ ഉപയോഗം ഹൃദ്രോഗ സാധ്യത 32 ശതമാനവും പക്ഷാഘാത സാധ്യത 19 ശതമാനവും ഉയര്‍ന്ന രക്തസമ്മര്‍ദ സാധ്യത 13 ശതമാനവും വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ മൂത്രസഞ്ചിയിലെ അര്‍ബുദ സാധ്യതയും കൃത്രിമ മധുര ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ പഞ്ചസാരയുടെ അളവ് ഇങ്ങനെ കുറയ്ക്കാം...