നല്ല കിടിലൻ മസാലച്ചായ വീട്ടിൽ തന്നെ തയ്യാറാക്കാം; ഈ നാല് കാര്യങ്ങളോർത്താൽ മതി....
മസാലച്ചായ നല്ല കിടിലനായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. ഇതിന് നാലേ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അങ്ങനെയെങ്കിൽ രുചികരമായി നല്ല കടുപ്പത്തിൽ തന്നെ മസാലച്ചായ നമുക്ക് തയ്യാറാക്കാം.
ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ളൊരു പാനീയം ഏതാണെന്ന് ചോദിച്ചാൽ കണ്ണുമടച്ച് നമുക്ക് പറയാം അത് ചായയാണ്. ചായ പോലെ ഇത്രമാത്രം ജനകീയമായ മറ്റൊരു പാനീയം ഇവിടെ ഇതുവരെ വന്നിട്ടില്ലെന്നതാണ് സത്യം. അല്ലെങ്കിൽ കാലങ്ങളായി ചായയെ മറികടന്ന് മുന്നോട്ടുപോകുവാൻ മറ്റൊരു രുചിഭേദത്തിനും സാധിച്ചിട്ടില്ലെന്നും പറയാം.
ചായ പക്ഷേ പല രുചികളിലും പല കടുപ്പത്തിലുമെല്ലാമാണ് ആളുകൾ കഴിക്കാൻ തെരഞ്ഞെടുക്കാറ്. ഇതിൽ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും അതോടൊപ്പം തന്നെ അതത് നാടിന്‍റെ തനത് സ്വഭാവവുമെല്ലാം ഉൾച്ചേർന്നിരിക്കും.
സൌത്തിന്ത്യയിലാണെങ്കിൽ കാര്യമായും പാൽച്ചായ, കട്ടൻ ചായ എന്നിങ്ങനെ രണ്ട് രീതിയിലുള്ള ചായയാണ് ഏറെയും ആളുകൾ ആശ്രയിക്കാറ്. എന്നാലിപ്പോൾ മറ്റിടങ്ങളിൽ നിന്നുള്ള ചായയുടെ രുചിവൈവിധ്യങ്ങൾ സൌത്തിന്ത്യയിലും ആകെ പടർന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവുമധികം ഡിമാൻഡുള്ളൊരു ചായയാണ് മസാലച്ചായ.
മസാലച്ചായക്ക് അധികവും യുവാക്കളാണ് ആരാധകർ. വിരസത മാറ്റാനും ഉന്മേഷം പകരാനുമെല്ലാം നാം ചായയെ ആശ്രയിക്കുമ്പോൾ അതിൽ സ്പൈസുകൾ കൂടി ചേരുമ്പോൾ ചായ ഒന്നുകൂടി ഉഷാറാവുകയാണ്. ഇതാണ് മസാലച്ചായയുടെ ഒരു വിജയരഹസ്യം.
ഇന്ന് കേരളത്തിൽ തന്നെ ധാരാളം സ്ഥലങ്ങളിൽ മസാലച്ചായ അടക്കമുള്ള വിവിധ ഫ്ളേവറുകളിലെ ചായകൾ ലഭ്യമാണ്. മസാലച്ചായ കഴിക്കാനായി മാത്രം ഇത്തരത്തിലുള്ള കടകൾ അന്വേഷിച്ച് ചെല്ലുന്നവരുണ്ട്. അധികവും ഇവിടങ്ങളിലെല്ലാം നല്ലതോതിലുള്ള തിരക്കും കാണാം.
എന്നാൽ മസാലച്ചായ നല്ല കിടിലനായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. ഇതിന് നാലേ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അങ്ങനെയെങ്കിൽ രുചികരമായി നല്ല കടുപ്പത്തിൽ തന്നെ മസാലച്ചായ നമുക്ക് തയ്യാറാക്കാം. അപ്പോൾ ശ്രദ്ധിക്കേണ്ട ആ നാല് കാര്യങ്ങൾ പങ്കുവയ്ക്കാം.
ഒന്ന്...
മസാലച്ചായ തയ്യാറാക്കുന്നതിന് പ്രത്യേകമായി മസാല ചായ പൌഡർ വാങ്ങിക്കാൻ കിട്ടും. അധികപേരും ഇതാണ് മസാലച്ചായ തയ്യാറാക്കുന്നതിനായി ഉപയോഗിക്കാറ്. എന്നാൽ നമുക്ക് വീട്ടിൽ വച്ചുതന്നെ വിവിധ സ്പൈസുകളെല്ലാം ഒന്നിച്ചെടുത്ത് പൊടിച്ച് ഇതുവച്ച് ചായ തയ്യാറാക്കാവുന്നതാണ്. ഇതിന് രുചി കൂടുതലായി കിട്ടും. സ്പൈസുകൾ തെരഞ്ഞെടുക്കുമ്പോൾ അവരവരുടെ അഭിരുചിക്ക് അനുസരിച്ച് വേണ്ടത് ചേർക്കുകയും വേണ്ടാത്തത് ഒഴിവാക്കുകയും ചെയ്യാം. അതുപോലെ അളവും ശ്രദ്ധിച്ച് നിശ്ചയിക്കാം.
രണ്ട്...
മസാലച്ചായ തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്ന ചായപ്പൊടി അത്യാവശ്യം ഗുണമേന്മയുള്ളതായിരിക്കണം. അല്ലെങ്കിൽ ചായക്ക് വേണ്ടത്ര രുചി കിട്ടില്ല. അധികം പൊടിയായി വരാത്ത തേയില ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം.
മൂന്ന്...
ചിലർ ചായ തയ്യാറാക്കുമ്പോൾ തേയില ഇട്ട ശേഷം നന്നായി തിളപ്പിക്കും. തിളപ്പിക്കുന്നത് നല്ലതുതന്നെയാണ്. എന്നാൽ തേയില ഇട്ട് ഒരുപാട് നേരത്തേക്ക് തിളപ്പിച്ചുകൊണ്ടിരിക്കരുത്. ഇത് ചായ കയ്ക്കുന്നതിന് കാരണമാകും. തേയില ഇട്ടുകഴിഞ്ഞാൽ തീ കുറച്ചുവച്ച് ചായ തയ്യാറാക്കിയെടുക്കുന്നതാണ് നല്ലത്.
നാല്...
ചായ വയ്ക്കുമ്പോൾ പാലും വെള്ളവും തമ്മിലുള്ള അനുപാതത്തിന് അനുസരിച്ചാണ് കടുപ്പവും രുചിയുമെല്ലാം വരുന്നത്. ഇത് ഓരോരുത്തരും അവരവരുടേതായ രീതിയിലാണ് ചെയ്യുന്നത്. എന്നാൽ മസാലച്ചായ തയ്യാറാക്കുമ്പോൾ മുക്കാൽ കപ്പ് വെള്ളവും അര കപ്പ് പാലും ചേർത്ത് വയ്ക്കുന്നത് നല്ലതാണ്.
Also Read:- പ്രണയത്തില്‍ 'തേപ്പ്' കിട്ടുന്നവര്‍ക്ക് ഇങ്ങനെ ചെയ്തൂടെ? ; രസകരമായ പകയുടെ കഥ...