തണ്ണിമത്തന്‍ കൊണ്ട് ജ്യൂസ് മാത്രമല്ല, വേറെയും വിഭവങ്ങളാകാം....
സാധാരണഗതിയില്‍ തണ്ണിമത്തന്‍ വാങ്ങിച്ചാല്‍, അത് തണുപ്പിച്ച് കഷ്ണങ്ങളാക്കി മുറിച്ചുകഴിക്കുകയോ അല്ലെങ്കില്‍ ജ്യൂസടിക്കുകയോ ആണ് പതിവ്. എന്നാല്‍ ഇത് മാത്രമല്ല വേറെയും വിഭവങ്ങള്‍ തണ്ണിമത്തന്‍ കൊണ്ടുണ്ടാക്കാം
വേനലിനെ പ്രതിരോധിക്കാന്‍ എല്ലാവരും വ്യാപകമായി പഴങ്ങളെ ആശ്രയിച്ചുതുടങ്ങി. പഴങ്ങളില്‍ തന്നെ തണ്ണിമത്തനാണ് ഏത് ചൂടുകാലത്തേയും പോലെ ഇക്കുറിയും താരം. സാധാരണഗതിയില്‍ തണ്ണിമത്തന്‍ വാങ്ങിച്ചാല്‍, അത് തണുപ്പിച്ച് കഷ്ണങ്ങളാക്കി മുറിച്ചുകഴിക്കുകയോ അല്ലെങ്കില്‍ ജ്യൂസടിക്കുകയോ ആണ് പതിവ്. എന്നാല്‍ ഇത് മാത്രമല്ല വേറെയും വിഭവങ്ങള്‍ തണ്ണിമത്തന്‍ കൊണ്ടുണ്ടാക്കാം.
രുചികരമായി തണ്ണിമത്തനുപയോഗിച്ച് തയ്യാറാക്കാവുന്ന മൂന്ന് വിഭവങ്ങളെക്കുറിച്ച് പറയാമിനി.
ഒന്ന്...
തണ്ണിമത്തന്‍ കൊണ്ട് വിവിധ തരം ജ്യൂസുകളുണ്ടാക്കാന്‍ പലര്‍ക്കും അറിയാമായിരിക്കും. അതുപോലെ തന്നെ, തണ്ണിമത്തന്‍ കൊണ്ട് ഷെയ്ക്കും തയ്യാറാക്കാവുന്നതാണ്. തണുത്ത പാലും, പഞ്ചസാരയും തണ്ണിമത്തനും മാത്രം മതി ഇത് തയ്യാറാക്കാന്‍.
ആദ്യം കഷ്ണങ്ങളാക്കിയ തണ്ണിമത്തന്‍ കുരു അരഞ്ഞുപോകാത്ത രീതിയില്‍ മിക്‌സിയില്‍ ഒന്ന് കറക്കിയെടുക്കുക. ശേഷം തണ്ണിമത്തന്റെ ജ്യൂസ് മാത്രം അരിച്ചെടുത്ത് ഇത് പഞ്ചസാരയും ചേര്‍ത്ത് തണുത്ത പാലില്‍ അടിച്ചെടുക്കാം. അല്‍പമൊന്ന് തണുപ്പിക്കാന്‍ വച്ച ശേഷം വീണ്ടും ഒന്നുകൂടി മിക്‌സിയില്‍ അടിക്കുക. സംഗതി തയ്യാര്‍! ആവശ്യമെങ്കില്‍ അല്‍പം ഡ്രൈ ഫ്രൂട്ട്‌സോ നട്ട്‌സോ കൂടി ചേര്‍ക്കാവുന്നതാണ്.
രണ്ട്...
വളരെ വ്യത്യസ്തമായ ഒരു വിഭവമാണ് ഇനി പറയാന്‍ പോകുന്നത്. തണ്ണിമത്തന്‍ സലാഡ്. പേര് പോലെ തന്നെ തണ്ണിമത്തന്‍ കൊണ്ടുണ്ടാക്കുന്ന സലാഡ് ആണിത്. ചെറുകഷ്ണങ്ങളാക്കിയ തണ്ണിമത്തന്റെ കൂടെ ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത്, ഒരു ചെറിയ തക്കാളി അരിഞ്ഞത്, അല്‍പം തേങ്ങാക്കൊത്ത്, കുരുമുളകുപൊടി, അല്‍പം നാരങ്ങാനീര് എന്നിവ ചേര്‍ക്കുക.
ഇക്കൂട്ടത്തിലേക്ക് വേണമെങ്കില്‍ ചെറിയൊരു കഷ്ണം കക്കിരിക്കയും കഷ്ണങ്ങളാക്കി മുറിച്ചുചേര്‍ക്കാവുന്നതാണ്. ഭക്ഷണത്തിന് മുമ്പ് കഴിക്കുന്നതാണ് ഏറ്റവും ഉചിതം.
മൂന്ന്...
മൂന്നാമതായി പറയുന്നത് കുട്ടികള്‍ക്കെല്ലാം വളരെ പ്രിയപ്പെട്ട ഒരു വിഭവമാണ്, ഐസ്‌ക്രീം. തണ്ണിമത്തന്‍ കൊണ്ട് ഐസ്‌ക്രീമോ എന്ന് അമ്പരക്കേണ്ട. വളരെ രുചികരമാണ് ഇത്. തണ്ണിമത്തന്‍, പഞ്ചസാര, കണ്ടന്‍സ്ഡ് മില്‍ക്ക്, ഫ്രഷ് ക്രീം എന്നിവ കൊണ്ടാണ് ഐസ്‌ക്രീം തയ്യാറാക്കുന്നത്.
ഷെയ്ക്ക് തയ്യാറാക്കാന്‍ ചെയ്തതുപോലെ തന്നെ കുരു അരയാതെ തണ്ണിമത്തന്‍ മിക്‌സിയില്‍ അരച്ചെടുക്കുക. ഇതിന്റെ ജ്യൂസ് അരിച്ചെടുത്ത് അല്‍പനേരം തണുപ്പിക്കാന്‍ വയ്ക്കുക. ഈ നേരം കൊണ്ട് ഫ്രഷ് ക്രീമിലേക്ക് രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ പൊടിച്ച പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് ക്രീമി പരുവത്തിലാകുന്നത് വരെ ബീറ്റ് ചെയ്ത് യോജിപ്പിക്കുക. ശേഷം തണുപ്പിച്ച മത്തന്‍ ജ്യൂസ് ഇതിലേക്ക് കുറേശ്ശെയായി ചേര്‍ക്കാം. ഇടയ്ക്കിടെ ബീറ്റ് ചെയ്തുകൊണ്ടുവേണം ഇത് ചേര്‍ക്കാന്‍. ശേഷം ഇത് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഫ്രീസ് ചെയ്യുക. അതുകഴിഞ്ഞ് വീണ്ടും പുറത്തെടുത്ത് ഒന്നുകൂടി പതപ്പിച്ച് വീണ്ടും രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തേക്ക് ഫ്രീസ് ചെയ്യാം. തണ്ണിമത്തന്‍ ഐസ്‌ക്രീം തയ്യാര്‍!