ഭക്ഷണത്തിനൊപ്പമോ അതിന് തൊട്ടുപിന്നാലെയോ ചായയോ കാപ്പിയോ കഴിക്കരുത്; കാരണം....
ചായയ്ക്കോ കാപ്പിക്കോ ഒപ്പം നാം കഴിക്കുന്ന ഭക്ഷണത്തിന്‍റെ യഥാര്‍ത്ഥ ഗുണങ്ങള്‍ നമുക്ക് കിട്ടാതെ പോകുന്നു. ഇത് പതിവായ ശീലമാണെങ്കില്‍ നമുക്കുണ്ടാകുന്ന നഷ്ടത്തെ പറ്റി ഒന്നോര്‍ത്തുനോക്കൂ
ചായയും കാപ്പിയും ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രചാരത്തിലുള്ള പാനീയങ്ങളാണ്. ദിവസം തുടങ്ങുമ്പോള്‍ മുതല്‍ ദിവസത്തില്‍ പലപ്പോഴായി മൂന്നം നാലും അഞ്ചും ചായയും കാപ്പിയുമെല്ലാം കഴിക്കുന്നവരും നമ്മുടെ നാട്ടില്‍ ഏറെയാണ്. നമ്മുടെ തെരുവോരങ്ങളില്‍ മുട്ടിനുമുട്ടനുള്ള ചായക്കടകള്‍ ഇതിന് തെളിവാണ്.
എന്നാലിങ്ങനെ കണക്കും കയ്യുമില്ലാതെ ചായയും കാപ്പിയുമൊന്നും കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ല ശീലമല്ല. രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ചായയോ കാപ്പിയോ കഴിക്കുന്നത് പോലും ആരോഗ്യത്തിന് മോശമാണ്. പലര്‍ക്കും ഈ ശീലങ്ങളില്‍ നിന്ന് അത്ര എളുപ്പത്തില്‍ പുറത്തുകടക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം.
അതേസമയം ധാരാളം പേര്‍ രാവിലെയും വൈകീട്ടുമെല്ലാം പലഹാരങ്ങളോ മറ്റ് ഭക്ഷണമോ കഴിക്കുന്നതിനൊപ്പമോ, കഴിച്ചതിന് തൊട്ടുപിന്നാലെയോ എല്ലാം ചായയും കാപ്പിയും കഴിക്കാറുണ്ട്. ഇത് ഏറെ ദോഷമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ ഓര്‍മ്മിപ്പിക്കുന്നത്.
'നമ്മള്‍ ഭക്ഷണത്തിനൊപ്പമോ, അതിന് തൊട്ടുപിന്നാലെയോ ചായയോ കാപ്പിയോ കഴിക്കുകയാണെങ്കില്‍ ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ ശരീരം വലിച്ചെടുക്കുന്നത് തടസപ്പെടുകയാണ്. പ്രത്യേകിച്ചും അയേണ്‍ വലിച്ചെടുക്കുന്നതാണ് തടസപ്പെടുന്നത്. ചായയിലും കാപ്പിയിലുമെല്ലാം അടങ്ങിയിട്ടുള്ള പോളിഫിനോള്‍സ്, ടാന്നിൻസ് എന്ന കോമ്പൗണ്ടുകളാണ് ഇതിന് കാരണമാകുന്നത്...'- പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗര്‍വാള്‍ പറയുന്നു.
അതായത് ചായയ്ക്കോ കാപ്പിക്കോ ഒപ്പം നാം കഴിക്കുന്ന ഭക്ഷണത്തിന്‍റെ യഥാര്‍ത്ഥ ഗുണങ്ങള്‍ നമുക്ക് കിട്ടാതെ പോകുന്നു. ഇത് പതിവായ ശീലമാണെങ്കില്‍ നമുക്കുണ്ടാകുന്ന നഷ്ടത്തെ പറ്റി ഒന്നോര്‍ത്തുനോക്കൂ. ഗുരുതരമായ അയേണ്‍ കുറവിലേക്കാണ് ഇത് നയിക്കുക. ഇന്ത്യയില്‍ പൊതുവെ തന്നെ അയേണ്‍ കുറവ് മൂലമുണ്ടാകുന്ന 'അനീമിയ' അഥവാ വിളര്‍ച്ച വ്യാപകമാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍. ഇത്തരത്തിലുള്ള ഡയറ്റ് പ്രശ്നങ്ങളും ഒരുപക്ഷേ ഇതിലെല്ലാം കാരണമായി പ്രവര്‍ത്തിക്കുന്നുണ്ടാകാം.
Also Read:- മഞ്ഞുകാലത്ത് നിങ്ങള്‍ ഈ ഭക്ഷണങ്ങള്‍ പതിവാക്കൂ; കാരണം എന്താണെന്നോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-