തണുപ്പുകാലത്ത് ആസ്‍ത്മ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയ ഏഴ് ഭക്ഷണവിഭവങ്ങള്‍...
തണുപ്പുകാലത്തു ആസ്‍ത്മ രോഗികള്‍ക്ക് ഈ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാനുള്ള സാധ്യതയുണ്ട്. കാലാവസ്ഥ, വായു മലിനീകരണം, ജീവിതശൈലി, ഭക്ഷണങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളും ആസ്‍ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നു.
കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ പ്രകടമാവുന്ന രോഗമാണ് ആസ്ത്മ. ആസ്ത്മ ഒരു അലര്‍ജി രോഗമാണ്. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണിത്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
തണുപ്പുകാലത്തു ആസ്‍ത്മ രോഗികള്‍ക്ക് ഈ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാനുള്ള സാധ്യതയുണ്ട്. കാലാവസ്ഥ, വായു മലിനീകരണം, ജീവിതശൈലി, ഭക്ഷണങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളും ആസ്‍ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഈ മഞ്ഞുകാലത്ത് ആസ്‍ത്മ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഇഞ്ചിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ള ഇഞ്ചി ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ തണുപ്പുകാലത്ത് തിളപ്പിച്ച വെള്ളത്തിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് ആസ്ത്മ രോഗികള്‍ക്ക് ഏറെ ഗുണം ചെയ്യും.
രണ്ട്...
വെളുത്തുള്ളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി ജലദോഷത്തിന്‍റെ ദൈര്‍ഘ്യം വെട്ടിക്കുറയ്ക്കാന്‍ സഹായിക്കും. പച്ച വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി നുറുക്കി ദിവസത്തിലൊരു തവണ ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം കഴിക്കാവുന്നതാണ്. മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ് പാലിൽ ഇട്ട് തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്.
മൂന്ന്...
മഞ്ഞള്‍ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍റെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കും. അതിനാല്‍ ആസ്ത്മ രോഗികള്‍ക്ക് ഇവ മികച്ചതാണ്.
നാല്...
കുരുമുളക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തണുപ്പുകാലത്ത് ആസ്മ, അലര്‍ജി ലക്ഷണങ്ങള്‍ മോശമാകാറുണ്ട്. കുരുമുളക് ശരീരത്തിലെ നീര്‍ക്കെട്ടിനെ കുറച്ച് ഈ ലക്ഷണങ്ങള്‍ക്ക് ശമനം നല്‍കും.
അഞ്ച്...
ഇലക്കറികളും ആസ്ത്മ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് ചീര, വിറ്റാമിനും ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചീര. അതിനാല്‍ ആസ്ത്മ രോഗികള്‍ ചീര കഴിക്കുന്നത് ഏറെ നല്ലതാണ്.
ആറ്...
നെല്ലിക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് നെല്ലിക്ക. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ആസ്ത്മ രോഗികള്‍ നെല്ലിക്ക ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.
ഏഴ്...
ഗ്രീന്‍ ടീ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീയും ശരീരത്തിലെ അണുബാധയെ ചെറുക്കും. അതിനാല്‍ ആസ്ത്മ രോഗികള്‍ക്ക് ഗ്രീന്‍ ടീയും തണുപ്പുകാലത്ത് കുടിക്കാം.
Also Read: പ്രമേഹ രോഗികളുടെ വൃക്ക സംരക്ഷണം; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...