എളുപ്പത്തില്‍ തയ്യാറാക്കാം രുചികരമായ നേന്ത്രപ്പഴം കെച്ചപ്പ്...

സ്നാക്സും കെച്ചപ്പുമെല്ലാം വീട്ടില്‍ തന്നെ തയ്യാറാക്കുന്നവരുണ്ട്. കെച്ചപ്പ് എന്ന് കേള്‍ക്കുമ്പോള്‍ പക്ഷേ, തക്കാളി കൊണ്ടുള്ളത് മാത്രമേ നമ്മുടെ മനസില്‍ വരൂ. എന്നാല്‍ കെച്ചപ്പ് തക്കാളി കൊണ്ട് മാത്രമല്ല- മറ്റ് പല ഫലങ്ങള്‍ കൊണ്ടുമുണ്ടാക്കാം. ഇതില്‍ തക്കാളി കെച്ചപ്പിനോട് മത്സരിക്കാവുന്ന, അത്രയും രുചികരമായ കെച്ചപ്പ് തയ്യാറാക്കണമെങ്കില്‍ നേന്ത്രപ്പഴം ഉപയോഗിക്കാവുന്നതാണ്.

easy recipe of tasty banana ketchup hyp

ബേക്കറി കടകളില്‍ നിന്നോ റെസ്റ്റോറന്‍റുകളില്‍ നിന്നോ വീട്ടില്‍ നിന്നോ എല്ലാമാകട്ടെ സ്നാക്സ് കഴിക്കുമ്പോള്‍ ടേസ്റ്റിയായ കെച്ചപ്പും കൂട്ടിനുണ്ടെങ്കില്‍ അത് മിക്കവര്‍ക്കും ഏറെ സന്തോഷമാണ്. എന്നാല്‍ പുറത്തുനിന്ന് നാം കഴിക്കുന്ന കെച്ചപ്പുകള്‍ സാധാരണഗതിയില്‍ അത്ര രുചികരമോ ഗുണനിലവാരമുള്ളതോ ആകണമെന്നില്ല. 

ഇക്കാരണം കൊണ്ട് തന്നെ സ്നാക്സും കെച്ചപ്പുമെല്ലാം വീട്ടില്‍ തന്നെ തയ്യാറാക്കുന്നവരുണ്ട്. കെച്ചപ്പ് എന്ന് കേള്‍ക്കുമ്പോള്‍ പക്ഷേ, തക്കാളി കൊണ്ടുള്ളത് മാത്രമേ നമ്മുടെ മനസില്‍ വരൂ. എന്നാല്‍ കെച്ചപ്പ് തക്കാളി കൊണ്ട് മാത്രമല്ല- മറ്റ് പല ഫലങ്ങള്‍ കൊണ്ടുമുണ്ടാക്കാം. ഇതില്‍ തക്കാളി കെച്ചപ്പിനോട് മത്സരിക്കാവുന്ന, അത്രയും രുചികരമായ കെച്ചപ്പ് തയ്യാറാക്കണമെങ്കില്‍ നേന്ത്രപ്പഴം ഉപയോഗിക്കാവുന്നതാണ്.

മിക്കവരും ഇതെക്കുറിച്ച് കേട്ടുകാണില്ലെന്ന് ഉറപ്പ്. നമുക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ടേസ്റ്റിയായ ഒരു കെച്ചപ്പ് ആണ് ബനാന കെച്ചപ്പ്. 

സത്യത്തില്‍ ഇതൊരു ഫിലിപ്പീൻ വിഭവമാണെന്ന് പറയാം. ഫിലിപ്പീനിലാണ് പല വിഭവങ്ങള്‍ക്കുമൊപ്പം ബനാനാ കെച്ചപ്പ് വിളമ്പാറുള്ളത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് തക്കാളിക്ക് കടുത്ത ക്ഷാമം നേരിട്ടപ്പോള്‍ പല പരീക്ഷണങ്ങളും നടത്തി ഒടുവില്‍ ബനാന കെച്ചപ്പിലേക്ക് ഫിലിപ്പീൻകാരെത്തിയത്രേ. ഇതിന് ശേഷം ബനാന കെച്ചപ്പ് ഇവരുടെ ഇഷ്ടവിഭവമായി മാറുകയും ചെയ്തു. ഇതാണ് ബനാന കെച്ചപ്പിന്‍റെ ചരിത്രം. 

നേന്ത്രപ്പഴം, വിനാഗിരി, പഞ്ചസാര, സ്പൈസസ് എന്നിവയാണ് ബനാന കെച്ചപ്പിന്‍റെ ചേരുവകളായി വരുന്നത്. ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നത് കൂടി മനസിലാക്കാം. 

പഴുത്ത നാല് നേന്ത്രപ്പഴം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി ഒരു പാത്രത്തിലെടുത്ത്   ഫോര്‍ക്കോ തവിയോ ഉപയോഗിച്ച് ഉടയ്ക്കുക. അടി പിടിക്കാത്ത ഒരു പാനെടുത്ത് ചൂടാക്കാൻ വയ്ക്കണം. തീ വളരെ കുറച്ച് മാത്രം വച്ചാല്‍ മതി. ഇനിയിതിലേക്ക് ഉടച്ച പഴവും അര കപ്പ് വൈറ്റ് വിനാഗിരിയും, ഒരു കപ്പ് ബ്രൗണ്‍ ഷുഗറും, ഒരു ടീസ്പൂണ്‍ സോയ സോസും ഒരു ടീസ്പൂണ്‍ പൊടിയായി അരിഞ്ഞ വെളുത്തുള്ളിയും, ഒരു ടീസ്പൂണ്‍ ഇഞ്ചി അരച്ചതും, കാല്‍ ടീസ്പൂണ്‍ കറുവപ്പട്ട പൊടിയും, കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടിയും, കാല്‍ ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. 

തീ കുറച്ചേ ഇത് പാകം ചെയ്യാവൂ. ഇങ്ങനെ എല്ലാം യോജിപ്പിച്ച് 16-18 മിനുറ്റ് നേരത്തേക്ക് പാകം ചെയ്ത് കഴിഞ്ഞാല്‍ തീ അണയ്ക്കാം. ഇത് പാകം ചെയ്യുമ്പോള്‍ എപ്പോഴും ഇളക്കിക്കൊണ്ടിരിക്കാൻ ശ്രദ്ധിക്കുക. ആറിയ ശേഷം ഇത് മിക്സിയില്‍ അരച്ചെടുത്ത് വൃത്തിയുള്ള, ഉണങ്ങിയ ജാറിലാക്കി മൂടിയിട്ട് വച്ചാല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് രണ്ടാഴ്ചയോളം ഉപയോഗിക്കാവുന്നതാണ്. 

ചപ്പാത്തി, ബ്രഡ്, മറ്റ് സ്നാക്സ് എന്നിവയ്ക്കൊപ്പമെല്ലാം ബനാന കെച്ചപ്പ് കഴിക്കാവുന്നതാണ്. അതുപോലെ മസാല പുരട്ടി മീറ്റ് ഫ്രൈ ചെയ്യുമ്പോഴോ വരട്ടുമ്പോഴോ എല്ലാം ചേര്‍ക്കുന്നതും രുചികരം തന്നെ. 

Also Read:- മുഖക്കുരു പരിഹരിക്കാൻ പഴത്തൊലി; അറിയാം ഇക്കാര്യങ്ങള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios