ആകെ 74 എണ്ണം, ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും പെരുമ്പാവൂരിലെ 'ജനനി' ഫ്ലാറ്റിൽ താമസിക്കാൻ ആരുമെത്തിയില്ല
തൊഴിൽ വകുപ്പ് സബ്സിഡിയിൽ ആറ് കോടി രൂപ ചെലവിട്ട് പണി കഴിപ്പിച്ച 74 ഫ്ലാറ്റുകളാണ് ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും ഒഴിഞ്ഞ് കിടക്കുന്നത്
എറണാകുളം: പെരുമ്പാവൂരിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ മൂന്ന് വർഷമായി ഒരൊറ്റ താമസക്കാരെത്തിയില്ല. തൊഴിൽ വകുപ്പ് സബ്സിഡിയിൽ ആറ് കോടി രൂപ ചെലവിട്ട് പണി കഴിപ്പിച്ച 74 ഫ്ലാറ്റുകളാണ് ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും ഒഴിഞ്ഞ് കിടക്കുന്നത്. ലൈഫ് പദ്ധതിയിൽ ഇനിയും പതിനായിരങ്ങൾ കാത്തിരിക്കുമ്പോഴാണ് കോടികൾ ചെലവിട്ട എട്ട് നില കെട്ടിടം ആർക്കും ഗുണമില്ലാതെ നശിക്കുന്നത്.
നാട്ടിൽ ഭവനരഹിതരായ എത്രയോ മനുഷ്യർ. അക്കൂട്ടത്തിലൊരാൾ പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിലെ ഈ കാഴ്ച കണ്ടാൽ സഹിക്കില്ല. രണ്ട് കിടപ്പുമുറി. ലിവിംഗ് കം ഡൈനിംഗ് ഏരിയ. അടുക്കളയും ടോയ്‍ലെറ്റും ഉൾപ്പടെ 645 ചതുരശ്ര വിസ്തീർണ്ണമുള്ള 74 ഫ്ലാറ്റുകൾ. പണി എല്ലാം കഴിഞ്ഞ് 2021ൽ അന്നത്തെ തൊഴിൽ മന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ ഇന്നേ വരെ ഒരു താമസക്കാരൻ പോലും ഇല്ല.
ഉയർന്ന ഭൂമി വില, ബാങ്ക് വായ്പ കിട്ടാനുള്ള പ്രശ്നങ്ങൾ എന്നിവയെല്ലാം കാരണം സ്വന്തമായൊരു വീട് പണിയാനാകാത്ത അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായാണ് തൊഴിൽ വകുപ്പ് പിന്തുണയിൽ ജനനി അപ്പാർട്ട്മെന്റ് പണി കഴിപ്പിച്ചത്. ചിലവ് കൂടിയതോടെ ഒരു ഫ്ലാറ്റിന് 25 ലക്ഷം രൂപ വരെയായി നിരക്ക് ഉയർന്നു. ആദ്യം താത്പര്യം പറഞ്ഞവരെല്ലാം നിരക്ക് കൂടിയതോടെ പിന്മാറി. അതോടെ ജനനി ഫ്ലാറ്റുകൾ അടഞ്ഞ് തന്നെ കിടക്കുന്നു.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റുകൾ ആവശ്യക്കാർക്ക് കൈമാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്നത്തിന് ഉടൻ പരിഹാരമാകുമെന്നാണ് തൊഴിൽ വകുപ്പിന്റെ പ്രതികരണം.
പണമില്ല എന്ന കാരണത്താൽ പഠന യാത്രയിൽ നിന്ന് ഒരു കുട്ടിയെപ്പോലും ഒഴിവാക്കരുത്: മന്ത്രി ശിവൻകുട്ടി