പാനിപ്പൂരി പുറത്ത് നിന്ന് കഴിക്കുന്നതിന് മുൻപ് ഇതറിഞ്ഞോളൂ

പാനിപ്പൂരിയിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് അടുത്തിടെ കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു. 

cancer causing agent found In pani puri samples

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായി അടുത്തിടെയാണ് പാനിപ്പൂരി മാറിയത്. പാനിപ്പൂരിയിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് അടുത്തിടെ കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു. ഗോബി മഞ്ചൂരിയൻ,​ കബാബ് എന്നിവയിൽ സിന്തറ്റിക് നിറങ്ങൾ ചേർക്കുന്നത് നിരോധിച്ചതിന് പിന്നാലെയാണ് പനിപൂരിയ്‌ക്കെതിരെയും നടപടി സ്വീകരിക്കാൻ കർണാടക ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നത്.

ഹാനികരമായ ബാക്ടീരിയ അടങ്ങിയ ഷവർമ വിൽക്കുന്ന റെസ്റ്റോറൻ്റുകൾക്കും ഹോട്ടലുകൾക്കുമെതിരെയും അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗോബി മഞ്ചൂറിയൻ, കോട്ടൺ മിഠായി എന്നിവയിൽ ഹാനികരമായ കളറിംഗ് ഏജൻ്റുകൾ ഉപയോഗിക്കുന്നത് മാർച്ചിൽ സർക്കാർ നിരോധിച്ചിരുന്നു. ഇത്തരം ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ക്യാൻസർ ഉൾപ്പെടെയുള്ള ദീർഘകാല ആരോഗ്യ അപകടങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പരിശോധിച്ച 22 ശതമാനം പാനി പൂരി സാമ്പിളുകളും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി കർണാടകയിലെ എഫ്എസ്എസ്എഐ കണ്ടെത്തി. കർണാടകയിലുടനീളം 260 സാമ്പിളുകൾ ശേഖരിച്ചതിൽ 41 എണ്ണത്തിൽ കൃത്രിമ നിറങ്ങളും ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങളും ഉൾപ്പെടുന്നു. വെജ്, ചിക്കൻ, ഫിഷ് കബാബുകൾ എന്നിവ തയ്യാറാക്കുന്നതിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് FSSAI അടുത്തിടെ നിരോധിച്ചിരുന്നു.

വസ്ത്രങ്ങൾ, പേപ്പർ, പ്രിൻ്റിംഗ്, പ്ലാസ്റ്റിക് എന്നിവയിൽ ഡൈയിംഗ് ചെയ്യുന്ന രാസ നിറമായ റോഡാമൈൻ ബി സർക്കാർ നേരത്തെ നിരോധിച്ചിരുന്നു. ചുവപ്പ്, പിങ്ക് നിറങ്ങൾ നൽകാൻ ഇത് ഉപയോഗിക്കുന്നു. ചായം കടുത്ത വിഷബാധയിലേക്ക് നയിച്ചേക്കാം. രാസവസ്തുവിൻ്റെ സമ്പർക്കം കണ്ണിന് കേടുപാടുകൾ വരുത്തുകയും ശ്വാസകോശ രോ​ഗങ്ങൾക്കും ഇടയാക്കും. 

തെരുവ് ഭക്ഷണത്തിൽ കാണപ്പെടുന്ന രാസവസ്തുക്കൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറുവേദന, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകും. Brilliant Blue FCF അല്ലെങ്കിൽ FD&C Blue No. 1 അല്ലെങ്കിൽ E133 എന്ന് വിളിക്കപ്പെടുന്ന  രാസവസ്തു ഭക്ഷണങ്ങളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും പലപ്പോഴും ഉപയോഗിക്കുന്ന ഒരു സിന്തറ്റിക് ഡൈയാണ്. 

അമിതമായ ഉപഭോഗം കുട്ടികളിൽ ചർമ്മ അലർജി, ദഹന പ്രശ്നങ്ങൾ, ഹൈപ്പർ ആക്ടിവിറ്റി എന്നിവയ്ക്ക് കാരണമാകും. സൺസെറ്റ് യെല്ലോ എന്ന് വിളിക്കപ്പെടുന്ന മറ്റൊരു സിന്തറ്റിക് ഫുഡ് ഡൈ, ചർമ്മത്തിൽ തിണർപ്പ്, ചൊറിച്ചിൽ എന്നിവ ഉൾപ്പെടെയുള്ള അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമായേക്കാം. ഇത് കുട്ടികളിലെ ഹൈപ്പർ ആക്ടിവിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു‌. മാത്രമല്ല ഉയർന്ന അളവിൽ ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യും. 

പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള സിന്തറ്റിക് യെല്ലോ ഡൈയായ ടാർട്രാസൈൻ ഭക്ഷണപാനീയങ്ങൾ കാഴ്ചയിൽ കൂടുതൽ ആകർഷകമാക്കാൻ ഉപയോഗിക്കുന്നു. ഇത് അലർജി, ആസ്ത്മ, ചർമ്മ തിണർപ്പ് എന്നിവയ്ക്ക് കാരണമാകും.

ബംഗളൂരു നഗരപരിധി എന്നിവിടങ്ങളിലെ ഹോട്ടലുകൾ ഉൾപ്പെടെ 10 ജില്ലകളിലെ ഷവർമ സാമ്പിളുകൾ കർണാടക ഭക്ഷ്യവകുപ്പ് അധികൃതർ ശേഖരിച്ചു. ഉപഭോക്താക്കളെ അപകടത്തിലാക്കുന്ന എട്ട് സാമ്പിളുകളിൽ ബാക്ടീരിയയും യീസ്റ്റ് അംശങ്ങളും അവർ കണ്ടെത്തി. ഷവർമയിൽ ബാക്ടീരിയയും യീസ്റ്റും കലരാൻ കാരണം മാംസം തയ്യാറാക്കുന്നതിലും കൂടുതൽ നേരം സൂക്ഷിക്കുന്നതിലും വേണ്ടത്ര വൃത്തിയില്ലായ്മയാണ് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.

ശുചിത്വം ഉറപ്പാക്കുക

നേരത്തേ ഉണ്ടാക്കിവച്ച കൂട്ടും പാനീയങ്ങളുമാണ് പാനി പൂരിയിലെ ചേരുവകൾ. ഭക്ഷ്യവസ്തുക്കൾ പഴകുമ്പോൾ വളരുന്ന സാൽമൊണല്ല, സ്റ്റെഫല്ലോകോക്കസ് തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിധ്യം പലപ്പോഴും ഇത്തരം ഭക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. സൂക്ഷ്മതയോടെയും ശുചിത്വത്തോടെയും തയാറാക്കുന്നില്ലെങ്കിൽ മാരക ഭക്ഷ്യവിഷബാധയ്ക്ക് പാനി പൂരി കാരണമാകും. അതിനാൽ ഇവ കഴിക്കും മുൻപ്, ചുറ്റുപാടുകളുടെയും ഉണ്ടാക്കുന്നവരുടെയും ശുചിത്വം ഉറപ്പാക്കുക.

എന്താണ് സൂനോട്ടിക് രോ​ഗം ? അറിയേണ്ടതെല്ലാം


 

Latest Videos
Follow Us:
Download App:
  • android
  • ios