World Chocolate Day 2024 ; ഈ ചോക്ലേറ്റ് ദിനത്തിൽ ഒരു കിടിലൻ ഐറ്റം തയ്യാറാക്കിയാലോ?
എളുപ്പത്തിൽ ഉണ്ടാക്കാം ഹെൽത്തി ആയിട്ടുള്ള ചോക്ലേറ്റ് എനർജി ബാർസ്. നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഇന്ന് ജൂലെെ ഏഴ്. ലോക ചോക്ലേറ്റ് ദിനം. കുട്ടികൾക്കും മുതിർന്നവർക്കും ചോക്ലേറ്റ് പ്രേമികൾക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന എനർജി ബാർസ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.
വേണ്ട ചേരുവകൾ
- ഈന്തപഴം കുരുകളഞ്ഞത് 300 ഗ്രാം
- കശുവണ്ടി കഷ്ണങ്ങൾ ആക്കിയത് 100 ഗ്രാം
- ഡാർക്ക് ചോക്ലേറ്റ് 100 ഗ്രാം
- ബട്ടർ 1½
- caramelized nuts മുകളിൽ വിതറുന്നതിന് (നിർബന്ധമല്ല)
തയ്യാറാക്കുന്ന വിധം:-
ഈന്തപ്പഴം കുരു കളഞ്ഞശേഷം മിക്സിയിൽ അടിച്ചെടുക്കുക. ഇത് മാറ്റിവച്ച ശേഷം കശുവണ്ടി വെണ്ണയിൽ രണ്ടു മിനിറ്റ് നേരം റോസ്റ്റ് ചെയ്ത് എടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി. അതേ പാനിൽ വെണ്ണയും ചോക്ലേറ്റും ഉരുക്കി എടുക്കുക. ചോക്ലേറ്റ് ഉരുകി കഴിഞ്ഞാൽ അതിലേക്ക് നേരത്തെ മിക്സിയിൽ അടിച്ചു വെച്ച ഈന്തപ്പഴം ചേർത്ത് രണ്ടുമൂന്നു മിനിറ്റ് നേരം കുറഞ്ഞ തീയിൽ ഇളക്കി കൊടുക്കുക. ഇതിലേക്ക് റോസ്റ്റ് ചെയ്ത് വെച്ച കശുവണ്ടി കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കണം. ഈ മിശ്രിതം ചെറുതായി തണുത്തു കഴിഞ്ഞാൽ ഒരു ബട്ടർ പേപ്പറിലേക്ക് മാറ്റാം. ഇതിനുമുകളിൽ മറ്റൊരു ബട്ടർ പേപ്പർ വച്ചശേഷം ഒരു സെൻറീമീറ്റർ കനത്തിൽ ഇത് പരത്തി എടുക്കണം. ഇനി മുകളിലുള്ള ബട്ടർ പേപ്പർ മാറ്റിയശേഷം കുറച്ചു പ്രാലൈൻസ് വിതറി കൊടുക്കാം. ഇതൊരു സ്പൂൺ വച്ച് ചെറുതായി അമർത്തി കൊടുത്ത ശേഷം അതേ ബട്ടർ പേപ്പറിൽ തന്നെ പൊതിഞ്ഞ് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കാം. അതിനുശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു ഉപയോഗിക്കാം.
caramelized nuts തയ്യാറാക്കുന്ന വിധം:-
½ കപ്പ് പഞ്ചസാര 1 ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് മീഡിയം തീയിൽ ഉരുക്കിയെടുക്കുക. ഉരുകി തുടങ്ങുമ്പോൾ തീ കുറച്ച് മുഴുവൻ ഉരുക്കിയ ശേഷം കഷ്ണങ്ങളാക്കിയ കശുവണ്ടിയും 1 ടേബിൾസ്പൂൺ ബട്ടറും ചേർത്ത് 1 മിനിറ്റ് നേരം മിക്സ് ചെയ്യുക. ബട്ടർ പേപ്പറിലോ പാത്രത്തിലേക്കോ ഒഴിച്ച് തണുത്ത ശേഷം ചെറിയ കഷ്ണങ്ങളാക്കി പൊടിച്ചെടുക്കുക.