നമ്പര്‍ പ്ലേറ്റില്ല, രൂപം മാറ്റി; മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര
ദൃശ്യങ്ങൾ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വയനാട് പനമരത്ത് നിന്നുള്ളതാണ് ദൃശ്യങ്ങളാണ് ആകാശ് തില്ലങ്കേരി സാമൂഹിക മാധ്യമങ്ങളിലിട്ടത്.
വയനാട്: മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരിയുടെ യാത്ര. വയനാട്ടിൽ യാത്ര നടത്തുന്ന ദൃശ്യങ്ങൾ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
വയനാട് പനമരത്ത് നിന്നുള്ളതാണ് ദൃശ്യങ്ങൾ. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ സിനിമാ ഡയലോഗുകൾ അടക്കം ചേർത്താണ് ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ആകാശ് തില്ലങ്കേരി ഉപയോഗിച്ച ജീപ്പ് ഇയാളുടേതല്ല എന്ന വിവരവും ഇതിനോടകം പുറത്ത് വന്നു. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനറേതാണ് വാഹനം. നേരത്തെയും നിരവധി നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായ വാഹനമാണിത്.
സാമൂഹിക മാധ്യമങ്ങളിലടക്കം നടത്തി പരിശോധനയിലാണ് വാഹനം തിരിച്ചറിഞ്ഞത്. 2021, 2023 വർഷങ്ങളിലും ഇതേ വാഹനം വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയിരുന്നു. KL 10 BB 3724 എന്ന ജീപ്പാണിത്. വാഹനത്തിന്‍റെ രജിസ്ട്രഷൻ നമ്പർ ആകാശ് തില്ലങ്കേരി ഓടിച്ച സമയത്ത് പ്രദർശിപ്പിച്ചിരുന്നില്ല. കേസ് മലപ്പുറം ആർടിഒയ്ക്ക് കൈമാറും. വാഹനത്തിന്‍റെ ആർസി സസ്പെന്‍റ് ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ക്ക് വയനാട് മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്യും.