ഉറക്കം ശരിയാകുന്നില്ലേ? രാത്രി കഴിക്കാം ഈ ഒരൊറ്റ ഭക്ഷണം...
ഉറക്കക്കുറവിന്‍റെ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്തേണ്ടത് പ്രധാനമാണ്. ചില ഭക്ഷണങ്ങള്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
രാത്രി നന്നായി ഉറക്കം കിട്ടിയില്ലെങ്കില്‍ അത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. ഉറക്കക്കുറവിന്‍റെ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്തേണ്ടത് പ്രധാനമാണ്. ചില ഭക്ഷണങ്ങള്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഒരു നട്സാണ് ബദാം.
മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതിനാല്‍ രാത്രി കുറച്ച് ബദാം കഴിക്കുന്നത് ഉറക്കത്തിന് സഹായിക്കും.
നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ അടങ്ങിയ ബദാം കഴിക്കുന്നത് ഒരു ദിവസത്തെ പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. കുതിർത്ത ബദാം രാവിലെ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും ബദാം സഹായിക്കും. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കാനും ഗുണം ചെയ്യും. ഫൈബറും പ്രോട്ടീനും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. ബദാമിലെ വിറ്റാമിൻ ഇ നിങ്ങളുടെ ചർമ്മത്തെ മിനുസമാർന്നതും മൃദുലവുമാക്കും.
ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.