കേരളം ഞെട്ടലോടെ കേട്ട കുസാറ്റ് ദുരന്തത്തിന് ഇന്ന് ഒരു വർഷം; കുറ്റക്കാർക്കെതിരെ ഇപ്പോഴും നടപടി ഉണ്ടായിട്ടില്ല

നാലു വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കുസാറ്റ് ദുരന്തത്തിന് ഇന്ന് ഒരുവയസ്. അന്വേഷണങ്ങൾ പലത് നടന്നെങ്കിലും കുറ്റക്കാർക്കെതിരെ ഇപ്പോഴും നടപടിയുണ്ടായിട്ടില്ല.

one year completed  cusat tragedy kochi four students died

കൊച്ചി: നാലു വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കുസാറ്റ് ദുരന്തത്തിന് ഇന്ന് ഒരുവയസ്. അന്വേഷണങ്ങൾ പലത് നടന്നെങ്കിലും കുറ്റക്കാർക്കെതിരെ ഇപ്പോഴും നടപടിയുണ്ടായിട്ടില്ല. കേരളം ഞെട്ടലോടെ കേട്ട അപകടത്തിനിടയാക്കിയ ഓപ്പണ്‍ എയർ ഓഡിറ്റോറിയവും ആളനക്കമില്ലാതെ പഴയ അവസ്ഥയിൽ തന്നെ.

നവംബറിലെ ആ വൈകുന്നേരം ആഘോഷത്തിന്റേതായിരുന്നു. ബോളിവുഡ് ഗായിക നികിത ഗാന്ധിയെ കേൾക്കാൻ തടിച്ചു കൂടിയത് 1500 ലധികം പേരാണ്. ഓപ്പണ്‍ ഓഡിറ്റോറിയത്തിലെ ആരവം കേട്ട് പുറത്ത് നിന്ന് വിദ്യാര്‍ത്ഥികളുള്‍പ്പെടെ തള്ളിക്കയറി. ചാറ്റൽ മഴകൂടി എത്തിയതോടെ കൂടുതൽ പേർ അകത്തേയ്ക്ക് കയറാന്‍ ശ്രമിച്ചു. തിക്കിലും തിരക്കിലും പെട്ട് പലരും പടികെട്ടിൽ വീണു. ഒടുവില്‍ ഏഴ് മണിയോടെ ആ ദുരന്ത വാർത്തയെത്തി. നാലു ജീവനാണ് ഈ ദുരന്തത്തിൽ പൊലിഞ്ഞത്. 

അശാസ്ത്രീയമായ നിർമ്മാണമെന്ന് പണ്ടേ പഴി കേട്ടതാണ് കുസാറ്റിലെ ഓപ്പണ്‍ എയർ ഓഡിറ്റോറിയം. വീതിയില്ലാത്ത കുത്തനെയുളള പടിക്കെട്ടുകളാണിവിടെ. ഓഡിറ്റോറിയത്തിലേക്ക് അടിയന്തര സാഹചര്യത്തിൽ  വാഹനങ്ങൾ എത്തുന്നതും ദുഷ്ക്കരമാണ്. അപകടത്തിന് പിന്നാലെ ഓഡിറ്റോറിയം അടച്ചു. ഒരു വർഷം പിന്നിട്ടപ്പോഴും ഓഡിറ്റോറിയം ഇപ്പോഴും പഴയപടി തന്നെ.

അപകടത്തിനു പിന്നാലെ മുറ പോലെ അന്വേഷണങ്ങൾ നടന്നു. പരിപാടി കുസാറ്റിലെ രജിസ്റ്റാർ ഓഫീസ് പൊലീസിനെ അറിയിച്ചില്ലെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. കുട്ടികൾ സംഘടിപ്പിച്ച ഗാനമേള അറിയിച്ചില്ലെന്ന് സർവകലാശാലയും പറഞ്ഞു. ഡെപ്യൂട്ടി രജിസ്റ്റാറെ സ്ഥലം മാറ്റി. അന്വേഷണ വിധേയമായി പ്രിൻസിപ്പാലിനെയും ചുമതലയിൽ നിന്ന് മാറ്റി. 
എന്നാൽ പോലീസ് അന്വേഷണം ഇപ്പോഴും പാതിവഴിയിൽ തന്നെയാണ്.

ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും ഇപ്പോഴും കോടതിയുടെ പരിഗണനയിൽ തന്നെ. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ  അഞ്ച് ലക്ഷം രൂപ  ധനസഹായം അനുവദിച്ചു.  പക്ഷെ കേരളം അന്നേവരെ കാണാത്ത ദുരന്തം ബാക്കി വയ്ക്കുന്ന ചോദ്യങ്ങൾ പലതാണ്. ക്യാമ്പസുകളിൽ തുടരുന്ന ആഘോഷങ്ങളിൽ എത്രത്തോളമുണ്ട് സുരക്ഷ? ഇനിയൊരു കുസാറ്റ് ആവർത്തിക്കാതിരിക്കാൻ സർക്കാർ എന്തു ചെയ്തു?

Latest Videos
Follow Us:
Download App:
  • android
  • ios