കാലം മാറി, പരിശീലനം മാറി; എംബാപ്പെയുടെ അസിസ്റ്റില്‍ റോബോട്ടിന്‍റെ ബുള്ളറ്റ് ഗോള്‍! വീഡിയോ വൈറല്‍- Fact Check
എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കിലും എക്‌സിലും നിരവധി പേര്‍ ഷെയര്‍ ചെയ്യുന്നത്
പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ അസിസ്റ്റില്‍ റോബോട്ടിന്‍റെ ബുള്ളറ്റ് ഗോള്‍. അതിന് ശേഷം എംബാപ്പെ ശൈലിയില്‍ കൈകള്‍ കെട്ടി റോബോട്ടിന്‍റെ ഗോള്‍ ആഘോഷം. ഫേസ്‌ബുക്കിലും ട്വിറ്ററിലുമെല്ലാം വൈറലായിരിക്കുകയാണ് ഈ വീഡിയോ. റോബോട്ട് വില്‍പനയ്‌ക്ക് എന്ന തലക്കെട്ടിലാണ് ഒരാള്‍ ഫേസ്‌ബുക്കില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സത്യത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നോ, കിലിയന്‍ എംബാപ്പെയുടെ അസിസ്റ്റില്‍ റോബോട്ട് തകര്‍പ്പന്‍ ഫിനിഷിലൂടെ വലകുലുക്കിയോ?
പ്രചാരണം
എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കിലും എക്‌സിലും (ട്വിറ്റര്‍) നിരവധി പേര്‍ ഷെയര്‍ ചെയ്യുന്നത്. എംബാപ്പെ റോബോട്ടിനൊപ്പം പരിശീലനം നടത്തുന്നു എന്ന ടൈറ്റിലോടെയാണ് ഗാതി എന്നൊരു യൂസര്‍ വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. എംബാപ്പെയുടെ പാസില്‍ റോബോട്ട് ഗോള്‍ നേടുന്നതും ഇരുവരും ആഘോഷിക്കുന്നതും വീഡിയോയിലുണ്ട്. സെപ്റ്റംബര്‍ ആദ്യ വാരം മുതല്‍ ഈ വീഡിയോ നിരവധി ഫുട്ബോള്‍ പ്രേമികളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
വസ്‌തുത
എന്നാല്‍ ഈ വീഡിയോ കൃത്രിമമായി നിര്‍മിച്ചതാണ് എന്നതാണ് യാഥാര്‍ഥ്യം. എംബാപ്പെ പാസ് കൊടുക്കുന്നത് ഒരു മനുഷ്യനാണ് എങ്കിലും ആ സ്ഥാനത്ത് റോബോട്ടിനെ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്‍റെ ഒറിജിനല്‍ വീഡിയോ 2022 ജൂണ്‍ 5ന് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തതായി കാണാം. ഇതില്‍ ഗോളടിക്കുന്ന താരം പന്ത് വലയിലാക്കിയ ശേഷം എംബാപ്പെയുടെ ശൈലിയില്‍ ഗോളാഘോഷം നടത്തുന്നത് കാണാം. ഈ താരത്തിന്‍റെ സ്ഥാനത്ത് റോബോട്ടിനെ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് വൈറല്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. റോബോട്ടിനെ ആശ്ലേഷിക്കുന്ന സമയത്ത് എംബാപ്പെയുടെ കൈയുടെ ഭാഗം മാഞ്ഞുപോയിരിക്കുന്നത് വീഡിയോയില്‍ ശ്രദ്ധിച്ച് നോക്കിയാല്‍ കാണാം.
ഒറിജിനല്‍ വീഡിയോ ചുവടെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം