Fact Check: ക്രിക്കറ്റ് ലോകകപ്പ് വേദികളിലൊന്ന് ഇത്ര 'പൊളി'യായിരുന്നോ! വര്‍ണാഭമായ വീഡിയോ പൊളിഞ്ഞു

ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയത്തിന്‍റെ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത് കാനഡയിലുള്ള ഒരു സ്റ്റേഡിയത്തിന്‍റെ വീഡിയോയാണ്

Video of Rogers Centre from Canada is falsely shared as Ekana Cricket Stadium in Lucknow jje

ലഖ്‌നൗ: ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക സ്റ്റേഡിയങ്ങളിലൊന്നാണ് ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം. അഞ്ച് മത്സരങ്ങളാണ് ലോകകപ്പില്‍ ഇവിടെ വച്ച് നടക്കുന്നത്. ഏകനാ സ്റ്റേഡിയത്തെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പ്രചാരണം സജീവമാണ്. മഴ പെയ്‌താല്‍ പൂര്‍ണമായും മേല്‍ക്കൂര അടയ്‌ക്കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യ ഹൈടെക് സ്റ്റേഡിയമാണ് ഏകനാ എന്നാണ് വീഡിയോ സഹിതമുള്ള ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോയിലെ സ്റ്റേഡിയം ഇന്ത്യയില്‍ പോലുമല്ല എന്നതാണ് അമ്പരപ്പിക്കുന്ന വസ്‌തുത

പ്രചാരണം 

Video of Rogers Centre from Canada is falsely shared as Ekana Cricket Stadium in Lucknow jje

'ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ അഖിലേഷ് യാദവാണ് ഏകനാ സ്റ്റേഡിയം പണികഴിപ്പിച്ചത്. മഴ മത്സരം തടസപ്പെടുത്താത്ത തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ ഹൈടെക് സ്റ്റേഡിയമാണിത്' എന്നുമാണ് റിങ്കു യാദവ് എന്നയാള്‍ 2023 ഒക്ടോബര്‍ 26-ാം തിയതി ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 9 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സഹിതമാണ് എഫ്‌ബി പോസ്റ്റ്. സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂരകള്‍ അടയുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. 

വസ്‌തുതാ പരിശോധന

വീഡിയോ എവിടെ നിന്നുള്ളതാണ് എന്ന് മനസിലാക്കാന്‍ ഫ്രെയിമുകള്‍ ആദ്യം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഇതില്‍ ലഭിച്ച ആദ്യ ഫലങ്ങളിലൊന്ന് 2023 ജൂണ്‍ 20ന് യൂട്യൂബില്‍ Michael Nguyen എന്നയാള്‍ അപ്‌ലോഡ് ചെയ്‌ത വീഡിയോയാണ്. Timelapse of the SkyDome / Rogers Dome roof closing എന്നാണ് ഈ വീഡിയോയുടെ തലക്കെട്ട്. സ്റ്റേഡിയത്തില്‍ റോജേര്‍സ് സെന്‍റര്‍ എന്ന് എഴുതിയിരിക്കുന്നതും കാണാം. ഈ സൂചന വച്ച് എന്താണ് റോജേര്‍സ് സെന്‍റര്‍ എന്ന് ഗൂഗിളില്‍ പരതിയപ്പോള്‍ കാനഡയിലെ ടോറോണ്ടോയിലുള്ള മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയമാണ് ഇതെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. മൈതാനത്തെ പൂര്‍ണമായും കവര്‍ ചെയ്യുന്ന റൂഫ് സംവിധാനമുള്ള സ്റ്റേഡിയമാണിത് ഇതെന്ന് വിശദ പരിശോധനയില്‍ അറിയാനായി.

ഏകനാ സ്റ്റേഡിയം എന്നുപറഞ്ഞ് പ്രചരിക്കുന്ന വീഡിയോ സൂം ചെയ്‌ത് നോക്കിയപ്പോഴും റോജേര്‍സ് സെന്‍റര്‍ എന്ന എഴുത്ത് കാണാനായി. ഇതോടെ ഇരു വീഡിയോകളും ഒരേ സ്റ്റേഡിയത്തെ കുറിച്ചുള്ളതാണ് എന്ന് ഉറപ്പായി. ഇരു വീഡിയോകള്‍ക്കും 9 സെക്കന്‍ഡാണ് ദൈര്‍ഘ്യം എന്നതും സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂര അടയുന്നതാണ് ദൃശ്യത്തിലുള്ളത് എന്നതും സമീപത്തുള്ള ഉയരമേറിയ ഒരു ടവര്‍ അവസാന സെക്കന്‍ഡില്‍ കാണിക്കുന്നുണ്ട് എന്നതും രണ്ട് ദൃശ്യങ്ങളും സമാനമാണ് എന്ന് മനസിലാക്കാന്‍ സഹായിച്ചു. 

അതേസമയം ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയത്തിന്‍റെ ചിത്രം സ്റ്റോക് ഫോട്ടോ ഏജന്‍സിയായ ഗെറ്റി ഇമേജസില്‍ പരിശോധിച്ചപ്പോള്‍ ഏകനാ സ്റ്റേഡ‍ിയത്തിന് റൂഫുകളില്ല എന്നും ബോധ്യപ്പെട്ടു. ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയത്തിന്‍റെ ചിത്രം ചുവടെ. 

Video of Rogers Centre from Canada is falsely shared as Ekana Cricket Stadium in Lucknow jje

നിഗമനം

ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയത്തിന്‍റെ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത് കാനഡയിലുള്ള ഒരു സ്റ്റേഡിയത്തിന്‍റെ വീഡിയോയാണ്. ഈ ദൃശ്യത്തില്‍ കാണുന്നത് പോലെ സ്റ്റേഡിയം പൂര്‍ണമായും മൂടുന്ന മേല്‍ക്കൂര ഏകനാ സ്റ്റേഡിയത്തിന് ഇല്ല. 

Read more: Fact Check: കോട്ടയം നാലുമണിക്കാറ്റില്‍ റോഡിനോളം വലിയ പെരുമ്പാമ്പ്? വീഡിയോ വൈറല്‍; സത്യമിത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios