കര്‍ഷകന് നേരെ പാഞ്ഞടുത്ത് സൈബീരിയന്‍ കടുവ, വഴി മുടക്കി ഗേറ്റ്; വീഡിയോ വൈറല്‍
തന്‍റെ ഫാമിന് പുറത്ത് നില്‍ക്കുന്ന ഷാവോ പെട്ടെന്ന് എന്തോ കണ്ട് അകത്ത് കയറുകയും ഫാമിന്‍റെ ഇരുമ്പ് ഗേറ്റ് അടയ്ക്കുന്നതും വീഡിയോയില്‍ കാണാം. അപ്രതീക്ഷിതമായി കൂറ്റനൊരു സൈബീരിയന്‍ കടുവ അദ്ദേഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
ചൈനയിലെ ഹീലോങ്‌ജിയാങ് പ്രവിശ്യയിൽ തന്‍റെ ഫാമിന് മുന്നില്‍ ഉലാത്തുകയായിരുന്ന കര്‍ഷകന് നേരെ പാഞ്ഞടുത്തത് കൂറ്റന്‍ സൈബീരിയന്‍ കടുവ. അപ്രതീക്ഷിതമായി കടുവ പാഞ്ഞടുത്തപ്പോള്‍ നാടകീയമായ നിമിഷങ്ങളായിരുന്നു സംഭവിച്ചത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഏറെ പേരുടെ ശ്രദ്ധനേടി. അടുത്തിടെയായി പ്രദേശത്ത് സൈബീരിയന്‍ കടുവകളുടെ ആക്രമണം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ കർഷകനായ ഷാവോയെ (65) ശാരീരികാസ്ഥസ്ഥകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ നവംബര്‍ 16 -നായിരുന്നു സംഭവം. വീഡിയോയില്‍ തന്‍റെ ഫാമിന് പുറത്ത് നില്‍ക്കുന്ന ഷാവോ പെട്ടെന്ന് എന്തോ കണ്ട് അകത്ത് കയറുകയും ഫാമിന്‍റെ ഇരുമ്പ് ഗേറ്റ് അടയ്ക്കുന്നതും വീഡിയോയില്‍ കാണാം. തൊട്ടടുത്ത നിമിഷം ഒരു കൂറ്റന്‍ സൈബീരിയന്‍ കടുവ അദ്ദേഹത്തിന് നേര്‍ക്ക് ഓടിവരികയും ഇരുമ്പ് ഗേറ്റില്‍ ഇടിക്കുകയും ചെയ്യുന്നു. ഈ സമയം ഇരുമ്പ് ഗേറ്റിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുന്നു. ഇതിനിടെ ഷാവോ ഓടി മറയുന്നതും കാണാം. ഇരയ്ക്ക് നേരെയുള്ള ഓട്ടത്തിനിടെ അപ്രതീക്ഷിതമായി ഇരുമ്പ് ഗേറ്റില്‍ ഇടിച്ചതോടെ കടുവ പിന്മാറുന്നതും ഫാമിന് മുന്നില്‍ സ്ഥാപിച്ച സിസിടിവി വീഡിയോയില്‍ കാണാം.
12,000 വർഷം മുമ്പ് ചക്രങ്ങള്‍? ഇസ്രയേലില്‍ നിന്നുള്ള കണ്ടെത്തല്‍ മനുഷ്യ ചരിത്രം തിരുത്തി കുറിക്കുമോ?
പ്രദേശത്ത് രണ്ട് കടുവകളുണ്ടെന്ന് ഷാവോയുടെ മകന്‍ അറിയിച്ചെങ്കിലും ഇവയെ പിടികൂടിയതായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കടുവയെ കാണുകയാണെങ്കില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സൈബീരിയൻ കടുവകൾ സാധാരണയായി കൂടുതൽ സജീവമാക്കുന്ന അതിരാവിലെയും സന്ധ്യാസമയത്തും കര്‍ഷകരുടെ മൃഗങ്ങളെ സംരക്ഷിക്കാനും പട്രോളിംഗ് സംഘടിപ്പിക്കാനും ജാഗ്രത പാലിക്കാനും പ്രദേശവാസികളോട് അഭ്യർത്ഥിക്കുന്ന അറിയിപ്പുകളും അധികൃതർ വിതരണം ചെയ്തു. 'സൈബീരിയൻ കടുവകൾക്ക് മനുഷ്യരുമായി സഹവസിക്കാൻ കഴിയും, അവ സാധാരണയായി ആക്രമണകാരികളല്ല.' എന്നാണ് അധികൃതരുടെ പക്ഷം. അതേസമയം അവയുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നതായി റോയ്റ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.