പെര്‍ത്തില്‍ വീണ്ടും'കിംഗ്' ആയി വിരാട് കോലി, സെഞ്ചുറി; ഓസീസിന് 534 റണ്‍സ് വിജയലക്ഷ്യം
143 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും പറത്തിയ കോലി 100 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ രണ്ടാം ഇന്നിംഗ്സ് 487-6ൽ ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിന് മുന്നില്‍ 534 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ചു.
പെര്‍ത്ത്: സെഞ്ചുറി വരള്‍ച്ചക്കും റണ്‍വരള്‍ച്ചക്കും വിരാമമിട്ട് പെര്‍ത്തില്‍ വിരാട് കോലിക്ക് 30-ാം സെഞ്ചുറി. 143 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും പറത്തിയ കോലി 100 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ രണ്ടാം ഇന്നിംഗ്സ് 487-6ൽ ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിന് മുന്നില്‍ 534 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. 27 പന്തില്‍ 38 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും കോലിക്കൊപ്പം പുറത്താകാതെ നിന്നു. നേരത്തെ യശസ്വി ജയ്സ്വാളിന്‍റെ നാലാം ടെസ്റ്റ് സെഞ്ചുറിയാണ്(161) ഇന്ത്യക്ക് മികച്ച സ്കോറിനുള്ള അടിത്തറയിട്ടത്.
വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രിസീലിറങ്ങിയ ഇന്ത്യ ചായക്ക് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന നിലയിലായിരുന്നു. ചായക്കുശേഷമുള്ള ഒന്നര മണിക്കൂറില്‍ അതിവേഗം സ്കോര്‍ ചെയ്ത കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. കെ എല്‍ രാഹുല്‍(77), ദേവ്ദത്ത് പടിക്കല്‍(25), യശസ്വി ജയ്സ്വാള്‍(161), റിഷഭ് പന്ത്(1), ധ്രുവ് ജുറെല്‍(1), വാഷിംഗ്ടണ്‍ സുന്ദര്‍(29) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
THE HISTORIC MOMENT. 🇮🇳
— Mufaddal Vohra (@mufaddal_vohra) November 24, 2024
- Virat Kohli with his 81st Century. 🐐pic.twitter.com/xzQmMz0XLp
ആദ്യ സെഷനില്‍ 77 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് രണ്ടാം സെഷനിലെ ആദ്യ പന്തില്‍ തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ(25) നഷ്ടമായിരുന്നു. ജോഷ് ഹേസല്‍വുഡാണ് പടിക്കലിന സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്‍റെ കൈകളിലെത്തിച്ചത്. വിരാ് കോലിയും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ഇന്ത്യയെ 300 കടത്തിയതിന് പിന്നാലെ 161 റണ്‍സെടുത്ത ജയ്സ്വാളിനെ മിച്ചല്‍ മാര്‍ഷ് പുറത്താക്കി.
ഒരൊറ്റ സെഞ്ചുറി, ഒരുപിടി റെക്കോര്‍ഡുകള്‍; ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി യശസ്വി ജയ്‌സ്വാളും
പിന്നീട് ഇന്ത്യക്ക് എട്ട് റണ്‍സ് കൂടി എടുക്കുന്നതിനിടെ റിഷഭ് പന്തിന്‍റെയും ധ്രുവ് ജുറെലിന്‍റെയും വിക്കറ്റുകള്‍ നഷ്ടമായി. നാലു പന്തില്‍ ഒരു റണ്ണെടുത്ത റിഷഭ് പന്തിനെ ലിയോണിന്‍റെ പന്തില്‍ അലക്സ് ക്യാരി സ്റ്റംപ് ചെയ്തപ്പോള്‍ ആറ് പന്തില്‍ ഒരു റണ്ണെടുത്ത ജുറെലിനെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ 313-2ല്‍ നിന്ന് 321-5ലേക്ക് ഇന്ത്യ വീണെങ്കിലും കോലിയും സുന്ദറും(29) പിടിച്ചു നിന്നതോടെ ഇന്ത്യൻ ലീഡ് 400 കടന്നു. നിതീഷിന്‍റെ ബാറ്റിംഗ് വെടിക്കെട്ട് കൂടിയായപ്പോള്‍(27 പന്തില്‍ 38*) ഇന്ത്യൻ ലീഡ് അതിവേഗം 500 കടന്നു. നേരത്തെ ആദ്യ സെഷനില്‍ 201 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിനൊടുവില്‍ കെ എല്‍ രാഹുലിനെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക